- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎമ്മിന് 12 മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും; സിപിഐയ്ക്ക് നാല് മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും; കേരളാ കോൺഗ്രസിന് രണ്ട് മന്ത്രമാരില്ല; ചീഫ് വിപ്പ് പദവിയും നൽകും; ചെറു പാർട്ടികൾക്കായി വീതംവയ്പ്പ്; ആന്റണി രാജുവും അഹമമദ് ദേവർകോവിലും ആദ്യ ഘട്ടത്തിൽ മന്ത്രിമാരാകും; നിരാശ എൽജെഡിക്ക് മാത്രം; ഇടതിൽ മന്ത്രിസ്ഥാനത്തിൽ ധാരണ
തിരുവനന്തപുരം: ഇടതുമുന്നണിയിലെ മന്ത്രിസഭാ രൂപീകരണത്തിലെ ചർച്ചകൾക്ക് അന്തിമ രൂപമായി. സിപിഎമ്മിന് 12 മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും ലഭിക്കും. സിപിഐയ്ക്ക് നാല് മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും കിട്ടും. കേരളാ കോൺഗ്രസിന് രണ്ട് മന്ത്രമാരില്ല. ചീഫ് വിപ്പ് പദവിയും ജോസ് കെ മാണിയുടെ പാർട്ടയ്ക്ക് നൽകും. ചെറു പാർട്ടികൾക്കായി ഊഴം വച്ചുള്ള വീതംവയ്‌പ്പും മന്ത്രിസ്ഥാനത്തിൽ ലഭിക്കും. എൽജെഡിക്ക് മാത്രമാണ് മന്ത്രിസ്ഥാനം ഇല്ലാത്തത്. അതുകൊണ്ട് തന്നെ നിരാശ എൽജെഡിക്ക് മാത്രമാകും. ജോസ് കെ മാണിയും ശ്രേയംസും പിണറായിക്ക് വഴങ്ങുകയാണ്. ഇന്ന് തർക്കമൊന്നും കൂടാതെയാണ് ഇടതുമുന്നണി തീരുമാനം എടുത്തത്.
ഇനി ആരോക്കെ മന്ത്രിമാരാകും എന്ന കാര്യത്തിൽ മാത്രമാണ് തീരുമാനങ്ങൾ പുറത്തുവരാനുള്ളത്. സിപിഐയും സിപിഎമ്മും ഇക്കാര്യത്തിൽ നാളെ തീരുമാനം എടുക്കും. കഴിഞ്ഞ തവണ മുഖ്യമന്ത്രി ഉൾപ്പെടെ 13 മന്ത്രിമാരുണ്ടായിരുന്ന സിപിഎമ്മിന് ഇത്തവണ 12 മന്ത്രിമാരായി കുറയും. സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ലഭിക്കും. ചീഫ് വിപ്പ് പദവി നഷ്ടമാകും. ജെ.ഡി.എസ്., എൻ.സി.പി. എന്നിവർക്ക് ഒരു മന്ത്രിസ്ഥാനം വീതവും എന്നതാണ് നിലവിൽ തീരുമാനമായത്. ശേഷിക്കുന്ന രണ്ട് മന്ത്രി സ്ഥാനങ്ങൾ നാല് ചെറുകക്ഷികൾക്കായി രണ്ടര വർഷം വീതം എന്ന നിലയിൽ വീതം വെക്കും എന്നതിൽ അന്തിമ ധാരണയായി.
കെ.ബി ഗണേശ്‌കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, ആന്റണി രാജു അഹമ്മദ് ദേവർ കോവിൽ എന്നിവർക്കാണ് മന്ത്രി സ്ഥാനം രണ്ടരവർഷം വീതം ലഭിക്കുക. ജനാധിപത്യ കേരളാ കോൺഗ്രസും ഐ എൻ എല്ലും ആദ്യ ഘട്ടത്തിൽ മന്ത്രിമാരാകും. തുടർന്ന് കേരളാ കോൺഗ്രസ് ബിയും കേരളാ കോൺഗ്രസ് എസും മന്ത്രിസഭയിൽ എത്തും. അതായത് ആന്റണി രാജുവും ഐഎൻഎൽ പ്രതിനിധിയായ അഹമ്മദ് ദേവർകോവിലും ആദ്യം സത്യപ്രതിജ്ഞ ചെയ്യും.
