തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ പദവിയിൽ റെക്കോർഡിട്ട വൈക്കം വിശ്വൻ വിരമിക്കാൻ ഒരുങ്ങുന്നു. ഒരു വ്യാഴവട്ടക്കാലം എൽഡിഫിനെ ഏകോപിപ്പിച്ചും ഒരുമിപ്പിച്ചും നിർത്തിയ ശേഷമാണ് പദവിയിൽ നിന്നും വൈക്കം വിശ്വൻ എന്ന കരുത്തറ്റ സാരഥി പടിയിറങ്ങാൻ ഒരുങ്ങുന്നത്. മറ്റന്നാളാണ് ഈ പദവിയിൽ അദ്ദേഹത്തിന്റെ 12 വർഷം പൂർത്തിയാകുന്നത്. ഈ പദവിയിൽ വൈക്കം വിശ്വന്റേത് റെക്കോർഡാണ്. അനാരോഗ്യം മൂലം അദ്ദേഹം പദവി ഉടൻ ഒഴിയുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഏറ്റവും കൂടുതൽ കാലം എൽഡിഎഫിന്റെ ഏകോപനച്ചുമതല നിർവഹിച്ച നേതാവെന്ന ഖ്യാതി സ്വന്തമാക്കിയ ശേഷമാണ് അദ്ദേഹം പടിയിറങ്ങാൻ ഒരുങ്ങുന്നത്.

വൈക്കം വിശ്വനെ പോലൊരു കരുത്തറ്റ നേതാവിരുന്ന എൽഡിഎഫിന്റെ കൺവീനർ പദവിയിലേക്ക് ഇനിയാര് എന്ന ചോദ്യവും ഇതോടെ ഉയർന്നിട്ടുണ്ട്. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ എ.വിജയരാഘവനാണ് വൈക്കം വിശ്വന്റെ പകരക്കാരനാകാൻ കൂടുതൽ സാധ്യത. സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇല്ലാത്ത എ.വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയിലാണു പാർട്ടി സംസ്ഥാന കേന്ദ്രത്തിന്റെ ഭാഗമാകുന്നത്. വിശ്വനെപ്പോലെ കോട്ടയത്തു നിന്നു തന്നെയുള്ള കെ.ജെ.തോമസ്, കെ.രാധാകൃഷ്ണൻ എന്നിവരുടെ പേരുകളും പരിഗണനയിൽ ഉണ്ട്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനുശേഷം ചേരുന്ന സംസ്ഥാനകമ്മിറ്റി അന്തിമ തീരുമാനമെടുക്കും.

2006 മെയ്‌ 21നാണു വൈക്കം വിശ്വനെ എൽഡിഎഫ് കൺവീനറായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിയോഗിച്ചത്. അതായത് രണ്ട് വർഷം കഴിഞ്ഞാൽ ഈ പദവിയിൽ അദ്ദേഹത്തിന്റെ തിളക്കത്തിന് 12 വർഷം പൂർത്തിയാകും. 1987 ഏപ്രിൽ 16 മുതൽ 1998 ജനുവരി ഏഴിന് രാജിവയ്ക്കുംവരെ ആ സ്ഥാനത്തിരുന്ന എം.എം.ലോറൻസിന്റെ റെക്കോർഡ് വിശ്വൻ മറികടക്കുന്നു. 'പാർട്ടി ഏൽപ്പിച്ച ദൗത്യം ഇത്രയും കാലം പൂർത്തിയാക്കിയെന്ന സന്തോഷമുണ്ട്. ഇടയ്ക്ക് ജനതാദൾവീരേന്ദ്രകുമാർ വിഭാഗം മുന്നണി വിട്ടുപോയിരുന്നുവെങ്കിൽ അവർ ഇപ്പോൾ തിരിച്ചുവരുന്നു. ഒരു കാര്യവുമില്ലാതെ എൽഡിഎഫ് വിട്ടുപോയവരാണ് ആർഎസ്‌പി. അവരിലും ഒരു ഭാഗം എൽഡിഎഫിനോടു ചേർന്നു പ്രവർത്തിക്കുന്നുണ്ട്.'

കേരള കോൺഗ്രസിനെ(എം) കൂടി ഉൾപ്പെടുത്തിയുള്ള മുന്നണി വിപുലീകരണം കൂടി തന്റെ കാലത്തു നടക്കുമോയെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ: ' കേരള കോൺഗ്രസ് എന്തായാലും ഇപ്പോൾ യുഡിഎഫിൽ അല്ല. അവർ എൽഡിഎഫിന്റെ ഭാഗമാകുമോയെന്നു ചോദിച്ചാൽ അതു മുന്നണി കൂട്ടായി ചർച്ച ചെയ്തു തീരുമാനിക്കേണ്ട കാര്യമാണ്'.