- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഷ്ടമായത് ശ്രദ്ധേയനായ പാർലമെന്റേറിയനെയെന്ന് മുഖ്യമന്ത്രി; ഊർജ്ജസ്വലതയും അർപ്പണ ബോധവുമുള്ള സാമാജികനെന്ന് ഗവർണർ; മാതൃകാ വ്യക്തിത്വമെന്ന് സ്പീക്കർ; നഷ്ടമായത് വിശ്വസ്തനായ സഹപ്രവർത്തകനെയെന്ന് കെ സുധാകരൻ ; പിടി തോമസിന്റെ വിയോഗത്തിൽ അനുസ്മരിച്ച് നേതാക്കൾ
തിരുവനന്തപുരം: പിടി തോമസ് എംഎൽഎയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രമുഖ നേതാക്കൾ. മികച്ച പാർലിമെന്റേറിയനെയാണ് പിടി തോമസിന്റെ വിയോഗത്തിലുടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചപ്പോൾ വിശ്വസ്തനായ സഹപ്രവർത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് കെ സുധാകരൻ പറഞ്ഞു.സ്പീക്കർ, മന്ത്രിമാർ, സിപിഎം സംസ്ഥാന സെക്രട്ടറി തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കൾ പിടി തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
നഷ്ടമായത് മികച്ച പാർലിമെന്റേറിയനെ: പിണറായി വിജയൻ
തന്റെ രാഷ്ട്രീയ നിലപാടുകൾ മുൻ നിർത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങൾ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പാർലമെന്റേറിയനെയാണ് പി ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഊർജ്ജസ്വലതയും അർപ്പണ ബോധവുമുള്ള സാമാജികൻ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഊർജസ്വലതയും അർപ്പണബോധവുമുള്ള സാമാജികനായും പാർലമെന്റേറിയനായും വലിയ ജനപ്രീതി നേടിയ വ്യക്തിയായിരുന്നു പി.ടി.തോമസ്. പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമായി തോമസിന്റെ നിലപാട് എന്നും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തോടും നിയോജകമണ്ഡലത്തിലെ ജനങ്ങളോടും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ അത്മാവിന് നിത്യശാന്തി നേരുന്നു.
കുടുംബപരമായി അടുത്തബന്ധം: മന്ത്രി സജി ചെറിയാൻ
പാർലമെന്റിലും നിയമസഭയിലും ശ്രദ്ധേയ പ്രവർത്തനം കാഴ്ചവച്ച വ്യക്തിത്വമാണ് പി.ടി.തോമസിന്റേത്. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാട് പുലർത്തുന്നവരാണെങ്കിലും വ്യക്തിപരമായ അടുപ്പം അദ്ദേഹവുമായി ഉണ്ടായിരുന്നു. കേരള രാഷ്ട്രീയത്തിനും മലയാളി സമൂഹത്തിനുമൊന്നാകെ വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
രാഷ്ട്രീയത്തിനതീതമായ സൗഹൃദം: മന്ത്രി ആന്റണി രാജു
വിദ്യാർത്ഥി നേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം എംപിയും എംഎൽഎയും എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു. ഇടപെടുന്ന എല്ലാവരോടും മാന്യമായി പെരുമാറുന്ന, ഏറ്റെടുക്കുന്ന എല്ലാ കാര്യവും ഉത്തരവാദിത്തത്തോടുകൂടി ചെയ്യുന്ന ഉത്തമ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ വിവിധ ചേരികളിലുള്ളവരോടും ആത്മാർത്ഥമായ സൗഹൃദം കാത്തുസൂക്ഷിക്കുവാൻ അദ്ദേഹത്തിനായി. പരിസ്ഥിതിയെ ആത്മാർഥമായി സ്നേഹിച്ച അദ്ദേഹം സാംസ്കാരിക മണ്ഡലത്തിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു.