വകുപ്പ് വിഭജനത്തിൽ തീരുമാനം മുഖ്യമന്ത്രി എടുക്കും. കഴിഞ്ഞ തവണ സിപിഎം. കൈവശം വെച്ചിരുന്ന വകുപ്പുകളിലൊന്ന് ഇത്തവണ കേരള കോൺഗ്രസ് എമ്മിന് നൽകും. വൈദ്യുതി വകുപ്പ് നൽകിയേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. റോഷി അഗസ്റ്റിനാകും മന്ത്രിയാകുക. കഴിഞ്ഞ തവണ കൈവശം വെച്ചിരുന്ന പ്രധാന വകുപ്പുകൾ വിട്ടുനൽകില്ലെന്ന് സിപിഐ. മുമ്പുതന്നെ അറിയിച്ചിരുന്നു. ഇതിനോട് അനകൂല പ്രതികരണം സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.
അതിനാൽ റവന്യു, കൃഷി, വനം, ഭക്ഷ്യ വകുപ്പുകൾ സിപിഐ. നിലനിർത്തിയേക്കും. വകുപ്പുകൾ അനുവദിക്കുന്നതിൽ തുടർ ചർച്ച തുടരും. സത്യപ്രതിജ്ഞാ തീയതി 20നാകുമെന്നും ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്. ചെറുകക്ഷികൾക്കായി കായികം, തുറമുഖം, ഗതാഗതം, ജലസേചനം എന്നീ വകുപ്പുകൾ നൽകും. അതിൽ ഗതാഗതം, ജലസേചനം എന്നീ വകുപ്പുകൾ ജെ.ഡി.എസ്., എൻ.സി.പി. എന്നീ കക്ഷികൾക്കും മറ്റ് രണ്ട് സ്ഥാനങ്ങൾ ഒരു എംഎൽഎ. മാത്രമുള്ള കക്ഷികൾക്കുമായി വീതം വെക്കുകയും ചെയ്യുമെന്നതാണ് ഏകദേശ ധാരണ.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് ഇടത് യോഗം ചേർന്നത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഇടതു യോഗമായിരുന്നു ഇത്. ആർ ബാലകൃഷ്ണപിള്ളയുടെ മരണത്തിൽ അനുശോചനവും രേഖപ്പെടുത്തി. എല്ലാ വിഭാഗം ജനങ്ങളും പിന്തുണച്ചു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്ന പ്രാതിനിധ്യം സർക്കാർ രൂപീകരണത്തിൽ ഉണ്ടാകും. 21 അംഗ മന്ത്രിസഭയാകും രൂപീകരിക്കുക.
നാളെ എൽ.ഡി.എഫിന്റെ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പിണറായി വിജയനെ നേതാവായി തിരഞ്ഞെടുക്കും. അതിനുമുമ്പ് മന്ത്രിമാരിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് സിപിഎം. ഘടകകക്ഷികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ആദ്യം മന്ത്രിയാകാൻ തിരക്കുകൂട്ടില്ലെന്ന് ജനാധിപത്യ കേരള കോൺഗ്രസ് എംഎൽഎ. ആയ ആന്റണി രാജു എൽ.ഡി.എഫ്. യോഗത്തിൽ അറിയിച്ചിട്ടുണ്ട്.
സിപിഎമ്മിലും സിപിഐയിലുമായി പുതുമുഖങ്ങൾ മന്ത്രിമാരാകും. സിപിഐയുടെ നാല് മന്ത്രിമാരും പുതുമുഖങ്ങളാകും. ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. സിപിഐയിൽ നിന്ന് ജെ. ചിഞ്ചുറാണി, പി. പ്രസാദ്, കെ.രാജൻ, ഇ.കെ വിജയൻ തുടങ്ങിയവർ മന്ത്രിമാരായേക്കും. സിപിഎമ്മിൽ പുതുമുഖങ്ങളായി മന്ത്രിസ്ഥാനത്തേക്ക് വീണ ജോർജ്, വി. ശിവൻകുട്ടി, പി. രാജീവ് എന്നിവർക്ക് സുപ്രധാനമായ വകുപ്പുകൾ ലഭിക്കുമെന്നാണ് കരുതുന്നത്.
19-ന് മുഖ്യമന്ത്രി ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഔദ്യോഗികമായി അറിയിക്കും. 20-നാണ് സത്യപ്രതിജ്ഞ. നേരത്തേ നിശ്ചയിച്ചതിലും കുറച്ച് ആളുകളെ മാത്രം പ്രവേശിപ്പിച്ചാകും സത്യപ്രതിജ്ഞ നടത്തുക.
മറുനാടന് മലയാളി ബ്യൂറോ