തിരുവനന്തപുരം:പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ നേരിടുന്ന വലിയ രാഷ്ട്രീയ പരീക്ഷണമാണ് തോമസ് ചാണ്ടിയുടെ രൂപത്തിൽ വളർന്ന് വികസിച്ചു നിലകൊള്ളുന്നത്. സർക്കാർ ഏജൻസികൾ എല്ലാം പ്രതികൂല റിപ്പോർ്ട്ടു നല്കിയിട്ടും മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യത്തിൽ ഇപ്പോളും മന്ത്രിപദവിയിൽ വിരാജിക്കുകയാണ് ഈ കയ്യേറ്റമന്ത്രി.

വളരെ വലിയ ഔദാര്യമാണ് ഇടതു മുന്നണി തോമസ് ചാണ്ടിയോടും എൻസിപിയോടും കാട്ടുന്നത്. ഘടകകക്ഷികളുടെ സീറ്റുകൾ ആരോടും ചോദിക്കാതെ ഏറ്റെടുത്ത പാരമ്പര്യമാണ് സിപിഎമ്മിനുണ്ടായിരുന്നത്. ചെറിയ പാർട്ടികളെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണെന്നു വരെ പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ സി.പി.എം പഴി കേട്ടിട്ടുണ്ട്. ഇത് എതിർപ്പായി വളർന്നു വന്നതോടെയാണ് ഇടതു മുന്നണിയിലെ മറ്റു പാർട്ടികളുടെ കഴുത്തിലെ പിടി പിണറായി അല്പം അയച്ചത്. അങ്ങിനെ ശ്വാസം കിട്ടിയവരൊക്കെ ഇപ്പോൾ പിണറായിക്ക് എതിരേയും പറഞ്ഞു തുടങ്ങിയിരിക്കുന്നു. തോമസ് ചാണ്ടിക്ക് എന്തിനിത്ര സൗജന്യം ?

ഇന്ന് ഇടതുമുന്നണി ചേർന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം. തോമസ് ചാണ്ടിയെ പോലെ ഒരു മന്ത്രി നാടു നീളെ നാട്ടുകാരേയും സ്വന്തം പാർട്ടിക്കാരേയും മുന്നണിയിലുള്ളവരേയും വെല്ലുവിളിച്ചു വിറളി കൂട്ടുമ്പോൾ അതു തടയാനാവാതെ മുഖ്യമന്ത്രി നോക്കിയിരിക്കുന്നു. സർക്കാരിന്റെ നേട്ടങ്ങൾ പോലും ചാണ്ടിപ്രശ്‌നത്തിൽ കുരുങ്ങിപ്പോകുന്നു. സർക്കാരിന്റേയും പ്രതിച്ഛായ എൻസിപി എന്ന ഈർക്കിൽ പാർട്ടി മൂലം തകരുന്ന അവസ്ഥ. ഇതിൽ ഒരു തീരുമാനം ഉണ്ടാകുമെന്ന അണികളും പ്രതീക്ഷിച്ചു. എന്നാൽ ഒന്നുമുണ്ടായില്ല. തീരുമാനം ഇനിയും നീളും. അന്നു വരെ കയ്യേറ്റമന്ത്രിയെ ന്യായീകരിച്ചു നടക്കേണ്ട ഗതികേടിലാണ് സിപിഎമ്മിന്റെയും അണികൾക്ക്.

ഈ കോലാഹത്തിലും രാഷ്ട്രീയമായ അടിയന്തരാവസ്ഥയും സി.പി.എം നേതൃത്വം നല്കുന്ന മുന്നണി കണ്ണടച്ച് ഇരുട്ടാക്കുകയാണ്. തോമസ് ചാണ്ടിയെ കുറിച്ചു ചോദ്യമുയരുമ്പോഴൊക്കെ മുഖ്യമന്ത്രി മൗനിയാവുന്നു. അതിനെ അവഗണിക്കുന്നു. ജനജാഗ്രതായാത്രയ്ക്കു ശേഷം ഒരു സി.പി.എം നേതാവും തോമസ് ചാണ്ടിയെ ന്യായീകരിച്ചു വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മുൻ നിലപാടാണ് എന്നു പറഞ്ഞൊഴിയുന്നതല്ലാതെ. ഈ ഒളിച്ചോട്ടം ഇന്നത്തെ ഇടതു മുന്നണിയോഗത്തിലും പ്രകടമായി. തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് നിലപാട് സി.പി.എം ഇന്നു ശക്തമായി ഉന്നയിച്ചിരുന്നെങ്കിൽ ഈ സമയത്ത് എൻസിപിക്ക് മന്ത്രി ഉണ്ടാവില്ലായിരുന്നു.