ശക്തമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തി: മന്ത്രി വി.ശിവൻകുട്ടി
തന്റെ രാഷ്ട്രീയ നിലപാടുകൾ ശക്തമായി ഉന്നയിക്കാൻ പി.ടി.തോമസ് സമർഥനായിരുന്നു. മികച്ച പ്രസംഗകനും സംഘാടകനും പാർലമെന്റേറിയനുമായിരുന്നു.
വ്യത്യസ്തമായ നിലപാടുകൾ സ്വീകരിച്ച നേതാവ്: മന്ത്രി വീണാ ജോർജ്
പി.ടി.തോമസിന്റെ സ്മരണകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുകയും വ്യത്യസ്തമായ നിലപാടുകൾ ആ അഭിപ്രായത്തിനനുസരിച്ച് സ്വീകരിക്കുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം.
മാതൃകാ ജനപ്രതിനിധി: സ്പീക്കർ
ജനപ്രതിനിധി എന്ന നിലയിൽ മാതൃകാ വ്യക്തിത്വമെന്ന് സ്പീക്കർ എം ബി രാജേഷ് അനുസ്മരിച്ചു.
തലമുറയെ സ്വാധീനിച്ച വ്യക്തിത്വമെന്ന് വിഡി സതീശൻ
ശക്തമായ നിലപാടുകളുള്ള, ഒരു കാലത്തെ തലമുറയെ സ്വാധീനിച്ച വ്യക്തിത്വമാണ് പി ടി തോമസിന്റേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുസ്മരിച്ചു. തന്റെ കൂടി നേതാവാണ് പിടി തോമസ്. താൻ കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആയിരിക്കുമ്പോൾ കെ എസ് യു സംസ്ഥാന നേതാവായിരുന്നു അദ്ദേഹം. പി ടി തോമസിന്റെ വിയോഗം കോൺഗ്രസിന് തീരാനഷ്ടമാണെന്ന് വി ഡി സതീശൻ പറഞ്ഞു.
നഷ്ടമായത് വിശ്വസ്തനായ സഹപ്രവർത്തകനെ : കെ സുധാകരൻ
പിടി തോമസിന്റേത് അപ്രതീക്ഷിത വിയോഗമെന്നും, നഷ്ടമായത് വിശ്വസ്തനായ സഹപ്രവർത്തകനെയാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.
വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സജീവ സാന്നിദ്ധ്യം: കോടിയേരി ബാലകൃഷ്ണൻ
പി ടി തോമസിന്റെ അകാല വേർപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുശോചനം രേഖപ്പെടുത്തി. നിയമസഭ അംഗം എന്ന നിലയിലും പാർലമെന്റ് അംഗം എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പാർലമെന്റേറിയൻ ആയിരുന്നു പി ടി തോമസ്. വിദ്യാർത്ഥി സംഘടനാ നേതാവായിരുന്ന കാലംമുതൽ കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയെയാണ് നഷ്ടമായത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്നും കോടിയേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നിലപാടുകളിൽ ഉറച്ചുനിന്ന നേതാവ്: കെ.സുരേന്ദ്രൻ
എല്ലാ കാലത്തും തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന നേതാവായിരുന്നു പി.ടി.തോമസ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കേരള രാഷ്ട്രീയത്തിന് നഷ്ടമാണ്. വ്യത്യസ്ത രാഷ്ട്രീയ ധ്രുവങ്ങളിലായിരുന്നെങ്കിലും പി.ടി.തോമസുമായി വ്യക്തിപരമായി ഏറെ സൗഹൃദമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ സഹപ്രവർത്തകരുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
തികഞ്ഞ പോരാളിയായിരുന്നു പി.ടി.തോമസ് എംഎൽഎ എന്നു കെ. സി.വേണുഗോപാൽ എംപി. രോഗത്തെ പി.ടി. അതിജീവിച്ച് വരുമെന്നാണ് കരുതിയിരുന്നത്. ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ വിയോഗവാർത്ത അറിയുന്നത്. അപ്രിയസത്യങ്ങൾ വിളിച്ചുപറയാൻ മടിയില്ലാത്ത ധീരനുമായിരുന്നു പി. ടി.തോമസെന്നും കെ.സി.വേണുഗോപാൽ അനുസ്മരിച്ചു.
