- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇങ്ങനെ ഒരു നുകത്തിൽ പോവേണ്ട! കാനത്തിന്റെ കളികൾ അതിരു കടക്കുന്നു; തോമസ് ചാണ്ടി വിഷയത്തിൽ 'ആളാവാൻ' കളിച്ചത് വിലകുറഞ്ഞ തന്ത്രം; മന്ത്രിമാരുടെ ബഹിഷ്കരണത്തിൽ പിണറായി കടുത്ത അതൃപ്തൻ; കാനത്തിന് കടുത്ത ഭാഷയിൽ ഇന്നുതന്നെ മറുപടി നൽകാൻ കോടിയേരിയെ ചുമതലപ്പെടുത്തി പോളിറ്റ് ബ്യൂറോ; സിപിഎമ്മിനോട് എതിർത്ത് സിപിഐ ചോദിച്ചു വാങ്ങുക ആർഎസ്പിയുടെ ഗതിയെന്ന് വല്ല്യേട്ടൻ; ഇടതു മുന്നണി കടുത്ത പ്രതിസന്ധിയിലേക്ക്
ന്യൂഡൽഹി: തോമസ് ചാണ്ടി വിഷയത്തിൽ എൽഡിഎഫിലെ രണ്ടാം ഘടകകക്ഷിയായ സിപിഐ സ്വീകരിച്ച നിലപാടിലും മന്ത്രിസഭായോഗം സിപിഐ മന്ത്രിമാർ ബഹിഷ്‌കരിച്ചതിലും കടുത്ത എതിർപ്പ് രേഖപ്പെടുത്തി സി.പി.എം പിബി. കേരളത്തിൽ സിപിഎമ്മിനെ വൻ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് അടുത്ത ഘടകകക്ഷിയിൽ നിന്ന് ഉണ്ടായതെന്ന് ഇന്ന് ഡൽഹിയിൽ ചേർന്ന അവയ്‌ലബിൾ പിബി യോഗം വിലയിരുത്തി. ഇതോടെ തോമസ് ചാണ്ടിയുടെ രാജി വിഷയത്തിൽ വലിയ അകൽച്ച ഇരു പാർട്ടികളും തമ്മിൽ ഉണ്ടാകുന്നു എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. പാർട്ടിയിലെ ഒന്നാമനും രണ്ടാമനും കൊമ്പുകോർക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയതോടെ ഇടതുമുന്നണി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സിപിഐയുടെ നിലപാടിൽ പാർട്ടിയുടെ പ്രതിഷേധം അറിയിക്കാൻ പിബി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അസാന്നിധ്യത്തിലാണ് ഡൽഹിയിൽ അവയ്‌ലബിൾ പിബി യോഗം ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുത്തു. ഇന്നലെ തോമസ് ചാണ്ടിയുടെ രാജിയുമായ
ന്യൂഡൽഹി: തോമസ് ചാണ്ടി വിഷയത്തിൽ എൽഡിഎഫിലെ രണ്ടാം ഘടകകക്ഷിയായ സിപിഐ സ്വീകരിച്ച നിലപാടിലും മന്ത്രിസഭായോഗം സിപിഐ മന്ത്രിമാർ ബഹിഷ്‌കരിച്ചതിലും കടുത്ത എതിർപ്പ് രേഖപ്പെടുത്തി സി.പി.എം പിബി. കേരളത്തിൽ സിപിഎമ്മിനെ വൻ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് അടുത്ത ഘടകകക്ഷിയിൽ നിന്ന് ഉണ്ടായതെന്ന് ഇന്ന് ഡൽഹിയിൽ ചേർന്ന അവയ്‌ലബിൾ പിബി യോഗം വിലയിരുത്തി. ഇതോടെ തോമസ് ചാണ്ടിയുടെ രാജി വിഷയത്തിൽ വലിയ അകൽച്ച ഇരു പാർട്ടികളും തമ്മിൽ ഉണ്ടാകുന്നു എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. പാർട്ടിയിലെ ഒന്നാമനും രണ്ടാമനും കൊമ്പുകോർക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയതോടെ ഇടതുമുന്നണി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
സിപിഐയുടെ നിലപാടിൽ പാർട്ടിയുടെ പ്രതിഷേധം അറിയിക്കാൻ പിബി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അസാന്നിധ്യത്തിലാണ് ഡൽഹിയിൽ അവയ്‌ലബിൾ പിബി യോഗം ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുത്തു. ഇന്നലെ തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐയുടെ കടുംനിലപാട് സർക്കാർ പ്രതിസന്ധിയിലേക്ക് എത്തിയെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചിരുന്നു. സിപിഐ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയെന്ന് പിണറായി ഇന്ന് പിബി യോഗത്തിൽ വ്യക്തമാക്കി. ഇതോടെയാണ് സിപിഐക്ക് എതിരെ കടുത്ത നീക്കത്തിന് സി.പി.എം ഒരുങ്ങുന്നത്.
