ടുത്ത വലതുപക്ഷ വംശീയത ഉയർത്തിപ്പിടിച്ച് കുടിയേറ്റക്കാർക്കെതിരെ രംഗത്തിറങ്ങിയ ബ്രിട്ടൻ ഫസ്റ്റ് എന്ന സംഘടനയുടെ ചെയർമാൻ പോൾ ഗോൾഡിംഗിനും വൈസ് ചെയർമാനായ വനിത ജയ്ദ ഫ്രാൻസെനും ഇനി ജയിലിൽ കിടക്കാം. ഗോൾഡിംഗിന് 18 ആഴ്ചത്തെയും ഫ്രാൻസെന് 36 ആഴ്ചത്തെയുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. മതപരമായി ആക്ഷേപിക്കുന്ന പ്രചാരണം നടത്തിയതിന്റെ പേരിലാണ് ഇവരെ തടവിലിട്ടിരിക്കുന്നത്.

കെന്റിൽ നടന്ന ഒരു സംഭവത്തെ തുടർന്നാണ് ഇരുവരെയും അകത്താക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം മേയിൽ കാൻർബറി ക്രൗൺ കോടതിയിൽ ഒരു വിചാരണ നടക്കുന്നതിനിടെ വംശീയ വിദ്വേഷം പുലർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്തതിനും വീഡിയോകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതിനെ തുടർന്നായിരുന്നു ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. ബലാത്സംഗ കുറ്റത്തിന് മൂന്ന് മുസ്ലിം പുരുഷന്മാരും ഒരു ടീനേജറും ജയിലിലായതിനെ തുടർന്നായിരുന്നു ഗോൾഡിംഗും ഫ്രാൻസെനും വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന നീക്കം നടത്തിയിരുന്നത്.

മുസ്ലീങ്ങൾക്കും ഇസ്ലാം മത വിശ്വാസത്തിനുമെതിരെ വിദ്വേഷം ജനിപ്പിക്കുന്ന പ്രചാരണമാണ് ഇരുവരും നടത്തിയിരിക്കുന്നതെന്നാണ് ഇവർക്ക് തടവ് ശിക്ഷ വിധിച്ച് കൊണ്ട് ജഡ്ജ് ജസ്റ്റിൻ ബരോൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രാൻസെന്റെ മുസ്ലിം വിരുദ്ധ ട്വീറ്റുകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റീട്വീറ്റ് ചെയ്തതിനെ തുടർന്ന് നവംബറിൽ അവർ അന്താരാഷ്ട്ര പ്രശസ്തയായിരുന്നു. ജനുവരിയിലായിരുന്നു ഗോൾഡിംഗിനെയും ഫ്രാൻസെനെയും വിചാരണക്ക് വിധേയരാക്കിയിരുന്നത്. വംശീയ വിദ്വേഷം പ്രചരിപ്പിച്ചതിന് മൂന്നും നാലും കൗണ്ടുകളായിരുന്നു ഇവർക്ക് മേൽ യഥാക്രമം ചുമത്തിയിരുന്നത്.

ഫ്രാൻസെന്റെ മേൽ മൂന്ന് ചാർജുകളും ഗോൾഡിംഗിന്റൈ മേൽ ഒരു ചാർജും ചുമത്തിയത് ശരിയാണെന്ന് കെന്റിലെ ഫോക്ക്‌സ്‌റ്റോൺ മജിസ്‌ട്രേറ്റ് കോടതിയിൽ വച്ച് നടന്ന വിചാരണയിൽ ജഡ്ജ് കണ്ടെത്തുകയായിരുന്നു. അവർ തങ്ങളുടെ സ്വാർത്ഥലക്ഷ്യങ്ങൾക്കായി വംശീയവിദ്വേഷം സ്ഫുരിക്കുന്ന പ്രചാരണം നടത്തുകയായിരുന്നുവെന്ന് വ്യക്തമായെന്നാണ് ജഡ്ജ് വിധിപ്രസ്താവനയിൽ എടുത്ത് കാട്ടുന്നത്.കഴിഞ്ഞ വർഷം മെയ്‌ 5ന് കെന്റിലെ റാംസ്‌ഗേറ്റിലെ 555 പിസ ടേക്ക് വേയിൽ വച്ച് മതപരമായ ആക്ഷേപം നടത്തിയെന്ന ചാർജുകളും ഇവർക്ക് മേൽ ചുമത്തപ്പെട്ടിരുന്നു. ഇതിൽ അവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.