- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമെന്ന് മുഖ്യമന്ത്രി; മൈത്രിക്കുവേണ്ടി നിലകൊണ്ട നേതാവെന്ന് ഉമ്മൻ ചാണ്ടി; പ്രസ്ഥാനത്തിന്റെ ശക്തി ചോർന്നെന്ന് എം കെ മുനീറും; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് നേതാക്കൾ

തിരുവനന്തപുരം : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചിച്ച് പ്രമുഖ നേതാക്കൾ.മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷൻ എന്ന നിലയിലും സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും അദ്ദേഹം.
മതസൗഹാർദ്ദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു.
മത നേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. ഇസ്ലാമിക പണ്ഡിതനായ തങ്ങൾ അനേകം മഹല്ലുകളുടെ ഖാസി എന്ന നിലയിലും ഏറെ ആദരവ് പിടിച്ചുപറ്റിയിരുന്നു. ശ്രീ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെയും സഹപ്രവർത്തകരെയും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
എന്നും മതേതരത്വത്തിനുവേണ്ടി നിലകൊണ്ട നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.എന്നും മതേതരത്വത്തിനും മതമൈത്രിക്ക് വേണ്ടിയും വിഭാഗീയതയ്ക്ക് അതീതമായ കൂട്ടായ്മയ്ക്ക് വേണ്ടിയും നേതൃത്വം നൽകിയിട്ടുള്ള ഒരു നേതാവായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യവും നേതൃത്വവും സമൂഹത്തിന് നന്മ വരുത്തുന്നതിൽ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാനാകും.
അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകൾ പല പ്രശ്‌നങ്ങളുടെയും പരിഹാരത്തിന് സഹായകരമായിട്ടുണ്ട്. ഹൈദരലി തങ്ങളുടെ വേർപാട് ലീഗിന് മാത്രമല്ല ഐക്യജനാധിപത്യ മുന്നണിക്കും ജനാധിപത്യ, മതേതരത്വ കേരളത്തിനും ഒരു വലിയ നഷ്ടമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ എം.കെ.മുനീർ എംഎൽഎ അനുശോചനം രേഖപ്പെടുത്തി. വലിയ നാഥനും തണൽമരവും ആണ് നഷ്ടമായത്. പ്രസ്ഥാനത്തിന്റെ ശക്തി ചോർന്നു. ഇതര സമൂഹങ്ങൾക്ക് വേണ്ടപ്പെട്ട ആളായിരുന്നു. മത സൗഹാർദത്തിനായി സഞ്ചരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. വിശ്രമമില്ലാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും എം.കെ.മുനീർ പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം തീരനഷ്ടമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി അനുശോചിച്ചു.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം സമൂഹത്തിന് കനത്ത നഷ്ടമെന്ന് മിതിർന്ന മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി അനുശോചിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗിന് മാത്രമല്ല എല്ലാവർക്കും തണലായിരുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി.യാതൊരു വിധ താത്പര്യങ്ങൾക്കും വഴങ്ങാതെ സത്യത്തിന്റേയും നീതിയുടേയും പക്ഷത്ത് നിന്നൊരു വ്യക്തിയാണ് അദ്ദേഹം. മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് മാത്രമല്ല. എല്ലാവർക്കും അദ്ദേഹം തണലായിരുന്നു. അത്തരത്തിൽ ഒരു നേതാവിനേയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അസുഖബാധിതനായി കുറച്ചുനാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.


