- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഡിഎഫ് വിട്ടെത്തിയ പരിഗണനയോ മാതൃഭൂമി പത്രത്തിന്റെ സ്വാധീനമോ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് എൽജെഡി; രണ്ടാം ടേമിലെക്കു പരിഗണന മാറ്റിയതിൽ നിരാശനായി ഗണേശ് കുമാർ; വേദനയിൽ കുഞ്ഞുമോൻ; ചെറുകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകിയിട്ടും അതൃപ്തിയിൽ എൽഡിഎഫ്
തിരുവനന്തപുരം: കേരളം കണ്ട മികച്ച മന്ത്രിമാരിൽ ഒരാളാണ് താനെന്ന് പ്രവർത്തിയിലൂടെ തെളിയിച്ച വ്യക്തിയാണ് കെബി ഗണേശ് കുമാർ. കഴിഞ്ഞ പിണറായി സർക്കാരിലും കെബി ഗണേശ് കുമാർ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചു. എന്നാൽ നൽകിയില്ല. ഇടതു മുന്നണിയിൽ അംഗമായതോടെ ഇത്തവണയെങ്കിലും ഫുൾ ടേം പ്രതീക്ഷിച്ചു. അതും നടന്നില്ല. അപ്പോഴും ആദ്യ ടേമിൽ ആഗ്രഹിച്ചു. അതും വെട്ടി. നിരാശയിലാണ് ഗണേശ്. എന്നാൽ അതിലും വിലയ പ്രതിസന്ധിയിലാണ് എൽജെഡി. കോവൂർ കുഞ്ഞുമോനും മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ വേദനയിൽ. അങ്ങനെ ചെറു കക്ഷികൾക്ക് മന്ത്രിസ്ഥാനം കൊടുത്തിട്ടും എൽഡിഎഫിലെ പ്രശ്നം തീരുന്നില്ല.
21 മന്ത്രിമാരിൽ കുറഞ്ഞത് 12 മന്ത്രിമാർ വേണമെന്ന് സിപിഎം ആദ്യമേ തീരുമാനിച്ചിരുന്നു. മന്ത്രിസ്ഥാനം കുറയ്ക്കാൻ സിപിഐയും തയ്യാറല്ല. ഇതോടെയാണ് ചെറുകക്ഷികളുടെ കാര്യം കഷ്ടമായത്. ഏക എംഎൽഎമാരുള്ളവർക്ക് മന്ത്രിസ്ഥാനം കൊടുക്കേണ്ടതില്ലെന്നായിരുന്നു ആദ്യ ധാരണ. എന്നാൽ അതു മാറ്റിൽ അഞ്ചിൽ നാലുപേർക്ക് മന്ത്രിപദം പങ്കിട്ടു കൊടുത്തു. എന്നിട്ടും ശ്രേയംസ് കുമാറിന്റെ എൽജെഡിയെ തഴഞ്ഞു. ഇത് നീതികേടാണെന്ന് യുഡിഎഫ് വിട്ടെത്തിയ സോഷ്യലിസ്റ്റ് പാർട്ടി പറയുന്നു. തീർത്തും അവഗണന. ഇവരുടെ പരാതിക്ക് കൃത്യമായ മറുപടി നൽകാൻ സിപിഎമ്മിനും കഴിയുന്നില്ല. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഈ പാർട്ടി.
ആർ എസ് പി യുഡിഎഫിലേക്ക് പോയപ്പോൾ ഇടതു സ്നേഹം കൊണ്ട് കുഞ്ഞുമോൻ സിപിഎമ്മിനൊപ്പം ചേർന്നു നിന്നു. കുന്നത്തൂരിൽ നിന്ന് രണ്ടു തവണ ഇടതുപക്ഷത്തിന് വേണ്ടി ജയിച്ചു. എന്നിട്ടും ഇടതുമുന്നണിയിൽ പോലും സ്ഥാനമില്ല. ഇതാണ് കുഞ്ഞുമോന്റെ വേദനയ്ക്ക് കാരണം. കടുത്ത മത്സരത്തെയാണ് ഇത്തവണ അതിജീവിച്ചത്. മന്ത്രിയുടെ ഗ്ലാമർ ഇല്ലെങ്കിൽ അടുത്ത തവണ എന്തു സംഭവിക്കുമെന്ന് പോലും അറിയില്ല. പക്ഷേ ഈ വേദനയൊന്നും സിപിഎം കാണുന്നില്ല. എന്തുകൊണ്ട് തന്നെ രണ്ടാം ടേമിൽ മന്ത്രിയാക്കുന്നുവെന്നതിന് ഗണേശ് കുമാറിന് മുമ്പിൽ ഉത്തരമില്ലെന്നതും മറ്റൊരു വസ്തുതയാണ്.
