തിരുവനന്തപുരം: പിണറായി സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഇക്കാര്യങ്ങൾ ഇന്ന് എൽഡിഎഫ് നേതൃയോഗം ചർച്ചചെയ്യും. ത്രീസ്റ്റാറിന് മുകളിലുള്ള ബാറുകൾക്കെല്ലാം തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്ന കാര്യമാണ് സി.പി.എം ആലോചിക്കുന്നതെങ്കിലും ബാറുകൾ അത്രത്തോളം തുറക്കേണ്ടതില്ലെന്നുള്ള നിലപാടിലാണ് സിപിഐ. എൽഡിഎഫിലെ രണ്ടു പ്രധാന കക്ഷികളും യുഡിഎഫ് നയം മാറ്റുന്ന കാര്യത്തിൽ സമാന അഭിപ്രായത്തിലാണെങ്കിലും എത്രകണ്ട് ബാറുകൾ തുറക്കണമെന്ന കാര്യത്തിൽ അഭിപ്രായ ഭിന്നതയുണ്ട്.

അതേസമയം, മതമേലധ്യക്ഷന്മാരും യുഡിഎഫും ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്. ബാറുകൾ തുറന്നാൽ ശക്തമായ പ്രക്ഷോഭം ഉണ്ടാവുമെന്ന സാധ്യത ഇപ്പോൾ തന്നെ ചർച്ചയുമാണ്. ഈ സാഹചര്യത്തിൽ എതൂതരത്തിൽ മദ്യനയം വേണമെന്ന കാര്യത്തിൽ ഇന്ന് എൽഡിഎഫിൽ ചർച്ച ചൂടുപിടിക്കും.

എതിർക്കുന്ന മതമേലധ്യക്ഷന്മാരെ അടക്കം വിശ്വാസത്തിലെടുത്തു വേണം നീങ്ങാൻ എന്ന അഭിപ്രായം മുന്നണിയിൽ ശക്തമാണ്. ഇതിനിടെ പാതയോരത്തെ ബാറുകൾക്ക് അനുമതി നൽകുന്ന കാര്യത്തിൽ കോടതിയിൽ നിന്ന് ഉൾപ്പെടെ ഉണ്ടായ വിമർശനവും സർക്കാരിന് തിരിച്ചടിയായി. പാതയോരത്തെ മദ്യനിരോധനവും ദേശീയപാത സംബന്ധിച്ച തർക്കവും കോടതി ഇടപെടലുമെല്ലാംകൂടി വിഷയം കുഴഞ്ഞു മറിയുമ്പോഴാണു പുതിയ നയം തീരുമാനിക്കേണ്ടത് എന്നത് കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഇടതുമുന്നണിക്ക്.

എന്നാൽ പാതയോരത്തെ നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ അങ്ങനെയല്ലാത്ത ബാറുകൾ മാത്രം തുറന്നാൽ മതിയെന്ന് നിർദേശിക്കാമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.

വ്യക്തികൾ മദ്യം വർജിക്കുന്നതിന് ഊന്നൽ കൊടുത്തുള്ളതാകും പുതിയ മദ്യ നയം. ഇതോടൊപ്പം കള്ള്, ചെത്ത് വ്യവസായം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും ഉൾപ്പെടുത്തും. സിപിഎമ്മും സിപിഐയും പരസ്പരം വിശദമായി ആശയവിനിമയം നടത്തിയിട്ടില്ല. എൽഡിഎഫ് യോഗത്തിനു മുമ്പോ ശേഷമോ അതുണ്ടായേക്കാം.

ഈ മാസം 30നു മുമ്പു മദ്യനയം പ്രഖ്യാപിക്കാനാണു ധാരണ എന്നിരിക്കെ ഇന്നത്തെ യോഗത്തിൽ തന്നെ നയം അന്തിമമാക്കാനിടയില്ല. മന്ത്രിസഭ കൂടി അംഗീകരിക്കേണ്ടതിനാൽ രാഷ്ട്രീയമായ ധാരണ രൂപീകരിക്കാനുള്ള ഔപചാരികമായ ആദ്യത്തെ ശ്രമമാണു മുന്നണി യോഗം.

ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകൾക്കു ബാർ അനുവദിക്കുക, കേരളത്തെ വിവിധ ടൂറിസം മേഖലകളാക്കി തിരിച്ച് ആ മേഖലകളിൽ മാത്രം ബാറുകൾ തുറക്കുക എന്നീ നിർദേശങ്ങളും സിപിഎമ്മും സിപിഐയും പ്രാഥമികമായി പ്രത്യേകം ചർച്ചചെയ്തു. ബാറുകൾ തുറന്നാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്തു മദ്യവിൽപനയ്ക്കു കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും.

ഇതോടൊപ്പം വിപുലമായ മദ്യവിരുദ്ധ പ്രചാരണത്തിനും ഡീ അഡിക്ഷൻ സെന്ററുകൾ തുറക്കുന്ന കാര്യത്തിലും എല്ലാം തീരുമാനം ഉണ്ടായേക്കും. ഇത്തരത്തിൽ മദ്യവർജനം എന്ന ആശയത്തിലൂന്നി ഘട്ടംഘട്ടമായി മദ്യ ഉപഭോഗം കുറയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുകയെന്നാണ് അറിയുന്നത്.