ഈ വിവാദങ്ങൾ മറന്നതു പോലെയാണ് യോഗത്തിനനു ശേഷം ഇടതുമുന്നണി വിശദീകരണ കുറിപ്പിറക്കിയത്. വിവാദ ചോദ്യങ്ങൾ നേരിടാൻ പത്രസമ്മേളനം പോലും കൺവീനർ വൈക്കം വിശ്വൻ ഒഴിവാക്കി. പ്രസ്താവന ഇറക്കി രക്ഷപ്പെടുകയായിരുന്നു. അതിലാവട്ടെ ജനജാഗ്രതാ യാത്ര വിജയമായിരുന്നു എന്ന അവകാശവാദവും സോളാർ കമ്മീഷൻ ശുപാർശകളുണ്ടായത് ഇടതുമുന്നണിയുടെ നേട്ടവുമാണെന്ന വിവരവുമാണ് വിവരിച്ചിരിക്കുന്നത്. ഇതിന്റെ അവസാന പാരഗ്രാഫിലെ അവസാന വരികളിൽ മാത്രമാണ് രാഷ്ട്രീയ കേരളം ഉറ്്‌റു നോക്കുന്ന തോമസ് ചാണ്ടിയുടെ വിവരമുള്ളത്. അതാവട്ടെ ഇങ്ങനെയാണ് , ഗതാഗത വകുപ്പ് മന്ത്രിയെക്കുറിച്ച് ഉയർന്നുവന്ന ആരോപണങ്ങളിൽ കളക്ടറുടെ റിപ്പോർട്ടിന്മേൽ എ.ജി.യുടെ നിയമോപദേശം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാൻ മുഖ്യമന്ത്രിയോട് ശുപാർശ ചെയ്തു. ഇത്രമാത്രം.

സോളാർ ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളും ശുപാർശകളും പുറത്തുവന്നതോടു കൂടി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കളുടെ യഥാർത്ഥ മുഖം പുറത്തായിരിക്കുകയാണ്. എൽ.ഡി.എഫ് നടത്തിയ അതിശക്തമായ സമരത്തിന്റെ ഫലമായിട്ടാണ് ജുഡീഷ്യൽ അന്വഷണ കമ്മീഷനെ നിയോഗിക്കാൻ അന്നത്തെ യു.ഡി.എഫ് സർക്കാർ തയ്യാറായതെന്നും ഇടതുമുന്നണി വിലയിരുത്തുന്നു.

എൽ.ഡി.എഫ് നടത്തിയ സമരങ്ങളെ ശരിവെയ്ക്കുന്നതാണ് കമ്മീഷന്റെ കണ്ടെത്തലുകൾ. അഡ്ജസ്റ്റ്മെന്റ് സമരമാണ് എൽ.ഡി.എഫ് നടത്തുന്നതെന്ന് ആരോപിച്ചവർക്കുള്ള മറുപടിയാണ് കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് സർക്കാർ സ്വീകരിച്ച നടപടികൾ. കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച നടപടിയാണ് എൽ.ഡി.എഫ് സർക്കാരിൽ നിന്നും ഉണ്ടായിട്ടുള്ളത്. സോളാർ കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകളും, സർക്കാർ സ്വീകരിച്ച നടപടികളും ജനങ്ങളോട് വിശദീകരിക്കുന്നതിനായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാൻ എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട യു.ഡി.എഫ് നേതാക്കൾ അവരുടെ സ്ഥാനങ്ങൾ രാജിവെയ്ക്കണം.

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേയും വർഗ്ഗീയതയ്ക്കെതിരേയും എൽ.ഡി.എഫ് സർക്കാരിന്റെ നയങ്ങൾ വിശദീകരിക്കുന്നതിനും വേണ്ടി കോടിയേരി ബാലകൃഷ്ണന്റേയും കാനം രാജേന്ദ്രന്റേയും നേതൃത്വത്തിൽ നടത്തിയ ജനജാഗ്രതാ യാത്ര' വൻ വിജയമായിരുന്നുവെന്ന് എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

ലൈഫ് പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കാൻ ബാക്കിയുള്ള വീടുകൾ പൂർത്തീകരിക്കുന്നതിന് ജനങ്ങളുടെ ഭാഗത്തുനിന്ന് നിർലോഭമായ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.

നിർമ്മാണ മേഖലയിൽ മണൽ, കരിങ്കൽ ലഭ്യതക്കുറവുമൂലം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഗവൺമെന്റ് ഇടപെട്ട് ഈ പ്രശ്നം പരിഹരിക്കണമെന്ന് എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.