- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോസ് കെ മാണി വിഭാഗത്തിന് ലഭിക്കുക വൈദ്യുതിയോ പൊതുമരാമത്ത് വകുപ്പോ? തങ്ങളുടെ വകുപ്പുകൾ വിട്ടു നൽകില്ലെന്ന് സിപിഐ അറിയിച്ചതോടെ മികച്ച വകുപ്പു തന്നെ നൽകാൻ സിപിഎം; ആന്റണി രാജുവിനും ഐഎൻഎല്ലിനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനും ആലോചന; മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു
തിരുവനന്തപുരം: ഇടതു മുന്നണിയിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കവേ മികച്ച വകുപ്പുകൾ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. കേരളാ കോൺഗ്രസിന് മന്ത്രിസ്ഥാനം വിട്ടുനൽകില്ലെന്ന് സിപിഐ. ഇക്കാര്യത്തിൽ നീക്കുപോക്കുകൾക്ക് തയ്യാറല്ലെന്ന് പാർട്ടി സിപിഐഎമ്മിനെ അറിയിച്ചതായിട്ടാണ് റിപ്പോർട്ട്. ചീഫ് വിപ്പ് സ്ഥാനം വിട്ടു നൽകാൻ തയ്യാറായ പശ്ചാത്തലത്തിലാണ് റവന്യൂ അടക്കമുള്ള വകുപ്പുകൾ വിട്ടു നൽകാൻ സാധിക്കില്ലെന്ന നിലപാട് സിപിഐ കൈക്കൊള്ളുന്നത്. ഇന്ന് കോടിയേരിയുമായി കാനം രാജേന്ദ്രൻ എകെജി സെന്ററിലെത്തി കൂടിക്കാഴ്ച്ച നടത്തി.
നേരത്തെ രണ്ട് മന്ത്രിസ്ഥാനം നൽകാനിവില്ലെന്ന് സിപിഐഎം കേരളാ കോൺഗ്രസിനെ അറിയിച്ചിരുന്നു.കേരളാ കോൺഗ്രസിന് ഏത് മന്ത്രി സ്ഥാനം നൽകണമെന്ന് യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന. അതേസമയം നിലവിൽ ആവശ്യപ്പെട്ട പ്രകാരം രണ്ട് മന്ത്രി സ്ഥാനങ്ങൾ ലഭിച്ചില്ലെങ്കിൽ ഒരു നിർണായ വകുപ്പിലേക്ക് പാർട്ടിയെ പരിഗണിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം. ഈ ആവശ്യം സിപിഎം അംഗീകരിച്ചേക്കും. വൈദ്യുതി വകുപ്പോ പൊതുമരാമത്ത് വകുപ്പോ ജോസ് വിഭാഗത്തിന് വിട്ടു നൽകാനാണ് സിപിഎമ്മിന്റെ ആലോചന.
എന്നാൽ പുതുമുഖങ്ങൾ ഏറെയുള്ള മന്ത്രിസഭയിൽ നിർണായക വകുപ്പിൽ സാന്നിദ്ധ്യം ലഭിച്ചില്ലെങ്കിൽ കേരളാ കോൺഗ്രസിന് രാഷ്ട്രീയ തിരിച്ചടിയുണ്ടായേക്കും. ജോസ് കെ മാണിയുടെ തോൽവിയുൾപ്പെടെ വലിയ പ്രതിസന്ധി പാർട്ടിക്കുള്ളിൽ ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ തിരിച്ചടികളുണ്ടായാൽ പാർട്ടിക്ക് ക്ഷീണമാവും.
മന്ത്രിസഭാ രൂപീകരണത്തിന് മുൻപ് ഇടതുമുന്നണിയുടെ നിർണായക യോഗം തിങ്കളാഴ്ച്ച ചേരാനിരിക്കുകയാണ്. ഈ യോഗത്തിൽ ഘടക കക്ഷികളുടെ മന്ത്രി സ്ഥാനങ്ങളുടെ കാര്യത്തിൽ തീരുമാനമുണ്ടാകും. സിപിഐ മന്ത്രി സ്ഥാനങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യില്ലെന്നാണ് സൂചന. ധനകാര്യം, വിദ്യഭ്യാസം, തദ്ദേശം, ആരോഗ്യം, ആഭ്യന്തരം തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളൊന്നും സിപിഐഎം വിട്ടുനൽകില്ല. കൃഷി വകുപ്പിൽ കേരളാ കോൺഗ്രസിന് കണ്ണുണ്ടെങ്കിലും അത് നൽകാൻ സിപിഐ തയ്യാറാകില്ല. ഇക്കാര്യം സിപിഐഎം നേതാക്കളെ സിപിഐ അറിയിച്ചു കഴിഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ.
അതേസമയം 20-ാം തിയതി സത്യപ്രതിജ്ഞ പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം. കോവിഡ് വ്യാപനവും മഴയും ശക്തമായാൽ ഇക്കാര്യത്തിൽ മാറ്റങ്ങളുണ്ടായേക്കാം. കോൺഗ്രസ് എസിനു മന്ത്രി സ്ഥാനം നൽകില്ലെന്നാണ് തീരുമാനം. ജനാധിപത്യ കേരളാ കോൺഗ്രസിനും ഐഎൻഎല്ലിനും രണ്ടര വർഷം വീതം നൽകി രണ്ടു പാർട്ടികൾക്കും പ്രാതിനിധ്യം നൽകാനാണ് ശ്രമം. ഇത് സംബന്ധിച്ച ചർച്ചകൾ ഇരു കക്ഷികളുമായി നടക്കും.
അതേസമയം രണ്ടാം പിണറായി വിജയൻ സർക്കാരിൽ പുതുമുഖങ്ങൾക്കൊപ്പം ഇപ്പോഴത്തെ മന്ത്രിസഭയിലെ അംഗങ്ങളും സ്ഥാനം പിടിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കന്ദ്ര കമ്മിറ്റി അംഗമായ കെ.കെ.ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ എം.എം.മണി തുടങ്ങിയവർ തുടരാനാണ് സാധ്യത. എ.സി.മൊയ്തീനും ഒരവസരം കൂടി ലഭിച്ചേക്കും. കേന്ദ്ര കമ്മിറ്റി അംഗമായ എം വിഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.രാജീവ്, കെ.എൻ.ബാലഗോപാൽ എന്നിവർ പുതുതായി മന്ത്രിസഭയിലെത്തുന്നവരുടെ സാധ്യതാ പട്ടികയിലുണ്ട്.
ഇതിൽ മാറ്റം വരാനിടയില്ലെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. വി.ശിവൻകുട്ടി, വി.എൻ.വാസവൻ, എം.ബി.രാജേഷ്, വീണാ ജോർജ്, ചിത്തരഞ്ജൻ, വി.അബ്ദുറഹിമാൻ എന്നിവരിൽ ആർക്കൊക്കെ നറുക്കു വീഴും എന്നാണ് അറിയേണ്ടത്. ഘടകകക്ഷികളുടെ മന്ത്രി സ്ഥാനം സംബന്ധിച്ച നിർദേശവും കൂടിക്കാഴ്ചയിൽ സിപിഐയെ സിപിഎം അറിയിച്ചു. കേരളാ കോൺഗ്രസിന് ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും നൽകും. എൻസിപിക്കും ജെഡിഎസിനും ഓരോ മന്ത്രിമാർ. ഒറ്റ സീറ്റുള്ള പാർട്ടികളിൽ കേരളാ കോൺഗ്രസ് ബിക്കു മന്ത്രി സ്ഥാനം ഉറപ്പാണ്.
മറുനാടന് മലയാളി ബ്യൂറോ