- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിമലയും സുകുമാരൻ നായരും ചതിച്ചു! ഗ്രൂപ്പ് കളികളും ഫലം കാണില്ലെന്ന് തിരിച്ചറിഞ്ഞ് താഴെ തട്ടിലെ പ്രവർത്തകർ; ശശി തരൂരിനേയും സുധാകരനേയും മൂലയ്ക്കിരുത്തിയതിന്റെ ഫലം; പ്രതിസന്ധിയിൽ ആകുന്നത് ചെന്നിത്തലയും ചാണ്ടിയും മുല്ലപ്പള്ളിയും കെസി വേണുഗോപാലും
തിരുവനന്തപുരം: കോൺഗ്രസിന് വൻ തോൽവി നൽകിയത് ശബരിമലയെന്ന ബിജെപി അജണ്ടയിൽ കയറി പിടിച്ചതോ? രാഹുൽ ഗാന്ധിയും ശബരിമലയും പ്രചരണത്തിൽ നിറച്ചിട്ടും കോൺഗ്രസിന് ജയം നേടാനായില്ല. ഇതിന് കാരണം ശബരിമലയിലെ പ്രചരണമാണെന്ന നിലപാടിലാണ് കോൺഗ്രസ് ഇപ്പോൾ. കൂട്ടായ നേതൃത്വത്തെ ഉയർത്തിക്കാട്ടിയും വിനയായി. മുഖ്യമന്ത്രിയായി ആരെന്ന ചോദ്യത്തിന് ഉത്തരം നൽകാത്തതും ജനങ്ങൾക്ക് സംശയമായി. അങ്ങനെ ക്യാപ്ടൻ പിണറായിക്ക് മുമ്പിൽ യുഡിഎഫ് തോറ്റു.
ഇനി കോൺഗ്രസിന് നേരിടേണ്ടി വരിക അഗ്നി പരീക്ഷയാണ്. കോൺഗ്രസിൽ പിളർപ്പിന് പോലും സാധ്യതയുണ്ട്. യുഡിഎഫിൽ മുസ്ലിം ലീഗിനും ശക്തിക്ഷയമുണ്ടായി. 25 സീറ്റിൽ ജയം പ്രതീക്ഷിച്ച അവർക്ക് മലപ്പുറത്ത് പോലും കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നു. മലബാറിന് പുറത്ത് എല്ലായിടത്തും തോറ്റു. ഇതോടെ ഇടത് തരംഗം ആഞ്ഞു വീശി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ എല്ലാ ചർച്ചയായെങ്കിലും ജനങ്ങളെ ചേർത്തു നിർത്താനുള്ള നേതൃമികവ് ചെന്നിത്തലയ്ക്ക് ഇല്ലാതെപോയി. ഉമ്മൻ ചാണ്ടിയാണോ ചെന്നിത്തലയാണോ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് പറയാത്തതും ജനങ്ങൾക്ക് മുന്നിൽ സംശയങ്ങളായി.
ശബരിമലയെ അധികമായി കയറിപ്പിടിച്ചപ്പോൾ മുസ്ലിം വോട്ടുകൾ പൂർണ്ണമായും കൈവിട്ടു. ക്രൈസ്തവ വോട്ടുകളും കേരളാ കോൺഗ്രസിനൊപ്പം മധ്യ കേരളത്തിൽ സിപിഎമ്മിനൊപ്പം പോയി. ഇതിനൊപ്പം തെ്ക്കൻ കേരളവും ഇടതു കോട്ടയായി. അധികാരം ലഭിച്ചില്ലെങ്കിൽ നിലനിൽപ്പ് തന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവിൽ സകല ശക്തിയും സംഭരിച്ചാണ് യു.ഡി.എഫ്. എന്നിട്ടും അതെല്ലാം വെറുതെയായി. പിണറായി വിജയന് മുന്നിൽ എല്ലാ ആയുധവും പരാജയപ്പെട്ടു. കൂടുതൽ കരുത്തനായ നേതാവായി പിണറായി മാറുകയും ചെയ്തു.
ജനകീയരായ നേതാക്കളെ വെട്ടിയൊതുക്കിയ കോൺഗ്രസിലെ ഗ്രൂപ്പു രാഷ്ട്രീയവും ഇനി ചർച്ചയാകും. മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ കെപിസിസിക്ക് മുന്നേറാനായില്ല. കെ സുധാകരനെ പോലുള്ള വ്യക്തികളെ പൂർണ്ണമായും ഒതുക്കി. എല്ലാ ജനങ്ങൾക്കിടയിലും സ്വാധീനമുള്ള ശശി തരൂരിനെ കണ്ടില്ലെന്ന് നടിച്ചു. ഇതെല്ലാം തോൽവിയോടെ കോൺഗ്രസിൽ ചർച്ചയാകും. എല്ലാ തലത്തിലും പുതു മുഖങ്ങൾ വേണമെന്ന ആവശ്യം ശക്തമാകും. കുണ്ടറയിൽ അത്ഭുതം കാട്ടിയ പിസി വിഷ്ണുനാഥിനെ പോലുള്ളവരുടെ സാധ്യതയും കൂടും.