എൽജെഡിക്ക് കോഴിക്കോടും വയനാട്ടും വേരുകളുണ്ട്. എന്നാൽ കൽപ്പറ്റയിൽ ശ്രേയംസ് കുമാർ തോറ്റു. വടകരയിലും പാർട്ടിക്ക് തിരിച്ചടിയുണ്ടായി. ജയിച്ചത് സിപിഎം കോട്ടയായ കൂത്തുപറമ്പിൽ മാത്രം. അതുകൊണ്ടാണ് മന്ത്രിസ്ഥാനം കൊടുക്കാത്തതെന്നാണ് സൂചന. വടകരയിൽ കെകെ രമ ജയിച്ചത് എൽജെഡി കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നു. മാതൃഭൂമി പത്രവും ശ്രേയംസിന്റെ പൂർണ്ണ നിയന്ത്രണത്തിൽ. അതും എൽജെഡിയെ മന്ത്രിയാക്കുന്നതിൽ പരിഗണനാ വിഷയമായില്ല. യുഡിഎഫിന്റെ കെട്ടുറപ്പിനെ തകർത്ത് ആദ്യം പുറത്തു വന്നത് വീരേന്ദ്ര കുമാറും എൽജെഡിയുമായിരുന്നു. അതും പിണറായി മുഖവിലയ്ക്ക് പോലും എടുത്തില്ല. അങ്ങനെ എല്ലാ അർത്ഥത്തിലും അപമാനിതരായി ശ്രേയംസും കൂട്ടരും.
മന്ത്രിപദം വീതം വയ്ക്കുമ്പോൾ ആദ്യ ടേം വേണമെന്ന് ആവശ്യപ്പെട്ട് രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേശ് കുമാറും. ആദ്യ ടേം വേണ്ടെന്ന് ആന്റണി രാജു. പക്ഷേ, ഈ ആവശ്യങ്ങൾ എൽഡിഎഫ് യോഗത്തിൽ സിപിഎം തള്ളി. ആദ്യം നിർദ്ദേശിച്ചതു പോലെ ജനാധിപത്യ കേരള കോൺഗ്രസിനും ഐഎൻഎല്ലിനും തന്നെയാണ് ആദ്യ അവസരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കടന്നപ്പള്ളിയുടെ സീനിയോറിറ്റി പരിഗണിച്ച് ആദ്യ അവസരം നൽകണമെന്നാണ് അദ്ദേഹത്തിന്റെ പാർട്ടി എൽഡിഎഫിൽ ആവശ്യപ്പെട്ടത്. 41 വർഷമായി ഇടതുമുന്നണിക്കൊപ്പം നിൽക്കുന്ന നേതാവെന്ന പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ 5 വർഷവും പുറത്തു നിന്ന തനിക്ക് ഇത്തവണ ആദ്യം അവസരം നൽകണമെന്ന് കെ.ബി. ഗണേശ് കുമാറും പറഞ്ഞു.
ഇതോടെയാണ് ആദ്യ ഊഴത്തിന് ആവശ്യക്കാർ ഉണ്ടെങ്കിൽ കാത്തിരിക്കാൻ സന്നദ്ധനാണെന്ന് ആന്റണി രാജു വ്യക്തമാക്കിയത്. എന്നാൽ പല ഘടകങ്ങൾ പരിഗണിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നു മുഖ്യമന്ത്രി വിശദീകരിച്ചതോടെ ആ ചർച്ച അവസാനിച്ചു. അങ്ങനെ കടന്നപ്പള്ളിയും ഗണേശും നിരാശരുമായി. രണ്ടു ക്യാബിനറ്റ് റാങ്കുകൾ നേടിയ കേരള കോൺഗ്രസ് മുന്നണിയിലെ മൂന്നാമത്തെ കക്ഷിയെന്ന് വീണ്ടു ഉറപ്പിച്ചു.
യുഡിഎഫ് വിട്ടുവന്ന കക്ഷിയെന്ന പരിഗണന പോലും നൽകാതെയാണ് എൽജെഡിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചത്. നാലു കക്ഷികൾക്ക് മന്ത്രിസ്ഥാനം ടേം വ്യവസ്ഥയിൽ നൽകിയപ്പോൾ അതിൽ പരിഗണിക്കപ്പെടുമെന്ന് അവസാന നിമിഷം വരെ എൽജെഡി പ്രതീക്ഷിച്ചിരുന്നു. എന്നാൽ ജനതാദൾ എസുമായി ലയിച്ചില്ലെന്ന കാരണം പറഞ്ഞ് സിപിഎം തള്ളി. രണ്ടാം ടേമിൽ എൽജെഡിയെ പരിഗണിക്കണമെന്ന നിർദ്ദേശം മാത്രം ജനതാദളിന് സിപിഎം നൽകി. എന്തുകൊണ്ട് എൽജെഡി ഒഴിവാക്കപ്പെട്ടുവെന്ന ചോദ്യത്തിന് ഇടതുമുന്നണി കൺവീനറുടെ മറുപടി 21 മന്ത്രിമാരേ ഉള്ളൂ എന്നതായിരുന്നു.
സീറ്റുവിഭജനത്തിലെ പോലെ മന്ത്രിസഭാ രൂപീകരണത്തിലും കേരള കോൺഗ്രസിന് അർഹമായ പരിഗണന കിട്ടി. റോഷി അഗസ്റ്റിൻ മന്ത്രിയും എൻ. ജയരാജ് ചീഫ് വിപ്പുമാകും. ഫിഷറീസ് മന്ത്രിയാവാൻ സാധ്യതയുള്ള ആന്റണി രാജു രണ്ടാം ടേമിൽ മന്ത്രിയാവാനാണ് ആഗ്രഹിച്ചത്. പക്ഷേ, സാമുദായികഘടകം ആദ്യ ടേമിൽ മന്ത്രിസഭിയിലേക്ക് വരുന്നതിൽ ആന്റണി രാജുവിന് അവസരം ഒരുക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