മുക്കം: കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ ഉൾപ്പെട്ട തിരുവമ്പാടി മണ്ഡലം യു.ഡി.എഫിന്റെ കോട്ടയായാണ്. മലയോര വികസന സമിതിയുടെ പിന്തുണയോടെ ഇത് തിരിച്ചു പിടിക്കാനാണ് ഇടതുപക്ഷം ഇത്തവണ ശ്രമിക്കുന്നത്. മുസ്ലിം ലീഗും താമരശ്ശേരി രൂപതയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതീക്ഷയർപ്പിച്ച് തിരുവമ്പാടി തിരിച്ചു പിടിക്കാനാണ് സിപിഐ(എം) നീക്കം. ഈ മലയോര മേഖല എൽ.ഡി.എഫിന് ഇത് ബാലികേറാമലയല്ലെന്ന് ആദ്യം കാണിച്ചു കൊടുത്തത് 2006 ൽ തിരുവമ്പാടിക്കാരനായ മത്തായിചാക്കോ ആയിരുന്നു.

മുൻ മന്ത്രിമാരായ പി.പി.ജോർജും പി.സിറിയക്‌ജോണും മുസ്‌ലിം ലീഗ് നേതാവ്എ.വി. അബ്ദുറഹിമാൻഹാജിയും ജയിച്ചു കയറിയ തിരുവമ്പാടിയിൽ മുസ്ലിം ലീഗിന്റെ കരുത്തനായ സാരഥി എം.സി.മായിൻഹാജിയെ 5479 വോട്ടിന് മലർത്തിയടിച്ച് അന്നാദ്യമായി അദ്ദേഹം ചെങ്കൊടി പാറിച്ചു. മത്തായി ചാക്കോയുടെ നിര്യാണത്തെ തുടർന്നു നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലും സിപിഐ(എം)സ്ഥാനാർത്ഥി വിജയിച്ചു. ഇപ്പോൾ ലീഗ് സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഉമ്മർ മാസ്റ്ററെ തോൽപ്പിച്ച് ജോർജ് എം തോമസ് ആണ് അന്ന് വിജയിച്ചത്. പിന്നീട് തിരുവമ്പാടി ലീഗിനൊപ്പമായി. 2011 ലെ തെരഞ്ഞെടുപ്പിൽ ജോർജ്.എം.തോമസിനെ പരാജയപ്പെടുത്തി മുസ്‌ലിം ലീഗിലെ സി.മോയിൻകുട്ടി വിജയിച്ചു.

ഇപ്പോഴാകട്ടെ സിറ്റിങ് എംഎ‍ൽഎ യായ മോയിൻകുട്ടിക്ക് അവസരം നിഷേധിക്കുകയും കൊടുവള്ളി എംഎ‍ൽഎയായ ഉമ്മർ മാസ്റ്ററെ ഇവിടെ സ്ഥാനാർത്ഥിയാക്കുകയുമാണ് ചെയ്തിരിക്കുന്നത്. 2011 ൽ തിരുവമ്പാടി സീറ്റിനായി ക്രൈസ്തവ സഭയും അവരുടെ കർഷക വിഭാഗവും യുഡിഎഫിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. അവരെ അന്ന് അടക്കി നിർത്തിയത് അടുത്ത തിരഞ്ഞെടുപ്പിൽ അവർക്ക് സീറ്റുനൽകാമെന്ന ഉറപ്പ് ലീഗ് എഴുതി നൽകിയാണ്. മുസ്‌ലിം ലീഗിന്റെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായ പി.കെ.കുഞ്ഞാലിക്കുട്ടിയാണ് യു.ഡി.എഫ് ചെയർമാൻ ഉമ്മൻ ചാണ്ടിക്ക് രേഖ കൈമാറിയത്. ഇതെല്ലാം മറി കടന്നു നടത്തിയ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ഇപ്പോൾ തിരുവമ്പാടിയിൽ ലീഗിനും യു.ഡി.എഫിനും പ്രതിസന്ധിയായത്.

ഇതുകൊണ്ടാണ് മലയോര വികസന സമിതി ഇടതുമുന്നണിയുമായി കൈ കോർക്കാൻ തീരുമാനിച്ചത്. തങ്ങളുടെ വികാരം ഉൾക്കൊള്ളാൻ തയ്യാറായത് ഇടതുമുന്നണിയാണെന്നും തെരഞ്ഞെടുപ്പിൽ അവരുമായി ചേർന്ന് മുന്നോട്ടു പോകുമെന്നുമാണ് മലയോരവികസന സമിതി ചെയർമാൻ ചാക്കോ കാളംപറമ്പിൽ ഇന്നലെ പറഞ്ഞത്. സിപിഎമ്മും ഇത് അംഗീകരിക്കുന്നു. അതുകൊണ്ട് തന്നെ തിരുവമ്പാടിയിലെ സ്ഥാനാർത്ഥി മലയോര വികസന സമിതി മുന്നോട്ട് വയ്ക്കുന്ന ആൾ തന്നെയാകും. ഇടുക്കിയിലെ ഹൈറേഞ്ച് സംരക്ഷണ സമിതിയുമായുണ്ടാക്കിയ സഖ്യ മാതൃക മലബാറിലേക്കും വ്യാപിപ്പിക്കുകയാണ് സിപിഐ(എം).