തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ അന്തിമ ഫലം ചർച്ചയാക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചന. ഇത്തരം ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മൃഗയീയ ഭൂരിപക്ഷം നേടുന്നതാണ് പതിവ് കാഴ്ച. എന്നാൽ ഇത്തവണ 20 സീറ്റിലെ ഉപതെരഞ്ഞെപ്പിൽ 10 ഇടത്തു മാത്രമാണ് ഇടതു ജയം. അതും സ്വതന്ത്രന്റെ പിന്തുണയിൽ. 9 ഇടത്ത് യുഡിഎഫ് ജയിച്ചു. ഒരെണ്ണം ബിജെപിക്കാണ്. ഒരു സീറ്റ് ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. അതുകൊണ്ട് തന്നെ അന്തിമ ഫല വിശകലനത്തിൽ ഇടതിന് കാര്യമായി ആഘോഷിക്കാൻ ഒന്നും ഫലപ്രഖ്യാപനത്തിൽ ഇല്ല. സ്വർണ്ണ കടത്തും എകെജി സെന്റർ ബോംബാക്രമണവും ചർച്ചയാകുമ്പോഴാണ് തദ്ദേശത്തിൽ ഇത്തരത്തിലൊരു ഫലം വരുന്നത്.

മലപ്പുറത്തെ ആതവനാട് ജില്ലാ പഞ്ചായത്തിൽ മുസ്ലിം ലീഗിലെ ബഷീർ രണ്ടാത്താണി വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. തിരൂരങ്ങാടി ബ്ലോക്കിലെ പാറക്കടവിലും ലീഗ് ജയിച്ചു. തൃത്താലയിലെ കുമ്പിടിയിൽ ജയം സിപിഎമ്മിനായി. നാല് മുൻസിപ്പൽ വാർഡിലെ തെരഞ്ഞെടുപ്പിൽ ഇടതും വലതും രണ്ട് സീറ്റ് വീതം നേടി. 13 ഗ്രാമ പഞ്ചായത്ത് സീറ്റിൽ ആറിടത്ത് ഇടതുപക്ഷം ജയിച്ചു. ഒന്നിൽ ഇടതു സ്വതന്ത്രനും. ഈ വിജയമാണ് ഇടതുപക്ഷത്തിന് മുൻതൂക്കം നൽകുന്നത്. സാധാരണ നിലയിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ വ്യക്തമായ മുൻതൂക്കം സിപിഎം നേടുന്നതാണ്. തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന തദ്ദേശ ഫലം ഏകപക്ഷീയമായി ഇടതിന് അനുകൂലമായിരുന്നു. അതിന് ശേഷമാണ് സ്വപ്‌നാ സുരേഷിന്റെ പുതിയ വെളിപ്പെടുത്തൽ ചർച്ചയാകുന്നത്.

ഇടതു സർക്കാരിനെതിരെ നിരവധി വിഷയങ്ങൾ എത്തി. ഇതിന് ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പാണ് ഇത്. അതുകൊണ്ട് തന്നെ സിപിഎമ്മിന് പകുതിയിൽ കൂടുതൽ സീറ്റിൽ ജയിക്കാനാവാത്ത സാഹചര്യം രാഷ്ട്രീയ വിശകലനങ്ങൾക്കും കാരണമാകും. തൃക്കാക്കരയിലെ ഫലത്തിന് ശേഷം കേരള രാഷ്ട്രീയം വഴി മാറി സഞ്ചരിക്കുകയാണോ എന്ന ചോദ്യവും സജീവമാകും.

തൃത്താല കുമ്പിടി, പാലമേൽ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂർ, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെർവാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മൽ വാർഡുകളിലാണ് എൽഡിഎഫ് വിജയിച്ചത്. തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടന്മേട് അച്ചൻകാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്. മഞ്ചേരി കിഴക്കേത്തല, മലപ്പുറം അത്തവനാട്, കുറ്റിപ്പുറം എടച്ചാലം വാർഡുകളിലാണ് യു.ഡിഎഫ് വിജയം നേടിയത്. എളമ്പല്ലൂർ ആലുമൂട്ടി വാർഡിലാണ് ബിജെപി വിജയിച്ചത്

 

