തിരുവനന്തപുരം: കേരള കോൺഗ്രസിനെ എൽഡിഎഫിൽ ഉൾപ്പെടുത്തില്ലെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കെ എം മാണിയും കൂട്ടരും എൻഡിഎയ്‌ക്കൊപ്പം പോയാൽ ബിഡിജെഎസിന്റെ ഗതി വരുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാഹചര്യം മുതലെടുക്കാൻ എൻഡിഎയെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാണിയോട് പ്രശ്നാധിഷ്ഠിത സഹകരണമാകാം. കെ.എം മാണി യുഡിഎഫ് വിട്ടതിനെ സ്വാഗതം ചെയ്യുകയാണ്. മാണി യുഡിഎഫിന്റെ ജീർണതിൽ നിന്ന് പുറത്തുവരണം. കേരളാ കോൺഗ്രസ് നേരത്തെ യുഡിഎഫ് വിടേണ്ടതായിരുന്നു. യുഡിഎഫിലെ മറ്റു കക്ഷികളും മാണിയുടെ വഴി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.

കേരളാ കോൺഗ്രസിനെ വർഗീയ കക്ഷിയായി മാറ്റനിർത്താനല്ല തങ്ങൾ ശ്രമിച്ചത്. ചില സന്ദർഭങ്ങളിൽ പ്രശ്നാധിഷ്ഠിതമായി മുമ്പും സഹകരിച്ചിരുന്നു. മാണി സ്വീകരിക്കുന്ന നിലപാട് നോക്കിയായിരിക്കും സഹകരണം. അതിനർഥം ഉടൻ കേരള കോൺഗ്രസ് എമ്മിനെ എൽ.ഡി.എഫിൽ എടുക്കുമെന്നല്ല. എന്നാൽ ഭാവി പ്രവചിക്കാനുമില്ല. അടിത്തറ വിപുലീകരിക്കാനുള്ള അവസരമായി എൽ.ഡി.എഫ് ഇതിനെ കാണുകയാണ്. വാർത്താ സമ്മേളനത്തിൽ കോടിയേരി പറഞ്ഞു.

ഈ സാഹചര്യം മുതലെടുക്കാൻ എൻഡിഎയെ അനുവദിക്കില്ല. ആർഎസ്എസ് അതിനുള്ള നീക്കം നടത്തുന്നുണ്ട്. ബിജെപിയോട് യോജിക്കാൻ കേരള കോൺഗ്രസിന് കഴിയല്ല. കേരള കോൺഗ്രസും സിപിഎമ്മും യോജിക്കകുയും വിയോജിക്കുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബർ രണ്ടിന് നടക്കുന്ന പൊതുപണിമുടക്കിൽ മാണിക്കും പങ്കുചേരാം. യുഡി.എഫിന്റെ ഭാഗമായിരുന്നപ്പോഴും മാണിയുമായി സഹകരിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബാർകോഴ കേസിൽ നിസ്പക്ഷമായ അന്വേഷണമായിരിക്കും നടക്കുക. മാണിക്കായി അന്വേഷണത്തിൽ വെള്ളം ചേർക്കില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.

മാണിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് കോടിയേരിയുടം പ്രതികരണം. കെ.എം മാണി അഴിമതിക്കാരൻ തന്നെയാണെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് രംഗത്ത് എത്തിയത്. യുഡിഎഫിലെ അഴിമതിക്കാർ എൽഡിഎഫിൽ വന്നാൽ വിശുദ്ധനാകില്ല. ചില നയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണി പ്രവർത്തിക്കുന്നത്. അത്തരക്കാർക്ക് മാത്രമെ മുന്നണിയിൽ പ്രവേശനമുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയുടെ വിഴുപ്പുഭാണ്ഡം പേറുന്ന കെ.എം മാണിയെ ഇടതുമുന്നണിയിൽ വേണ്ടെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.