നിലവിൽ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമാണ് പ്രധാന ഗ്രൂപ്പ് നേതാക്കൾ. ഇതിനൊപ്പം കെസി വേണുഗോപാലിന്റെ ഗ്രൂപ്പും. ഇത്തരം ഗ്രൂപ്പു കളികളൊന്നും നേട്ടമാകില്ലെന്ന സൂചനയാണ് ഈ തോൽവി നൽകുന്നത്. 2016-ലേതിനേക്കാൾ ദയനീയ തോൽവി. കേന്ദ്രത്തിലും കേരളത്തിലും അധികാരമില്ലാത്ത കോൺഗ്രസിന്റേയും യു.ഡി.എഫ്. മുന്നണിയുടെ തന്നെയും ഭാവി തന്നെ ത്രിശങ്കുവിലാക്കിയിരിക്കുകയാണ് സംസ്ഥാനത്തെ എൽ.ഡി.എഫിന്റെ മുന്നേറ്റം.
താത്കാലികമായി അടക്കിപിടിച്ച പരിഭവങ്ങളും പരാതികളും ഇനി വലിയൊരു പൊട്ടിത്തെറിയിലേക്ക് വഴിമാറുമെന്നുറപ്പാണ്. നേതൃത്വത്തെ ഒന്നടങ്കം ചോദ്യം ചെയ്യപ്പടും. മറ്റുപാർട്ടികളിലേക്കുള്ള അണികളുടെ ഒഴുക്ക് തടയാൻ നേതൃത്വം പാടുപെടും. മുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിന് ദയനീയ പരാജമാണ് നേരിടേണ്ടി വന്നത്. 2016-ലേതിന് സമാനമായി മുന്നണി തകർന്നടിഞ്ഞപ്പോഴും മുസ്ലിംലീഗിന് തങ്ങളുടെ കോട്ടകൾ വലിയ പോറലേൽക്കാതെ സംരക്ഷിക്കാനായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി തന്ന ശബരിമല വിഷയും രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും ഇത്തവണയും യു.ഡി.എഫിന്റെ മുഖ്യപ്രചരാണയുധമായിരുന്നു. രണ്ടും കേരള ജനത തള്ളുന്ന കാഴ്ചയാണ് കണ്ടത്. അസമിലും ബംഗാളിലും പുതുച്ചേരിയിലും കോൺഗ്രസ് തകർന്നു. ഇത് രാഹുൽ ഗാന്ധിക്കും തിരിച്ചടിയായി.
ശബരിമല വിഷയം ചർച്ചയാക്കുന്നതിൽ യു.ഡി.എഫ്. വിജയിച്ചെങ്കിലും ജനത്തിന് വോട്ട് ചെയ്യാൻ അതൊരു വിഷയമല്ലാതായി മാറിയെന്നതാണ് ശ്രദ്ധേയം. 2016-ൽ യുഡിഎഫിനെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിൽ മുഖ്യപങ്കുവഹിച്ച സോളാർ ആരോപണത്തിന് സമാനമായി യുഡിഎഫിന് കിട്ടിയ ആയുധമായിരുന്നു സ്വർണക്കടത്ത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസടക്കം ഈ ആരോപണത്തിൽ ചോദ്യം ചെയ്യപ്പെട്ടിട്ട് പോലും യുഡിഎഫിന് അത് വോട്ടാക്കാൻ പറ്റിയില്ല. എൻ എസ് എസിന്റെ പരസ്യ പ്രതികരണവും വിനയായി. സർക്കാരിനെതിരായ കാമ്പുള്ള നിരവധി ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊണ്ടുവരാനായെങ്കിലും അത് ഏറ്റെടുക്കുന്നതിൽ യുഡിഎഫും അവതരിപ്പിക്കുന്നതിൽ ചെന്നിത്തല തന്നേയും പരാജയപ്പെട്ടു. സംഘടനാ ദൗർബല്യമായിരുന്നു ഇതിന് കാരണം.
ജനങ്ങളോടൊപ്പമുണ്ടെന്ന് തോന്നിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്ന് കെ.സുധാകരൻ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പറഞ്ഞത് അക്ഷാർത്ഥത്തിൽ യാഥാർത്ഥ്യമായി. യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ അത് ദേശീയരാഷ്ട്രീയത്തിൽ കോൺഗ്രസിനുണ്ടാക്കുന്ന ഊർജം ചെറുതാകുമായിരുന്നില്ല. അതും വെറുതെയായി. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തേക്ക് മാറിയ ക്രിസ്ത്യൻ വോട്ടുകളെ തിരിച്ചുപിടിക്കാൻ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും അരമനകൾ കയറിയിറങ്ങിയെങ്കിലും യാതൊരു കാര്യവുമുണ്ടായില്ല. തിരുവനന്തപുരത്ത് നാടാർ വോട്ടുകളും സിപിഎമ്മിന് ഒപ്പം പോയി. ഇതും കോൺഗ്രസിനെ ചിന്തിപ്പിക്കും.
മറുനാടന് മലയാളി ബ്യൂറോ