തിരുവനന്തപുരം: സമ്പദ് വ്യവസ്ഥയെയെയും സഹകരണ മേഖലയെയും അടിമുടിയുലച്ച നോട്ട് പിൻപിൻവലിക്കൽ ദുരിതത്തിനെതിരെ എൽഡിഎഫ് മനുഷ്യചങ്ങല തീർത്തു. കോടിയേരിയുടെ 'വലംകൈയായി' പിണറായിയും ഇടംകൈ പിടിച്ച് വിഎസും പങ്കാളികളായി. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അഞ്ച് ലക്ഷത്തിലേറെ പേർ കൈകോർത്തു.

കലാ-സാംസ്‌കാരിക-കായികപ്രതിഭകളും സാമൂഹ്യപ്രവർത്തകരും വിദ്യാർത്ഥികളും യുവാക്കളും അദ്ധ്യാപകരും ജീവനക്കാരും തൊഴിലാളികളും കർഷകരും തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിൽപെട്ടവർ മനുഷ്യച്ചങ്ങലയിൽ കുടുംബസമേതം കണ്ണികളാകും. സഹകരണമേഖലയെ ശ്വാസംമുട്ടിച്ചുകൊല്ലാനുള്ള സംഘപരിവാർ അജൻഡയ്ക്കുള്ള താക്കീതുമായി രാഷ്ട്രീയഭേദമെന്യേ നിക്ഷേപകരും സഹകരണ പ്രസ്ഥാനങ്ങളെ സ്‌നേഹിക്കുന്നവരും ചങ്ങലയിൽ അണിചേർന്നു.

തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് ആലപ്പുഴവഴി തൃശൂർ, ചെറുതുരുത്തി, നീലിയാട്, എടപ്പാൾ, കുറ്റിപ്പുറംവഴി കാസർകോട് ടൗൺവരെ ദേശീയപാതയുടെ ഇടതുവശത്ത് (പടിഞ്ഞാറുഭാഗം)ലക്ഷങ്ങളാണ് അണിനിരന്നത്. വയനാട്, ഇടുക്കി ജില്ലകളിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന പ്രത്യേക മനുഷ്യച്ചങ്ങലകൾ തീർത്ത് മലയോരജനതയും പ്രതിഷേധത്തിൽ പങ്കാളികളായി. പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവർ ആലപ്പുഴ ജില്ലയിൽ ചേർന്നു. നിശ്ചയിച്ച കേന്ദ്രങ്ങളിലേക്ക് വൈകിട്ട് നാലിനുമുമ്പ് തന്നെ സ്ത്രീപുരുഷഭേദമെന്യേ ഒഴുകിയെത്തി.. തുടർന്ന് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങൾക്കു നേരെ നടക്കുന്ന കടന്നാക്രമണങ്ങളെ ഒരേമനസ്സോടെ നേരിടുമെന്ന് പ്രതിജ്ഞയെടുത്തു..

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, വി എസ് അച്യുതാനന്ദൻ, ആനത്തലവട്ടം ആനന്ദൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി ശശി, ജനതാദൾ ദേശീയനേതാവ് നീലലോഹിതദാസൻ, എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ തുടങ്ങിയ നേതാക്കൾ കണ്ണികളായി..

ഇന്ദ്രൻസ്, ജാസി ഗിഫ്റ്റ്, ലെനിൻ രാജേന്ദ്രൻ, സജിത മഠത്തിൽ തുടങ്ങി സിനിമ രംഗത്തെ പ്രമുഖർ തിരുവനന്തപുരത്ത് മനുഷ്യ ചങ്ങലയിൽ അണിചേർന്നു.