പെർത്ത്: നിർമ്മാണത്തിലിരിക്കുന്ന പുതിയ പെർത്ത് ചിൽഡ്രൻസ് ഹോസ്പിലിൽ കുടിവെള്ളത്തിൽ അമിത തോതിൽ ഈയത്തിന്റെ അംശം കണ്ടെത്തിയതായി റിപ്പോർട്ട്. ഈയത്തിന്റെ അംശം കണ്ടെത്തിയതോടെ കുടിവെള്ളം ഉപയോഗിക്കരുതെന്ന് നിർമ്മാണപ്രവർത്തകർക്കും സ്റ്റാഫിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കുടിവെള്ളത്തിൽ ഈയം കലർന്നതോടെ കുപ്പിവെള്ള വിതരണം ഇവിടെ ആരംഭിച്ചിട്ടുണ്ട്.

1.2 ബില്യൺ ഡോളർ ചെലവഴിച്ചാണ് ചിൽഡ്രൻസ് ഹോസ്പിറ്റലിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. എന്നാൽ നിർമ്മാണത്തിനിടെ ഒട്ടേറെ പ്രതിസന്ധികളെയാണ് ആശുപത്രി അധികൃതർക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കുന്നതിന് ഏറെ കാലതാമസം നേരിട്ടതിനു പിന്നാലെ റൂഫ് പാനലുകളിൽ ആസ്ബസ്റ്റോസിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. കൂടാതെ വാട്ടർ പൈപ്പിംഗിൽ ഏറെ അപാകതയും ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.

ആശുപത്രി തുറക്കുന്നതിന് മുമ്പു തന്നെ കുടിവെള്ളത്തിൽ ഈയം മൂലമുള്ള മലിനീകരണം നീക്കം ചെയ്യുമെന്ന് ഹെൽത്ത് മിനിസ്റ്റർ ജോൺ ഡേ വ്യക്തമാക്കി. ആശുപത്രി പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പു തന്നെ ഏറെ തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെങ്കിലു അവ പരിഹരിച്ച ശേഷം മാത്രമേ ആശുപത്രി പ്രവർത്തന സജ്ജമാകൂ എന്നും ജോൺ ഡേ വെളിപ്പെടുത്തി.

അതേസമയം ഈയം കുടിവെള്ളത്തിൽ എങ്ങനെ കലർന്നുവെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.