തോമസ് ചാണ്ടിയുൾപ്പെടെ പങ്കെടുക്കുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം സ്വീകരിച്ചത്. നാലു സിപിഐ മന്ത്രിമാരും ഇതിനോട് യോജിക്കുകയും ഇന്നലെ രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ഇതോടെ സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്ന നിലയിൽ വിലയിരുത്തലുകൾ പുറത്തുവന്നുതുടങ്ങി. തുടർന്ന് പ്രതിസന്ധി ഒഴിവാക്കാനായി തോമസ് ചാണ്ടിയോട് ഉടൻ രാജി സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ചേർന്ന എൽഡിഎഫ് യോഗത്തിൽ സിപിഐ കടുത്ത നിലപാട് തോമസ് ചാണ്ടിക്ക് എതിരെ സ്വീകരിച്ചിരുന്നെങ്കിലും രാജിക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളട്ടെ എന്ന നിലപാടിനോട് അവസാനം യോജിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻസിപിയുടെ കൂടി അഭ്യർത്ഥന മാനിച്ചാണ് തോമസ് ചാണ്ടിക്ക് കുറച്ചുകൂടി സാവകാശം നൽകാൻ ധാരണയായത്. കോടതിവിധി എതിരായാൽ മാത്രം മതി രാജിയെന്നായിരുന്നു ധാരണ.
എൻസിപി യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കാനും അത് അറിയിക്കാനുമാണ് എൽഡിഎഫ് നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച എൻസിപി എക്‌സിക്യുട്ടീവ് യോഗം ചേരുകയും മന്ത്രിയുടെ രാജിക്കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന് വിടുകയും ചെയ്തു. എന്നാൽ ഇതേദിവസം തന്നെ കോടതിയിൽ നിന്ന് സർക്കാരിനും തോമസ് ചാണ്ടിക്കുമെതിരെ വിമർശനവും ഉണ്ടായി. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം ചാണ്ടി രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് സി.പി.എം കൈക്കൊണ്ടത്. എൽഡിഎഫിലെ ധാരണയും ഇതായിരുന്നു.
എന്നാൽ പിറ്റേന്ന് പൊടുന്നനെ സിപിഐ കളംമാറ്റിച്ചവിട്ടിയത് സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു. രാവിലെയാണ് മന്ത്രിസഭാ യോഗത്തിൽ ചാണ്ടി പങ്കെടുക്കുന്നുണ്ടെങ്കിൽ സിപിഐ മന്ത്രിമാർ എത്തില്ലെന്ന നിലപാടെടുത്തത്. ഇക്കാര്യത്തിൽ മുൻകൂട്ടി ഒരു സൂചനയും മുഖ്യ ഘടകകക്ഷിയെന്ന നിലയിൽ സിപിഎമ്മിന് നൽകിയതുമില്ല. രാവിലെ സിപിഐ മന്ത്രിമാർ യോഗത്തിന് എത്താതിരുന്നതോടെ സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടായി എന്ന നിലയിൽ ചാനലുകളിൽ വാർത്തകളും വന്നുതുടങ്ങി. എന്നാൽ ഇത്തരമൊരു സാഹചര്യം മുതലെടുത്ത് മുഖ്യമന്ത്രി പിണറായിയേയും സിപിഎമ്മിനേയും പ്രതിസന്ധിയിലാക്കാനും സമ്മർദ്ദം ചെലുത്തി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തിക്കാനും സിപിഐ മനഃപൂർവം തന്ത്രമൊരുക്കി എന്ന വിലയിരുത്തലാണ് സിപിഎമ്മിന് ഉള്ളത്. ഇന്നലെ തന്നെ ഇതുംബന്ധിച്ച് സി.പി.എം ആശയവിനിമയവും തുടങ്ങിയിരുന്നു.
