തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ ഫലം തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഐ(എം). വാർഡു തലത്തിൽ നടത്തിയ സർവെകളിൽ മേൽക്കെ ലഭിക്കുമെന്ന പ്രതീക്ഷയാണ് പ്രവർത്തകർക്കുള്ളത്.

തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് നാലു സർവെയാണ് സിപിഐ(എം) നടത്താറുള്ളത്. ഇതിൽ മൂന്നാം സർവെയും കഴിഞ്ഞപ്പോൾ സംസ്ഥാനത്തെ 11 ജില്ലകളിൽ പാർട്ടി മുന്നിലെത്തുമെന്നാണ് വിലയിരുത്തൽ. ആദ്യ സർവേയിൽ ഇത് വെറും ആറു ജില്ലകളിൽ മാത്രമായിരുന്നു. മൂന്നാം സർവേയനുസരിച്ച് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പാർട്ടി വലിയ നേട്ടം കൈവരിക്കുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേയും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും പ്രചാരണം സമാപിക്കുമ്പോഴും വോട്ടെടുപ്പ് കഴിയുമ്പോഴുമാണ് സിപിഎമ്മിന്റെ സർവെ നടക്കാറുള്ളത്. ഇത്തവണ ഇതിൽ ആദ്യത്തെ സർവേയിലും രണ്ടാമത്തെ സർവേയിലും പാർട്ടിക്ക് വലിയ മുൻതൂക്കമൊന്നും ഘടകങ്ങൾ പ്രവചിച്ചിരുന്നില്ല. ഭരണവിരുദ്ധ വികാരം പ്രകടമല്ലാത്തതും ഉപതിരഞ്ഞെടുപ്പുകളിലെ വിജയവും യുഡിഎഫിനെ തുണയ്ക്കുമെന്നായിരുന്നു സർവേ ഫലങ്ങൾ.

എന്നാൽ, തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു നടത്തിയ വാർഡുതല സർവെയിൽ എല്ലായിടത്തും അനുകൂല തരംഗം ഉണ്ടായെന്നാണു വിലയിരുത്തൽ. ഓരോ വാർഡിലെയും അമ്പത് വീടുകളിൽ വീതമാണു സർവേ നടത്തുന്നത്. വാർഡുതല സർവെകൾക്ക് ഉപരികമ്മിറ്റി അംഗങ്ങൾ നേതൃത്വവും നൽകും.

ബാർകോഴ കേസിലെ വിധിയും അനുകൂലമാവുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്. അടുത്തിടെ, ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവെയിലും ഇടതുപക്ഷത്തിനു മുൻതൂക്കം പ്രവചിച്ചിരുന്നു. ഈ സർവെയെ സാധൂകരിക്കുന്നതാണു സിപിഐ(എം) പ്രവർത്തകർ തന്നെ വാർഡുതലങ്ങളിൽ നടത്തിയ കണക്കെടുപ്പ്.

ആകെയുള്ള ആറു കോർപ്പറേഷനുകളിൽ നാലും എൽ.ഡി.എഫ് നേടുമെന്നാണ് ടൈംസ് സർവേ പറയുന്നത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, കണ്ണുർ കോർപ്പറേഷനുകളിൽ എൽ.ഡി.ഫ് മുന്നിട്ടുനിൽക്കുമ്പോൾ, തൃശുർ, കോഴിക്കോട് കോർപ്പറേഷനുകളിൽ യു.ഡി.എഫിനാണ് മുൻതൂക്കമെന്നാണു വിലയിരുത്തൽ. 40 ശതമാനം വോട്ടുകൾ വീതം ഇടതു-വലത് മുന്നണികൾ നേടുമ്പോൾ, വെറും എട്ടുശതമാനം വോട്ടാണ് ബിജെപിക്ക് ലഭിക്കുക. മറ്റുള്ളവർക്ക് രണ്ടുശതമാനം വോട്ട് ലഭിക്കും. കൊട്ടിഘോഷിക്കപ്പെട്ട ബിജെപി - എസ്.എൻ.ഡി.പി സഖ്യം നഗരങ്ങളിൽ ഒന്നുമാവില്ലെന്നും ടൈംസ് സർവെ വിലയിരുത്തുന്നു.

ടൈംസ് സർവെയിൽ കോഴിക്കോട് -കണ്ണുർ ജില്ലകളെക്കുറിച്ച് പറയുന്നത് തെറ്റാൻ സാധ്യതയുണ്ടെന്ന് പൊതുനിരീക്ഷണമുണ്ട്. സർവേ 23 വരൈയുള്ള ദിവസങ്ങളിലാണ് നടന്നതെന്നും മാണിക്കെതിരായ കോടതി വിധി അടക്കമുള്ള കാര്യങ്ങളും, വി.എസിന്റെ കാടിളക്കിയുള്ള ജില്ലാപര്യടനവുമൊക്കെ വഴി കിട്ടിയ രാഷ്ട്രീയ ധ്രുവീകരണം ഈ ദിവസങ്ങൾക്ക് ശേഷമാണ് ഉണ്ടായത്. ഇതു സൂചിപ്പിക്കുന്നത് ഈ രണ്ടിടത്തും എൽഡിഎഫിനു തന്നെ മുൻതൂക്കം വരുമെന്നാണ്.