തിരുവനന്തപുരം: നയപരമായും രാഷ്ട്രീയപരമായും എന്നും ഇടതുമുന്നണിക്കൊപ്പമാണെന്ന് എംപി.വീരേന്ദ്രകുമാർ. ഇപ്പോഴത്തെ കൂട്ടുചേരൽ അതിന്റെ തുടർച്ചമാത്രം.ജനതാദൾ സെക്കുലറും എൽഡിഫിന്റെ ഭാഗമാണ്. സഹകരണം സ്വാഭാവികമെന്നും അദ്ദേഹം പറഞ്ഞു.വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് മുന്നണി വിപുലീകരിച്ചു. തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം.ഇതോടെ ആർ.ബാലകൃഷ്ണപിള്ളയും എംപി.വീരേന്ദ്രകുമാറും ഐഎൻഎല്ലും ഔദ്യോഗികമായി ഇടതുമുന്നണിയില് എത്തി. ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസ് ഉൾപ്പെടെ നാലുപാർട്ടികളെ ഉൾപ്പെടുത്തിയാണ് എൽഡിഎഫ് വിപുലീകരിച്ചത്.

തിരുവനന്തപുരത്ത് ചേർന്ന മുന്നണിയോഗം തീരുമാനം അംഗീകരിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി എൽഡിഎഫിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന ഐഎൻഎല്ലിന് തീരുമാനം നേട്ടമായി എന്നാണ് വിലയിരുത്തുന്നത്.അയ്യപ്പജ്യോതിക്കൊപ്പമില്ലെന്നും വനിതമതിലിനൊപ്പമാണെന്നും കേരള കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ള. ഇടതുമുന്നണിയുടെ നിലപാടാണ് കേരള കോൺഗ്രസ് ബിയുടെ നിലപാട്. എൻഎസ്എസ് നിലപാടിന് വിരുദ്ധമായി മുൻപും തീരുമാനങ്ങളെടുത്തിട്ടുണ്ട്.

താൻ എൻഎസ്എസ് അംഗമാണ്. രാഷ്ട്രീയനിലപാട് പാർട്ടിയുടേതാണ്. എൽഡിഎഫ് സമരങ്ങളിൽ ഭാഗമാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. മന്ത്രിപദവി ആവശ്യപ്പെടില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. എൽഡിഎഫ് പ്രവേശനത്തിൽ സന്തോഷമുണ്ടെന്ന് പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാർ പ്രതികരിച്ചു. മന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ല. അഴിമതിക്കെതിരെ എൽഡിഎഫിനൊപ്പം നിന്ന് പ്രവർത്തിക്കും എന്നും ഗണേശ് കുമാർ പ്രതികരിച്ചു.

മന്ത്രിസ്ഥാനത്തിന് വേണ്ടിയല്ല ഇടതുമുന്നണിയിൽ ചേർന്നത് എന്ന് ആർ ബാലകൃഷ്ണപിള്ളയും പ്രതികരിച്ചു. കേരള കോൺഗ്രസ്(ബി)യെ ഇടത് മുന്നണിയിലെടുത്തത് നല്ല തീരുമാനമെന്നും ആർ ബാലകൃഷ്ണപിള്ള പറഞ്ഞു. ശബരിമല വിഷയത്തിൽ എൽഡിഎഫിന്റെ നിലപാട് തന്നെയാണ് പാർട്ടിയുടെ നിലപാടെന്നും കേരളാ കോൺഗ്രസ്(ബി) നേതാവ് ആർ ബാലകൃഷ്ണപിള്ള പറഞ്ഞു.

നാല് കക്ഷികൾ കൂടി ചേരുമ്പോൾ എൽഡിഎഫിന് 47 ശതമാനം വോട്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ഘടകക്ഷികളുമായി ബന്ധം വിപുലമാക്കും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇത് വലിയ വിജയത്തിന് കാരണമാകും. ഇനി ഞങ്ങളുടെ നിലപാട് എൽഡിഎഫിന്റെ നിലപാടാണെന്നും ആർ ബാലകൃഷ്ണപിള്ള പറഞ്ഞു.

ബാലകൃഷ്ണ പിള്ളയെയും വീരേന്ദ്രകുമാറിനെയും ഉൾപ്പെടുത്തിയാണ് എൽഡിഎഫ് വിപുലീകരിച്ചത്. കേരള കോൺഗ്രസ് ബി, ലോക് താന്ത്രിക് ജനതാദൾ, ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ എന്നീ പാർട്ടികളെ ഉൾപ്പെടുത്തിയാണ് എൽഡിഎഫിന്റെ വിപുലീകരണം. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം എന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വിശദീകരിച്ചു