ഡബ്ലിൻ: പബ്ലിക് വാട്ടർ സപ്ലൈ സംവിധാനത്തിൽ ഈയത്തിന്റെ അംശം കണ്ടെത്തിയത് പരക്കെ ആശങ്ക ഉളവാക്കി. 75,000 വീടുകളിലേക്കുള്ള ശുദ്ധ ജല വിതരണ പൈപ്പിലാണ് ഈയത്തിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. രാജ്യത്താകമാനമുള്ള അഞ്ചു ശതമാനത്തോളം ശുദ്ധജല വിതരണ പൈപ്പിൽ ലെഡ്ഡിന്റെ അംശം കണ്ടെത്തിയത് സർക്കാർ തലത്തിൽ ചർച്ച ചെയ്യപ്പെടുമെന്നാണ് റിപ്പോർട്ട്.

പൊതുജനാരോഗ്യത്തെ സാരമായി ബാധിക്കുന്ന തരത്തിൽ കുടിവെള്ളത്തിൽ ഈയത്തിന്റെ അംശം കണ്ടെത്തിയത് അധികൃതരെ കുറച്ചൊന്നുമല്ല ആശങ്കയിലാഴ്‌ത്തിയിരിക്കുന്നത്. പൈപ്പുകൾ കേടായതായിരിക്കാം വെള്ളത്തിൽ ഈയം കലരാൻ ഇടയാക്കിയത് എന്ന സംശയത്തെ തുടർന്ന് കുറഞ്ഞ വരുമാനക്കാർക്ക് പൈപ്പ് റിപ്പയറിംഗിന് തുക നൽകുന്ന തരത്തിൽ ധനസഹായം നൽകാനും തീരുമാനമായേക്കാം.

ചെറിയ കുട്ടികൾക്കും ഗർഭിണികൾക്കും സാരമായ ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണമാകുന്ന ഈയം കുടിവെള്ളത്തിൽ കലർന്നിരിക്കുന്നതിനാൽ സ്‌കൂളുകളിലേക്കും ആശുപത്രകളിലേക്കുമുള്ള ശുദ്ധജല വിതരണ പൈപ്പുകളുടെ അവസ്ഥയെക്കുറിച്ചാണ് ആശങ്ക ഉയർന്നിരിക്കുന്നത്. എന്നാൽ ശുദ്ധജല വിതരണ പൈപ്പുകൾ മാറ്റിയിടുകയെന്നത് വർഷങ്ങൾ വേണ്ടിവരുന്ന പ്രക്രിയയായതിനാൽ പകരം സംവിധാനത്തെക്കുറിച്ച് ആലോചന നടന്നുവരികയാണ്.

കൂടാതെ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റുകളിലെ മോശം അവസ്ഥയെക്കുറിച്ച് എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ഏജൻസിയും ആശങ്ക രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഈ ദിവസങ്ങളിൽ എൻവയോൺമെന്റ് മിനിസ്റ്റർ അലൻ കെല്ലിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ.