- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിലവിലുള്ള 19 സീറ്റ് 13വരെയായി കുറയും; എൽഡിഎഫ് അധികാരത്തിൽ എത്തിയാൽ 76നും 82നും ഇടയിൽ മാത്രം സീറ്റുകൾ; യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ വിലയിരുത്തി സിപിഐ നേതൃത്വവും; എൽഡിഎഫിന്റെ തുടർഭരണ മോഹങ്ങൾ ദുർബ്ബലമാകുന്നത് ഇങ്ങനെ
തിരുവനന്തപുരം: പോരാട്ടം കടുത്തതാണെന്ന സൂചനയുമായി സിപിഐയുടെ വിലയിരുത്തലുകൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ 76-82 സീറ്റ് നേടി എൽഡിഎഫ് അധികാരം നിലനിർത്തുമെന്നു സിപിഐയുടെ വിലയിരുത്തൽ. സിപിഐക്കു കുറഞ്ഞത് 13 സീറ്റ് ലഭിക്കുമെന്നും അത് 16 വരെ ആകാമെന്നുമാണു കണക്ക്. എന്നാൽ ഇത് റിപ്പോർട്ടിലുള്ള വിവരങ്ങളാണ്. 13 സീറ്റിലും കുറവ് സിപിഐയ്ക്കുണ്ടാകുമെന്ന അനൗദ്യോഗിക വിലയിരുത്തലും സിപിഐയ്ക്കുള്ളിലുണ്ട്. ഭരണ തുടർച്ചയ്ക്കുള്ള സാധ്യത വിരളമാണെന്നാണ് അവരുടെ യഥാർത്ഥ വിലയിരുത്തൽ.
മണ്ഡലം, ജില്ലാ കമ്മിറ്റികളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നേതൃത്വത്തിന്റെ ഈ വിലയിരുത്തൽ. ഔദ്യോഗിക വിശകലനത്തിനായി നിർവാഹക സമിതി യോഗം നാളെ ചേരും. സിപിഐയ്ക്ക് കനത്ത തിരിച്ചടി നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്, സ്ഥാനാർത്ഥി നിർണ്ണയത്തിലെ പോരായ്മയാണ് ഇതിന് കാരണമെന്നാണ് നിഗമനം. പ്രമുഖരെ മത്സരിപ്പിക്കാത്തത് തിരിച്ചടിയായെന്നും കരുതുന്നു. സിപിഎമ്മിനും അത്ര നല്ല സമയമായിരുന്നില്ല പോരാട്ട കാലത്ത്. അതുകൊണ്ട് കൂടിയാണ് ഭരണ തുടർച്ചയിൽ സംശയം സിപിഐ പ്രകടിപ്പിക്കുന്നത്.
കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ചു 19 സീറ്റ് ലഭിച്ചിരുന്നു. സമീപകാലത്തെ പാർട്ടിയുടെ ഏറ്റവും മെച്ചപ്പെട്ട പ്രകടനമായിരുന്നു അത്. ഇത്തവണ അത് ആവർത്തിക്കുമെന്ന പ്രതീക്ഷയില്ല. 2016 ലെ 91 സീറ്റ് പ്രകടനം ഇത്തവണ ഇടതു മുന്നണിക്ക് ഉണ്ടാകില്ലെന്നും ചെറിയ ഭൂരിപക്ഷത്തോടെ ജയിക്കാമെന്നുമാണ് സിപിഐയുടെ വിശകലനം. ഇത്തവണ 25 സീറ്റിലാണു സിപിഐ മത്സരിച്ചത്.
ഒല്ലൂർ, നാട്ടിക, കൊടുങ്ങല്ലൂർ, കയ്പമംഗലം, പുനലൂർ, ചടയമംഗലം, ചാത്തന്നൂർ, ചിറയിൻകീഴ്, അടൂർ, ചേർത്തല, വൈക്കം, നാദാപുരം, കാഞ്ഞങ്ങാട് എന്നിവയാണ് ഉറച്ച വിജയമെന്നു സിപിഐ കണക്കുകൂട്ടുന്ന സീറ്റുകൾ. തൃശൂർ ജില്ലയിലെ 5 സിറ്റിങ് സീറ്റുകളിൽ തൃശൂർ നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയില്ല. ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി കാര്യമായി വോട്ടു പിടിച്ചാൽ പക്ഷേ സ്ഥിതി മാറാം.
നെടുമങ്ങാട്, കരുനാഗപ്പള്ളി, പീരുമേട്, മൂവാറ്റുപുഴ, പട്ടാമ്പി എന്നീ 5 സീറ്റിങ് സീറ്റുകളിൽ ഒപ്പത്തിനൊപ്പം മത്സരം എന്നാണ് അനുമാനം. മണ്ണാർക്കാടും തിരൂരങ്ങാടിയും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കാര്യമായി മുന്നോട്ടു വരുമെന്നും കണക്കു കൂട്ടുന്നു. 13ലും കുറവ് സീറ്റ് കിട്ടിയാൽ സിപിഐ നേതൃത്വം ആകെ പ്രതിസന്ധിയിലാകും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ കടന്നാക്രമണവും ഉണ്ടാകും. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിലെ കടുംപിടിത്തം ചർച്ചയാവുകയും ചെയ്യും.
3 തവണ മത്സരിച്ചവരെ മാറ്റി പുതുമുഖങ്ങൾക്ക് അവസരം കൊടുക്കാനുള്ള തീരുമാനം തിരിച്ചടിച്ചോയെന്ന ആശങ്ക സിപിഐ നേതൃത്വത്തിൽ ശക്തമാണ്. 2011 ൽ സിപിഐക്ക് 13 സീറ്റാണ് ലഭിച്ചത്. യുഡിഎഫ് സർക്കാരാണ് അന്ന് അധികാരത്തിലേറിയത്.
മറുനാടന് മലയാളി ബ്യൂറോ