കോൺഗ്രസിനല്ല, പൊതു സമൂഹത്തിന്റെ വലിയ നഷ്ടമാണ് പി.ടി.തോമസ് എംഎൽഎയുടെ വിയോഗമെന്ന് ഹൈബി ഈഡൻ എംപി. ഒരു കെഎസ്യുക്കാരന്റെ വീറോടെ കോൺഗ്രസിനു വേണ്ടി വാദിക്കുന്ന മറ്റൊരാളെ ഇതുവരെയും കണ്ടിട്ടില്ല. എന്നും സിപിഎം, ബിജെപി വിരുദ്ധ രാഷ്ട്രീയത്തിൽ, വിഷയങ്ങളോട് അദ്ദേഹം എടുക്കുന്ന നിലപാടുകൾ കൃത്യമായിരുന്നു. കോൺഗ്രസിന് എവിടെയെല്ലാം അനുകൂലിക്കാൻ പറ്റുമോ അവിടെയെല്ലാം കൃത്യമായി ഈ നിലപാടു സ്വീകരിച്ചിരുന്നു. എടുക്കുന്ന നിലപാടുകൾക്കു വേണ്ടി ഏതറ്റം വരെയും പോകുന്നതിനുള്ള മനസ്സും അദ്ദേഹത്തിൽ കണ്ടിട്ടുണ്ടെന്നും എം പി അനുസ്മരിച്ചു
വ്യക്തിജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും പോരാളിയാണ് പി ടി തോമസെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.ആരും കാണാത്ത വസ്തുതകൾ കണ്ടെത്തി അവതരിപ്പിക്കാൻ കഴിവുള്ള നേതാവാണ് പിടി തോമസ് എന്ന് മുസ്ലിം ലീഗ് നേതാവ് പിടി കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. രാഷ്ട്രീയത്തിലെ അതുല്യപ്രതിഭയെയാണ് നഷ്ടമായതെന്നും അദ്ദേഹം അനുസ്മരിച്ചു.
അപ്രിയസത്യങ്ങൾ വിളിച്ചുപറയാൻ മടിയില്ലാത്ത ധീരനായിരുന്നു പിടി തോമസ് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. പൊതു പ്രവർത്തനത്തിൽ എന്നും മാന്യത കാത്തുസൂക്ഷിച്ച നേതാവാണ് പി ടി തോമസെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ജീവിതത്തിലുടനീളം ഉറച്ച നിലപാടുകൾ പുലർത്തിയ നേതാവാണ് പിടി തോമസെന്ന് പി ജെ ജോസഫ് അനുസ്മരിച്ചു. സഹോദരനെയാണ് നഷ്ടമായതെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു.
ദീർഘകാലമായി അർബുദരോഗബാധിതനായിരുന്ന പി ടി തോമസ് ഇന്ന് രാവിലെ പത്തുമണിയോടെ തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. തൊടുപുഴയിൽ കർഷക കുടുംബത്തിൽ ജനിച്ച് കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നു വന്ന പിടി കോൺഗ്രസിലെ ഒറ്റയാനായിരുന്നു. ആദ്യവസാനം കോൺഗ്രസ് പ്രവർത്തകരുടെ നേതാവായിരുന്നു പി ടി തോമസ്. താഴെത്തട്ടിലെ പ്രവർത്തകരുമായും സാധാരണക്കാരുമായും അടുത്ത ബന്ധം പിടി പുലർത്തിയിരുന്നു. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികൾ ചേർത്തു പിടിച്ചത്.
മറുനാടന് മലയാളി ബ്യൂറോ