കോട്ടയം: കോട്ടയം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് അംഗങ്ങൾക്ക് നിർദ്ദേശം. ഡിസിസി പ്രസിഡന്റ് നേരിട്ട് വിപ്പ് നൽകി. കോൺഗ്രസിൽ ഭിന്നത രൂക്ഷമായ സാഹര്യത്തിലാണ് നിർദ്ദേശം. ബിജെപി അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും. വിപ്പ് നൽകിയിട്ടുണ്ട് ഭരണസ്തംഭനം ആരോപിച്ചാണ് കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.

യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമുള്ള നഗരസഭയിൽ എട്ട് പേരുള്ള ബിജെപിയുടെ നിലപാട് നിർണായകമാണ്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് തിരുമാനം. അംഗങ്ങൾക്ക് ബിജെപി വിപ്പ് നൽകി. ബിജെപി ജില്ലാ അധ്യക്ഷൻ നോബിൾ മാത്യു വിളിച്ച് ചേർത്ത കൗൺസിലർമാരുടെ യോഗത്തിലാണ് തീരുമാനം.

ഭരണസമിതിയെ താഴെ ഇറക്കുക എന്നതാണ് ഇന്ന് പ്രധാനപ്പെട്ട കാര്യമെന്ന് കണ്ടാണ് അവിശ്വാസത്തെ പിന്തുണയ്ക്കുക എന്ന തീരുമാനം എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു വ്യക്തമാക്കി. സിപിഎമ്മുമായി ഒരു കൂട്ടുകെട്ടിനും ഇല്ല, പക്ഷേ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും. ബിജെപി കൗൺസിലർമാരുടെ വാർഡുകളെ ഭരണസമിതി അവഗണിച്ചിരുന്നു. അതു കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നത് എന്നും ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു.

കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ തങ്ങൾക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച ശേഷം യുഡിഎഫിൽ തിരിച്ചെത്തിയാണ് ബിൻസി സെബാസ്റ്റ്യൻ നഗരസഭ ചെയർപേഴ്‌സൻ ആയത്. ആകെ 52 അംഗങ്ങൾ ഉള്ള നഗരസഭയിൽ 27 പേരുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസ്സാവാൻ വേണ്ടത്.

അധ്യക്ഷയ്ക്ക് എതിരായ അവിശ്വാസം പാസാവാൻ 5 അംഗങ്ങളെ എങ്കിലും എൽഡിഎഫിന് അധികമായി വേണ്ടിവന്നിരുന്നു. എന്നാൽ എട്ട് അംഗങ്ങളുള്ള ബിജെപി പിന്തുണയ്ക്കുമെന്ന നിലപാടോടെ ഈ പ്രതിസന്ധിയാണ് ഒഴിവായത്.

ആകെ 52അംഗങ്ങളാണ് കോട്ടയം നഗരസഭയിലുള്ളത്. സ്വതന്ത്രൻ ഉൾപ്പടെ 22 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. സിപിഐഎം 16, സിപിഐ രണ്ട്, കേരള കോൺഗ്രസ് എം, സ്‌കറിയ തോമസ്, കോൺഗ്രസ് എസ്, സിപിഎം സ്വതന്ത്രൻ എന്നിവർക്ക് ഒരോ അംഗങ്ങൾ എന്നിങ്ങനമെയാണ് അംഗബലം. 22 അംഗങ്ങളുള്ള യുഡിഎഫിൽ കോൺഗ്രസ് 20, കെസിഎം ജോസഫ് ഒന്ന്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. എട്ട് അംഗങ്ങളാണ് ബിജെപിക്കുള്ളത്.