കുമ്പടിയിൽ സ്‌നേഹ

തൃത്താല ബ്ലോക്ക് പഞ്ചായത്ത് കുമ്പടി ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ പി സ്നേഹ 1693 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം 1168 വോട്ടായിരുന്നു. യുഡിഎഫിലെ പി വി വനജയും എൻഡിഎയിലെ ലിബിനി സുരേഷുമായിരുന്നൂ എതിർ സ്ഥാനാർത്ഥികൾ. എൽഡിഎഫിലെ ടി പി സുഭദ്രയ്ക്ക് സർക്കാർ ജോലികിട്ടി രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മൂന്നാംപടിയിൽ എൽഡിഎഫ്

മലപ്പുറം നഗരസഭ മൂന്നാംപടി ഡിവിഷനിൽ എൽഡിഎഫിന് ജയം. 71 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിപിഐ എമ്മിലെ കെ എം വിജയലക്ഷ്മിയാണ് വിജയിച്ചത്. മഞ്ചേരി നഗരസഭ കിഴക്കേത്തല ഡിവിഷൻ യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ പരയറ്റ മുജീബ് റഹ്‌മാൻ 155 വോട്ടിനു ജയിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷൻ യുഡിഎഫ് നിലനിർത്തി. 2007 വോട്ടിന് മുസ്ലിം ലീഗിലെ സി ടി അയ്യപ്പൻ ഇവിടെ ജയിച്ചു. മലപ്പുറം ജില്ലയിൽ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ഉൾപ്പടെ അഞ്ചിടത്തായിരുന്നു മത്സരം.

കാസർകോട് ഇടത് മുന്നണി

സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ(കാസർകോഡ് ജില്ലയിൽ അഞ്ചിൽ മൂന്നിടത്തും എൽ ഡി എഫ് വിജയം. കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡ്, കള്ളാർ പഞ്ചായത്തിലെ ആടകം വാർഡ്, കുമ്പള പഞ്ചായത്തിലെ പെർവാർഡ് വാർഡ് എൽ ഡി എഫ് നിലനിർത്തി. പള്ളിക്കര പഞ്ചായത്തിലെ പള്ളിപ്പുഴ വാർഡ് യു ഡി എഫ് നിലനിർത്തി. ബദിയടുക്ക പഞ്ചായത്തിലെ ബിജെപിക്ക് സിറ്റിങ് സീറ്റായ പട്ടാജെ വാർഡിൽ തോൽവിയുണ്ടായി. അവിടെ യുഡിഎഫാണ് വിജയിച്ചത്.

രാജകുമാരി ഇടതിന്

രാജകുമാരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐഎമ്മിലെ വിമല മോഹനൻ വിജയിച്ചു. സിപിഐ എം സ്ഥാനാർതഥിയാണ് കഴിഞ്ഞ തവണയും വിജയിച്ചത്. കഴിഞ്ഞ തവണ വിജയിച്ച ടിസി ബിനുവിനെതിരെ കോടതി വിധി വന്നതുകൊണ്ടാണ് തെരെഞ്ഞെടുപ്പ് വേണ്ടി വന്നത്. തെരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കുകയില്ല.

തിക്കോടിയിലും സിറ്റിങ് സീറ്റ് നിലനിർത്തി സിപിഎം

കോഴിക്കോട് തിക്കോടി പഞ്ചായത്ത് അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഐഎമ്മിലെ ഷീബ പുൽപ്പാണ്ടി തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ അഡ്വ: അഖില പുതിയോട്ടിലിനേക്കാൾ 448 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.791 വോട്ടുകൾ ലഭിച്ചു.

അഡ്വ: അഖിലപുതിയോട്ടിൽ 343 വോട്ടുകൾ ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി ബിൻസിഷാജിക്ക് . 209വോട്ടുകൾ നേടാനെ കഴിഞ്ഞുള്ളു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി രണ്ടാംസ്ഥാനത്തായിരുന്നു. ആകെ പോൾ ചെയ്ത വോട്ട് 1343.

