കോഴിക്കോട്: സീറ്റ് വിഭജനത്തിൽ എല്ലാ ഘടകക്ഷികൾക്കും ഇടതു പക്ഷത്തിൽ സീറ്റു കുറയും. ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് മുന്നണിയിൽ എത്തിയ സാഹചര്യത്തിലാണ്. എൽജെഡിക്കും പുതുതായി സീറ്റ് നൽകണം. എൽഡിഎഫിന്റെ ഭാഗമായ എൽജെഡി, ജനതാദൾ (എസ്) എന്നിവ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ലയിക്കണമെന്നു സിപിഎം നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ പാതിവഴിയിൽ നിലച്ച ലയനചർച്ചകൾ പുനരാരംഭിച്ചു.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനാണ് ഇത്. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് പതിമൂന്ന് സീറ്റുകൾ വരെ കുറഞ്ഞത് മത്സരിക്കാൻ നൽകേണ്ടി വരും. മധ്യ കേരളത്തിൽ ജോസ് കെ മാണിയുടെ പാർട്ടിക്കുള്ള പിന്തുണ തിരിച്ചറിഞ്ഞാണ് ഇത്. ഈ സാഹചര്യത്തിൽ യുഡിഎഫിൽ ഏഴു സീറ്റിൽ മത്സരിച്ച വീരേന്ദ്രകുമാർ വിഭാഗത്തിന് സിപിഎം ഉറപ്പു നൽകുന്നത് നാലു സീറ്റ് മാത്രമാണ്. എൽഡിഎഫിലുള്ള ദള്ളിനും ഒരു സീറ്റ് കുറയും. നാല് സീറ്റ് നൽകിയ ജനാധിപത്യ കേരളാ കോൺഗ്രസിന് രണ്ട് സീറ്റേ കൊടുക്കാൻ ഇടയുള്ളൂ. അങ്ങനെ ചെറിയ കക്ഷികൾക്കെല്ലാം സീറ്റ് കുറയ്ക്കാനാണ് സാധ്യത.

എൻസിപിക്കും സീറ്റ് കുറയും. മാണി സി കാപ്പൻ വിഭാഗം ഇടതു മുന്നണി വിടുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനം വരും. എകെ ശശീന്ദ്രൻ ഇടതുപക്ഷത്ത് തുടരുമെന്നാണ് സിപിഎം പ്രതീക്ഷ. ഇത് കൂടി മനസ്സിൽ വച്ചാണ് സീറ്റ് വിഭജനത്തിൽ സിപിഎം പ്രാഥമിക ധാരണകൾ ഉണ്ടാക്കുന്നത്. ജനതാദള്ളിൽ ലയനം സിപിഎം പ്രതീക്ഷിക്കുന്നുണ്ട്. രണ്ട് കൂട്ടരോടും ഇക്കാര്യത്തിൽ ഉടൻ തീരുമാനം എടുക്കാൻ സിപിഎം നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജെഡിഎസ് നേതാക്കളായ മന്ത്രി കെ.കൃഷ്ണൻകുട്ടി, മാത്യു ടി.തോമസ് എന്നിവർ എൽജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാറുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് തൃശൂരിൽ ചേരുന്ന എൽജെഡി സംസ്ഥാന സമിതി യോഗം ഇതിൽ തീരുമാനമെടുക്കും. പുതുതായി മുന്നണിയിലെത്തിയ കക്ഷികൾക്കു സീറ്റ് കണ്ടെത്താനുള്ള ശ്രമത്തിലാണ് എൽഡിഎഫ് നേതൃത്വം. ദൾ പാർട്ടികൾ രണ്ടായി തുടർന്നാൽ കൂടുതൽ സീറ്റുകൾ നൽകേണ്ടിവരുമെന്ന് സിപിഎം കണക്കുകൂട്ടുന്നു.

ജെഡിഎസിന് കഴിഞ്ഞ തവണ നൽകിയത് 5 സീറ്റാണ്. എൽജെഡി യുഡിഎഫിൽ മത്സരിച്ചത് 7 സീറ്റുകളിലും. പിളർപ്പിനു മുൻപ് ജനതാദൾ എസിന് എൽഡിഎഫ് നൽകിയത് 8 സീറ്റായിരുന്നു. ലയനം നടന്നാൽ അത്രയും സീറ്റുകൾ നൽകാനാണ് ആലോചിക്കുന്നത്. അല്ലാത്ത പക്ഷം ജെഡിഎസിന് നാല് സീറ്റേ നൽകൂ. അവർക്ക് നിലവിൽ എംഎൽഎമാർ ആരുമില്ല. ഇതാണ് നാലു സീറ്റ് നൽകാൻ കാരണം. ജനതാദളിനും നാല് സീറ്റ് മാത്രമേ നൽകൂ. അവർക്ക് മൂന്ന് എംഎൽഎമാരുണ്ട്. രണ്ട് പാർ്ട്ടികളേയും ഇടതുപക്ഷത്ത് തുല്യശക്തികളായി കാണാനാണ് സിപിഎമ്മിന് താൽപ്പര്യം.

എൽജെഡി കഴിഞ്ഞ വട്ടം മത്സരിച്ച സീറ്റുകളിൽ നേമത്തൊഴികെ ജയിച്ചത് എൽഡിഎഫാണ്. നേമത്ത് ബിജെപിയും. അതു കൊണ്ടുതന്നെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളിൽ ഉൾപ്പെടെയാണ് എൽജെഡിയുടെ അവകാശവാദം. ഇതിൽ കെ.കെ. ശൈലജ ജയിച്ച കൂത്തുപറമ്പ് കെ.പി. മോഹനനു വേണ്ടി ആവശ്യപ്പെടുന്നു. കഴിഞ്ഞ തവണ മത്സരിച്ച അമ്പലപ്പുഴയ്ക്കു പകരം തെക്കൻ ജില്ലകളിൽ ഒരു സുരക്ഷിത മണ്ഡലവും ആവശ്യപ്പെട്ടിട്ടുണ്ട്. എൽജെഡിയും ജെഡിഎസും പരസ്പരം മത്സരിച്ച വടകരയിൽ ഇരുവിഭാഗവും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഈ തർക്കം ലയനത്തിലൂടെ അവസാനിക്കും.

ജനാധിപത്യ കേരളാ കോൺഗ്രസിനും സീറ്റ് കുറയും. ഫ്രാൻസിസ് ജോർജ് മുന്നണി വിട്ട് പിജെ ജോസഫിനൊപ്പം ചേർന്നിട്ടുണ്ട്. ആന്റണി രാജുവും കെസി ജോസഫും മാത്രമാണ് ഇപ്പോൾ ഇടതു പക്ഷത്തുള്ളത്. ഇതിൽ ആന്റണി രാജുവിന് കഴിഞ്ഞ തവണ മത്സരിച്ച സീറ്റ് തന്നെ കൊടുത്തേക്കും. എന്നാൽ കെ സി ജോസഫിന് നൽകാൻ സീറ്റില്ല. ഇതും പ്രശ്‌നമാണ്. കെസി ജോസഫിനോട് ജോസ് കെ മാണിയുടെ പാർട്ടിയിൽ ലയിക്കാനാണ് സിപിഎം ആവശ്യപ്പെടുന്നത്.