- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിപക്ഷ പ്രതിഷേധം രാഷ്ട്രീയമായി നേരിടും; സ്വർണ്ണക്കടത്ത് വിവാദം വിശദീകരിക്കാൻ എൽഡിഎഫ്; ജില്ലകളിൽ ഈ മാസം 21 മുതൽ വിശദീകരണ യോഗങ്ങളും റാലികളും; മുഖ്യമന്ത്രിക്കു നേരെ വിമാനത്തിലുണ്ടായ ആക്രമണത്തെ അപലപിച്ച് നേതാക്കൾ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ രാഷ്ട്രീയമായി നേരിടാൻ എൽഡിഎഫ് തീരുമാനം. ഈ മാസം 21 മുതൽ എല്ലാ ജില്ലകളിലും റാലികളും വിശദീകരണ യോഗങ്ങളും നടത്താൻ എൽഡിഎഫ് യോഗം തീരുമാനിച്ചു. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. അതേസമയം, മുന്നണി നേതാക്കൾ പങ്കെടുക്കും.
സ്വർണ്ണക്കടത്ത് വിവാദം വിശദീകരിക്കാൻ ജില്ലകളിൽ വിശദീകരണ യോഗങ്ങളും റാലികളും നടത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഈ മാസം 21 മുതൽ യോഗങ്ങൾ നടക്കും. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇടതുമുന്നണി കൺവീനർ കൂടിയായ ഇ.പി.ജയരാജൻ യോഗത്തിൽ വിശദീകരിച്ചു.
വിമാനത്തിൽ ആക്രമണ ശ്രമമുണ്ടായതിനെ കുറിച്ച് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. വഴിയിൽ നിന്ന് ഇപി പ്രതിരോധം തീർത്തെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. തിരുവനന്തപുരം എകെജി സെന്ററിൽ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി വിമാനത്തിലെ സംഭവങ്ങളെക്കുറിച്ച് പറഞ്ഞത്.
തനിക്ക് നേരെ വന്നവരെ തടയാൻ വേണ്ട ഇപി ജയരാജൻ പ്രതിരോധം തീർക്കുകയായിരുന്നുവെന്ന് പുറത്തു വന്ന വീഡിയോയെയിലെ രംഗങ്ങളെക്കുറിച്ച് വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി ഇടത് നേതാക്കളോട് വിശദീകരിച്ചു. മുഖ്യമന്ത്രിക്കെതിരായ ആക്രമണം എന്ന രീതിയിലാണ് എൽഡിഎഫ് യോഗം കാര്യങ്ങൾ വിലയിരുത്തിയത്.
മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും സിപിഎം പ്രതിരോധത്തിനുമിടെയാണ് എൽഡിഎഫ് യോഗം ചേർന്നത്. മുഖ്യമന്ത്രിക്കു നേരെ വിമാനത്തിലുണ്ടായ ആക്രമണത്തെ എൽഡിഎഫ് അപലപിച്ചു. ആക്രമണം ആസൂത്രിതമാണെന്നും കോൺഗ്രസ് നേതൃത്വം അറിഞ്ഞാണെന്നും ജയരാജൻ പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് വിമാനത്തിൽ അരങ്ങേറിയതെന്ന് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഇ.പി ജയരാജൻ ആരോപിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അവസാന നിമിഷമാണ് മൂന്ന് പേർ വിമാനത്തിൽ കയറിയത്.
ഇതിലൊരാൾ വധശ്രമക്കേസ് ഉൾപ്പെടെ 19 കേസുകളിൽ പ്രതിയാണ്. കൂടെയുള്ളവർക്കെതിരേയുംനിരവധി കേസുകളുണ്ട്. കോൺഗ്രസിന്റെ നേതൃത്വം അറിഞ്ഞുകൊണ്ടുള്ള ആക്രമണമാണിത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ജനങ്ങളെ അണിനിരത്തും.
സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതിയായി ജയിലിൽ കിടന്ന, 20 തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ച ഒരു സ്ത്രീയെ മുൻനിർത്തിയാണ് യുഡിഎഫും ബിജെപിയും എൽഡിഎഫിനും മുഖ്യമന്ത്രിക്കുമെതിരെ രംഗത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞിരുന്നു.
ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ അഹങ്കാരവും ധാർഷ്ട്യവും കൊണ്ടാണ് യുഡിഎഫ് ഇപ്പോൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് ജമാഅത്തെ ഇസ്ലാമി, ആർഎസ്എസ്, എസ്ഡിപിഐയുടെ സഹായത്തോടെയാണ് തൃക്കാക്കരയിൽ യുഡിഎഫ് അധികാരത്തിൽ വന്നത്. വികസനപദ്ധതികളെ അലങ്കോലപ്പെടുത്താനുള്ള കൂട്ടുകെട്ടാണ് ഇത്. ഈ കാര്യം ജനങ്ങളുടെ മുന്നിൽ തുറന്നുകാണിക്കും. വികസനവിരോധികളുടേയും അക്രമികളുടേയും അഴിഞ്ഞാട്ടമാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നതെന്നും ഇ.പി ജയരാജൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലേക്കു തള്ളിക്കയറിയ സംഭവത്തിൽ ഡിവൈഎഫ്ഐയെ ഇ.പി.ജയരാജൻ തള്ളി. പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്കു തള്ളിക്കയറാൻ പാടില്ലായിരുന്നു. പ്രതിഷേധമാകാം, വസതിയിലേക്കു തള്ളിക്കയറാൻ പാടില്ല. എൽഡിഎഫ് പ്രവർത്തകർ അക്രമത്തിലേക്ക് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കലാപത്തിനു നേതൃത്വം നൽകുന്നയാളാണ് വി.ഡി.സതീശനെന്നും ജയരാജൻ ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ പ്രതികളെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തിരുന്നു. പ്രതികളായ മൂന്ന് പേരുടെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച കോടതി വിധി പറയും. അതേസമയം വിമാനത്തിൽ വച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ കഴുത്തുഞ്ഞെരിച്ചു മർദ്ദിച്ചുവെന്ന് കോടതിയോട് ഒന്നാം പ്രതി ഫർസിൻ മജീദ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