കാഞ്ഞങ്ങാട്ടും അട്ടിമറി ഇല്ല

കാസർകോട് കാഞ്ഞങ്ങാട് നഗരസഭയിലെ തൊയമ്മൽ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി 464 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. സ്ഥാനാർത്ഥിയായ എൻ ഇന്ദിരയാണ് വിജയിച്ചത്. ഇതോടെ കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡ് എൽഡിഎഫ് നിലനിർത്തി. എൽ ഡി എഫ് -701,യുഡിഎഫ് - 234,ബിജെപി -72 എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾക്ക് വോട്ടുകൾ ലഭിച്ചത്. സിപിഐ എം കൗൺസിലർ ജാനകിക്കുട്ടി മരിച്ചതിനാലാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്

കാണക്കാരി ജോസ് കെ മാണിക്ക്

കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്ത് കുറുമുള്ളർ വാർഡ് എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിൽ നിന്ന് കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥിയായി മത്സരിച്ച വിനിത രാഗേഷ് വിജയിച്ചു. 216 വോട്ടാണ് ഭൂരിപക്ഷം. കോൺഗ്രസ് ഐ സ്ഥാനാർത്ഥി ഗീതാ ശിവനെയാണ് തോൽപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന മിനു മനോജ് (കേരളാ കോൺഗ്രസ് എം) ആരോഗ്യവകുപ്പിൽ ജോലി ലഭിച്ചതിനെത്തുടർന്ന് പഞ്ചായത്തംഗത്വം രാജിവച്ചതാണ് ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയത്. ബിജെപി സ്ഥാനാർത്ഥി സവിത മിനിയും മത്സരിച്ചിരുന്നു. എൽഡിഎഫിനാണ് പഞ്ചായത്ത് ഭരണം.

കൊണ്ടാഴിയിലും തുടർച്ച

മായന്നൂർ കൊണ്ടാഴി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡായ മൂത്തേടത്ത് പടി എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി ഒ പ്രേമലത 416 വോട്ടുനേടി വിജയിച്ചു. ബിജെപിയിലെ ടി കെ സന്ധ്യയെയാണ് തോൽപ്പിച്ചത്.കോൺഗ്രസ് സ്ഥാനാർത്ഥി പി ആർ ഗ്രീഷ്മ മൂന്നാം സ്ഥാനത്താണുള്ളത്. വാർഡംഗമായിരുന്ന ടി ബി രാധ കാൻസർ ചികിത്സയ്ക്കിടെ മരിച്ചതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആകെ വോട്ട് 1135ഉം പോൾ ചെയ്തത് 918 വോട്ടുമാണ്.

പാലമേൽ സീറ്റും ഇടതിന്

ആലപ്പുഴ ചാരുമൂട് പാലമേൽ പഞ്ചായത്ത് എരുമക്കുഴി വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഐഎമ്മിലെ സജികുമാർ 88 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി പി ശിവപ്രസാദ് , എൻഡിഎ സ്ഥാനാർത്ഥി ടി എസ് രവീന്ദ്രൻ എന്നിവരെയാണ് പരാജയപ്പെടുത്തിയത്. സിപിഐ എമ്മിലെ കെ ബിജു അന്തരിച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

വണ്ടന്മേട് പിടിച്ചെടുത്ത് യുഡിഎഫ്

വണ്ടന്മേട് പഞ്ചായത്ത് പതിനൊന്നാം വാർഡ് അച്ചൻകാനത്ത് യുഡിഎഫിന് ജയം. യുഡിഎഫ് ന്റെ സൂസൻ ജേക്കബാണ് ജയിച്ചത്. എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ലിസി ജേക്കബിനെയാണ് പരാജയപ്പെടുത്തിയത്. എൻഡിഎയുടെ രാധാ അരവിന്ദാക്ഷൻ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ എൽ ഡി എഫ് സ്വതന്ത്ര സൗമ്യ സുനിൽ വിജയിച്ചതോടെ യുഡിഎഫിന് തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട വാർഡാണ് അച്ചൻകാനം. സൗമ്യ സുനിൽ നിയമ നടപടി നേരിട്ടതിനെ തുടർന് രാജി വെയ്ക്കുകയായിരുന്നു. ആകെയുള്ള 18 സീറ്റിൽ എൽ ഡി എഫിന് നിലവിൽ 7ഉം യു ഡി എഫ് ന് 6ഉം എൻഡിഎക്ക് 3 ഉം ഒരു സ്വതന്ത്രനുമടങ്ങുന്നതാണ് കക്ഷി നില.