തിരുവനന്തപുരം: രണ്ടു ചോദിച്ചാലും കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് ഒരു മന്ത്രിയെ മാത്രമേ ഇടതു മുന്നണി നൽകൂ. എന്നാൽ എൻസിപിക്കും ജെഡിഎസിനും നൽകുന്നതിനേക്കാൾ മികച്ച വകുപ്പുകൾ നൽകുമെന്നാണ് സൂചന. സിപിഐയ്ക്ക് ഇക്കുറിയും മന്ത്രിമാർ നാലു തന്നെയാകും. സിപിഎമ്മിന് 13 മന്ത്രിമാരുണ്ടാകും. പിണറായിയുടെ രണ്ടാം മന്ത്രിസഭയിൽ ആറു ഒറ്റയംഗ പാർട്ടികൾക്കും ഇക്കുറി മന്ത്രിസ്ഥാനമില്ലെന്നാണ് സൂചന. ഇതോടെ കെബി ഗണേശ് കുമാർ വീണ്ടും നിരാശനാകും.

പുതിയ സർക്കാരിൽ ഒറ്റ അംഗങ്ങളുള്ള കക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകാനിടയില്ല. അതിനുകഴിയാത്ത സാഹചര്യം അവരെ ബോധ്യപ്പെടുത്തുകയാകും ഉഭയകക്ഷി ചർച്ചയിലുണ്ടാകുക. ഇതിന് കോടിയേരി ബാലകൃഷ്ണൻ മുൻകൈയെടുക്കും. ഒന്നാം സർക്കാർ രൂപവത്കരണഘട്ടത്തിൽ കോൺഗ്രസ് (എസ്) മാത്രമായിരുന്നു മുന്നണിയിൽ ഒറ്റ എംഎ‍ൽഎ. മാത്രമുള്ള ഘടകകക്ഷി. കടന്നപ്പള്ളിക്കും ഇത്തവണ മന്ത്രിസ്ഥാനം നൽകില്ല.

അന്ന് മുന്നണിയിലുള്ളവർക്കാണ് മന്ത്രിസ്ഥാനം നൽകിയത്. അന്ന് ഇടതു പിന്തുണയോടെ ജയിച്ച ഗണേശ് കുമാറിനെ പരിഗണിച്ചില്ല. പിന്നീടാണ് കേരള കോൺഗ്രസ് (ബി) മുന്നണിയിലെത്തിയത്. അവർക്ക് മന്ത്രിസ്ഥാനം നൽകിയില്ലെങ്കിലും ബാലകൃഷ്ണപ്പിള്ളയ്ക്ക് കാബിനറ്റ് പദവിയോടെ മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകി. ഇത്തവണയും ഗണേശിന് നിരാശയാകും ഫലം.

ഇത്തവണ, അഞ്ച് ഘടകകക്ഷികൾ ഒറ്റഅംഗ പാർട്ടികളായി മുന്നണിയിലുണ്ട്. ഘടകകക്ഷിയല്ലാത്ത ആർ.എസ്‌പി. (ലെനിനിസ്റ്റ്) യുമുണ്ട്. കോവൂർ കുഞ്ഞുമോന്റെ പാർട്ടിയെ ഇടതുപക്ഷത്ത് ഉൾപ്പെടുത്തിയേക്കും. എന്നാൽ മന്ത്രിയാക്കില്ല. അഞ്ചുസീറ്റുള്ള കേരള കോൺഗ്രസിന് രണ്ടു മന്ത്രിസ്ഥാനമെങ്കിലും നൽകേണ്ടതുമുണ്ട്. എന്നാൽ അതിനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ അവർക്ക് ഒരു സീറ്റ് നൽകും. ഇതിനൊപ്പം മറ്റൊരു പദവിയും നൽകും. ചീഫ് വിപ്പ് പദവിക്കാകും സാധ്യത.

20 അംഗമന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 13 മന്ത്രിമാരാണ് കഴിഞ്ഞസർക്കാരിൽ സിപിഎമ്മിനുണ്ടായിരുന്നത്. സിപിഐ.ക്ക് നാലും എൻ.സി.പി., ജെ.ഡി.എസ്. എന്നിവയ്ക്ക് ഓരോന്നുവീതവും മന്ത്രിമാരുണ്ടായിരുന്നു. മന്ത്രിസഭയിൽ പരമാവധി 21 അംഗങ്ങളെയാണ് ഉൾപ്പെടുത്താനാകുക. ഇത്രയും അംഗങ്ങളെ ഉൾപ്പെടുത്തിയാലും എല്ലാകക്ഷികൾക്കും മന്ത്രിസ്ഥാനം നൽകാനാകില്ല. എൽജെപി പ്രതിനിധിയായ കെപി മോഹനനും മന്ത്രിസ്ഥാനം കിട്ടില്ല.

രണ്ടാം പിണറായി മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തിൽ നാലുദിവസത്തിനകം വ്യക്തത വന്നേക്കും. സിപിഎമ്മിൽ നിന്ന് മൽസരിച്ച കേന്ദ്രകമ്മിറ്റിയംഗങ്ങളിലും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിലും മിക്കവരും മന്ത്രിസഭയിൽ ഇടംപിടിക്കും.