കോട്ടയം: പിസിജോർജിന്റെ കേരള ജനപക്ഷം അംഗങ്ങളുടെ സഹായത്തോടെ ഭരിച്ചുവന്ന ഈരാറ്റുപേട്ട നഗരസഭയിൽ പ്രതിപക്ഷ അവിശ്വാസം പാസായതോടെ ഇടതുപക്ഷത്തിന് അധികാരം നഷ്ടമായി. നഗരസഭാ ചെയർമാനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയും ഒരു എൽഡിഎഫ് അംഗം അവിശ്വാസത്തെ അനുകൂലിച്ച് വോട്ടുചെയ്യുകയും ചെയ്തതോടെയാണ് അവിശ്വാസം പാസായതും ഇടതുഭരണം താഴെപ്പോയതും. ജനപക്ഷവും കോൺഗ്രസിനൊപ്പം നിലകൊണ്ടു എന്ന നിലയിലാണ് കാര്യങ്ങൾ ചർച്ചയാകുന്നതെങ്കിലും സിപിഎം അംഗംതന്നെ അധികാരത്തിലെത്തുമെന്നാണ് ജോർജ് പ്രതികരിച്ചിട്ടുള്ളത്.

വിപ്പ് ലംഘിച്ച് ഇടതു സ്വതന്ത്രാംഗം കബീർ ആണ് വോട്ടുചെയ്തത്. ഇതോടെ 28 അംഗങ്ങളിൽ 15 പേരുടെ പിന്തുണയോടെ അവിശ്വാസം പാസാകുകയായിരുന്നു. വോട്ടെടുപ്പിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഎം വിപ്പ് നൽകിയിരുന്നു. സിപിഎം പിന്തുണയോടെ മത്്‌സരിച്ച സ്വതന്ത്രാംഗം കബീർ എന്നാൽ അവിശ്വാസത്തെ അനുകൂലിച്ച് മറുകണ്ടം ചാടിയെന്ന ആക്ഷേപമാണ് ഉയരുന്നത്. ലീഗ് എട്ട്, ജനപക്ഷം നാല്, കോൺഗ്രസ് മൂന്ന്, സിപിഎം. ഏഴ്, സിപിഐ. രണ്ട്, എസ്.ഡി.പി.ഐ. നാല് എന്നിങ്ങനെയാണ് കക്ഷി നില. ഇക്കുറി വോട്ടെടുപ്പിൽ ആരെല്ലാം കളംമാറിയെന്ന പൂർണചിത്രം പുറത്തുവന്നിട്ടില്ല.

കോൺഗ്രസും ലീഗും ജനപക്ഷവും ചേർന്നാൽ 28 ൽ 15 അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ അവിശ്വാസം പാസാക്കാനാകുമെന്ന കണക്കുകൂട്ടലിൽ കഴിഞ്ഞ വർഷം മുതലേ ഈരാറ്റുപേട്ട നഗരസഭയിൽ ഭരണം പിടിക്കാൻ നീക്കം നടന്നിരുന്നുവെങ്കിലും ഇതുവരെ അത് നടന്നിരുന്നില്ല. പിസി ജോർജിന്റെ ജനപക്ഷത്തിന്റേയും എസ്ഡിപിഐയുടെയും പിന്തുണയോടെയാണ് ഇടതുപക്ഷം ഇവിടെ ഭരണം നടത്തിയിരുന്നത്.

കഴിഞ്ഞ വർഷം തന്നെ ചെയർമാനെ മാറ്റണമെന്ന് പിസി ജോർജ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവിശ്്വാസം കൊണ്ടുവരാൻ കോൺഗ്രസും ലീഗും നീക്കം തുടങ്ങിയതും. എന്നാൽ അന്ന് ജോർജിന്റെ കത്ത് സിപിഎം തള്ളുകയായിരുന്നു. ഇതിനെ തുടർന്ന് നടന്ന ശ്രമങ്ങളാണ് ഇപ്പോൾ ഇടതുഭരണം നഷ്ടമാകുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചത്. ജോർജ് ചെയർമാനെതിരെ രംഗത്തുവന്നതോടെ ചെയർമാൻ റഷീദിനെതിരെ ആറു മാസം മുൻപും യു.ഡി.എഫ് വിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നു. അന്ന് പി.സി ജോർജിന്റെ കേരള ജനപക്ഷം പാർട്ടിയിലെ ഒരംഗം പിന്തുണച്ചതിനാൽ അവിശ്വാസം പരാജയപ്പെട്ടു.

അഴിമതിയും സ്വഭാവദൂഷ്യവും ഉള്ള റഷീദിനെ ആറു മാസം മുൻപേ പുറത്താക്കേണ്ടതായിരുന്നുവെന്നും അന്ന് ജനപക്ഷത്തെ ഒരംഗം കാശ് വാങ്ങി അവിശ്വാസം പരാജയപ്പെടുത്തുകയായിരുന്നുവെന്ന് പി.സി ജോർജ് എംഎ‍ൽഎ ആരോപിച്ചു. ജനപക്ഷത്തെ വൈസ് ചെയർമാനെതിരെ ഉച്ചകഴിഞ്ഞ് അവിശ്വാസം പരിഗണിക്കുന്നുണ്ട്. ചെയർമാനെ പോലെ പുറത്തുപോകേണ്ടയാളാണ് വൈസ് ചെയർമാനെന്നും പി.സി ജോർജ് പറഞ്ഞു.

അവിശ്വാസം വോട്ടിനു വരുമ്പോൾ എന്തു സംഭവിക്കുമെന്ന അറിയില്ലെന്നും ജോർജ് പറഞ്ഞു. വൈസ് ചെയർമാന് എതിരായ അവിശ്വാസത്തിൽ എന്തു നിലപാട് എടുക്കുമെന്ന് അറിയില്ലെന്നും ജോർജ് കൂട്ടിച്ചേർത്തു. ഈരാറ്റുപേട്ട നഗരസഭയിൽ സിപിഎം അംഗം തന്നെ ചെയർമാനാകും. അവിടെ യു.ഡി.എഫിനോ മുസ്ലിം ലീഗിനോ ജനപക്ഷത്തിനോ ചെയർമാൻ സ്ഥാനം ലഭിക്കില്ലെന്നും ജോർജ് വ്യക്തമാക്കി.