സിപിഎമ്മിന്റെ പിണക്കം മനസ്സിലാക്കിക്കൊണ്ടുതന്നെ ന്യായവാദവുമായി കാനം ഇന്ന് പാർട്ടി പത്രത്തിലൂടെ തന്നെ രംഗത്തുവന്നു. അസാധാരണ നടപടി അനിവാര്യമാക്കിയ അസാധാരണ സാഹചര്യമായിരുന്നു ഇന്നലത്തെ മന്ത്രിസഭാ യോഗ ബഹിഷ്‌കരണം എന്ന വാദമുയർത്തിയാണ് ജനയുഗത്തിൽ കാനം എഡിറ്റോറിയൽ എഴുതിയത്. ഇത് അസാധാരണ നടപടിയെന്ന് മുഖ്യമന്ത്രിതന്നെ ഇന്നലെ വിശേഷിപ്പിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് കാനം തങ്ങളുടെ നടപടിക്ക് ന്യായീകരണവുമായി എത്തിയത്. കോടതിയിൽ നിന്ന് മന്ത്രിയുടെ പരാതി ഭരണഘടനാ വിരുദ്ധമാണെന്ന പരാമർശം വന്ന സാഹചര്യത്തിലാണ് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നാണ് സിപിഐയുടെ വാദം.
എന്നാൽ അക്കാര്യം സിപിഎമ്മുമായി ചർച്ചചെയ്യാതെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഐ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. ഇതോടെ സിപിഐയുടെ നിലപാടിന് സി.പി.എം വഴങ്ങിയെന്നും അതിനാലാണ് മന്ത്രിയുടെ രാജി ഉണ്ടായതെന്നുമുള്ള സംസാരം ഉണ്ടാക്കാനും ചുളുവിൽ പ്രതിച്ഛായ കൂട്ടാനുമാണ് സിപിഐ ശ്രമിച്ചതെന്ന വാദമാണ് സിപിഎമ്മിൽ ഉള്ളത്.
മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങൾ നയിക്കുന്നതിനപ്പുറം സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിന് സിപിഐ മനപ്പൂർവം ശ്രമം നടത്തിയെന്നാണ് സി.പി.എം പൊളിറ്റ് ബ്യൂറോയുടെ വിലയിരുത്തൽ. തോമസ് ചാണ്ടിയുടെ രാജിക്കാര്യം ആലോചിക്കാൻ എൻസിപിക്ക് സമയം നൽകാമെന്ന എൽഡിഎഫ് ധാരണയ്ക്ക് വിരുദ്ധമായി സിപിഐ നീങ്ങിയെന്നും സി.പി.എം കുറ്റപ്പെടുത്തുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കി സിപിഐക്ക് ശക്തമായ മറുപടി നൽകാൻ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയെ ഇന്നത്തെ പിബി ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇക്കാര്യം ഇന്ന് വൈകീട്ട് നാലിന് പത്രസമ്മേളനം നടത്തി തന്നെ പറയാനും കോടിയേരിക്ക് നിർദ്ദേശം നൽകിയതായാണ് അറിയുന്നത്.
ഇന്നലെ സിപിഐ മന്ത്രിമാർ ക്യാബിനറ്റ് ബഹിഷ്‌കരിച്ചതോടെ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ ഹസ്സൻ, വി എം സുധീരൻ തുടങ്ങിയ നേതാക്കളെല്ലാം സർക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇത്തരമൊരു സ്ഥിതിയിൽ പരസ്പര ധാരണ നഷ്ടപ്പെട്ട നിലയിലാണ് കാര്യങ്ങൾ എന്ന് വ്യക്തമാക്കുന്നതാണ് ഇന്ന് സി.പി.എം പിബിയും വിലയിരുത്തിയിട്ടുള്ളത്. സിപിഎമ്മിനോട് കളിച്ച ആർഎസ്‌പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പോടെ ഉണ്ടായ ഗതി സിപിഐ ചോദിച്ചുവാങ്ങരുതെന്ന മുന്നറിയിപ്പാണ് സി.പി.എം ഓർമ്മിപ്പിക്കുന്നത്.