- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പിൽ മക്കൾ മഹാത്മ്യം; കന്നിയങ്കത്തിൽ മൂന്ന് മുന്നണികളെയും ഞെട്ടിച്ച് ഷോൺ ജോർജ്ജ്;പൂഞ്ഞാറിൽ ജില്ലാപഞ്ചായത്തിലേക്ക് അട്ടിമറിജയം തേടിയത് അപ്പന്റെ പാതയിൽ; രാജക്കാട് കരുത്തുകാട്ടി സതി കുഞ്ഞുമോൻ; സതിയെത്തുന്നത് ഇത് മൂന്നാം തവണ
തിരുവനന്തപുരം: തദ്ദേശതെരഞ്ഞടുപ്പിൽ അപ്പന്മാരുടെ പേര് കാത്ത് മക്കളുടെ തേരോട്ടം.ഇടതിന് കരുത്ത് പകർന്ന് ജോസ് കെ മാണി കുതിച്ചപ്പോൾ പൂഞ്ഞാറിൽ കന്നിയങ്കത്തിൽ മുന്നണികളെ ഞെട്ടിച്ച് പി സി ജോർജ്ജിന്റെ മകൻ ഷോൺ ജോർജ്ജും രാജക്കാട് മന്ത്രി എം എം മണിയുടെ മകൾ സതി കുഞ്ഞുമോൻ കരുത്തുകാട്ടി.
കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പൂഞ്ഞാർ ഡിവിഷനിൽ മൂന്ന് മുന്നണികളെയും ഞെട്ടിച്ച് പി സി ജോർജിന്റെ മകൻ ഷോൺ ജോർജ്.കോൺഗ്രസ്, കേരള കോൺഗ്രസ്, ബിജെപി സ്ഥാനാർത്ഥികളെ പിന്നിലാക്കിയാണ് ഷോണിന്റെ വിജയം.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളെയും പിന്തള്ളി വിജയം കൊയ്ത പിതാവിന്റെ പാത പിന്തുടർന്നാണ് ഷോണിന്റെ മിന്നും ജയം.ഷോൺ അടക്കം നാലു പേർ ജനപക്ഷത്തിനായി ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി വി.ജെ. ജോസ് വലിയവീട്ടിൽ പൂഞ്ഞാറിൽ രണ്ടാമതും എൽഡിഎഫ് സ്ഥാനാർത്ഥി ബിജു ജോസഫ് ഇളംതുരുത്തിയിൽ മൂന്നാമതുമായി. ബിജെപിയുടെ വി സി. അജികുമാറിന് നാലാം സ്ഥാനം മാത്രമാണുള്ളത്.പൊതു തെരഞ്ഞെടുപ്പ് രംഗത്ത് സ്ഥാനാർത്ഥിയായി പുതുമുഖമാണെങ്കിലും എല്ലാവർക്കും സുപരിചിതനാണ് ഷോൺ ജോർജ്. കന്നി തെരഞ്ഞെടുപ്പിലെ മിന്നും പ്രകടനത്തോടെ പിതാവിന്റെ പാതയിലൂടെയാണ് തന്റെയും യാത്രയെന്ന് ഷോൺ തെളിയിക്കുന്നു.
വിദ്യാർത്ഥി രാഷ്ട്രീയം മുതൽ 20 വർഷമായി തുടരുന്ന പൊതു പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് തന്റെ സ്ഥാനാർത്ഥിത്വം മക്കൾ രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്ന് ഷോൺ ജോർജ് പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി പി.സി. ജോർജ് മത്സരിക്കില്ലെന്നും, ഷോൺ ജോർജ് പകരക്കാരനായി എത്തുമെന്നും അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ അതിനു മുന്നേ ഷോൺ മത്സര രാഷ്ട്രീയത്തിൽ സജീവമാകുകയാണ്.ജനപക്ഷം രൂപംകൊണ്ട ശേഷം മലയോര മേഖലകളിലെ പഞ്ചായത്തുകളിൽ പാർട്ടി കരുത്തു തെളിയിച്ചിരുന്നു. ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാർ ഡിവിഷൻ നിലവിൽ ജന പക്ഷത്തിന്റെ സിറ്റിങ് സീറ്റാണ്. കഴിഞ്ഞ തവണ കേരള കോൺഗ്രസിന്റെ നിർമല ജിമ്മിയെ 600 വോട്ടിനാണ് ജനപക്ഷം സ്ഥാനാർത്ഥി ലിസി സെബാസ്റ്റ്യൻ ഇവിടെ പരാജയപ്പെടുത്തിയത്. പാലാ, പൂഞ്ഞാർ നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന തലപ്പലം, തീക്കോയി, തലനാട്, മൂന്നിലവ്, പൂഞ്ഞാർ, തിടനാട്, മേലുകാവ് പഞ്ചായത്തുകളാണ് പൂഞ്ഞാർ ഡിവിഷനിലുള്ളത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഡിവിഷനായ ഇവിടെ 80,000 അടുത്ത് വോട്ടർമാരുണ്ട്.
മന്ത്രി എം.എം. മണിയുടെ മകൾ സതി കുഞ്ഞുമോൻ രാജക്കാട് പഞ്ചായത്തിൽ വിജയിച്ചു. ഇടുക്കി രാജക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിൽനിന്ന് എൽ.ഡി.എഫ്. സ്ഥാനാർത്ഥി ആയാണ് സതി ജനവിധി തേടിയത്. ഇത് മൂന്നാംതവണയാണ് സതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.മുൻപ് രണ്ടുതവണ സതി പഞ്ചായത്തംഗമായിട്ടുണ്ട്. നിലവിൽ രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റുമാണ്.
വീട് ഉൾപ്പെടുന്ന എൻ.ആർ. സിറ്റി അഞ്ചാംവാർഡിൽ നിന്നാണ് കഴിഞ്ഞ രണ്ട് തവണയും ജയിച്ചത്. എന്നാൽ ഇക്കുറി ഏഴാം വാർഡിൽനിന്ന് മത്സരിക്കുകയായിരുന്നു.യു.ഡി.എഫിലെ അംബിക ഷാജി ആയിരുന്നു ഇത്തവണ സതിയുടെ എതിരാളി. സിപിഎം. ജില്ലാകമ്മിറ്റി അംഗവും രാജക്കാട് സഹകരണ ബാങ്ക് പ്രസിഡന്റുമായ വി.എ. കുഞ്ഞുമോനാണ് ,സതിയുടെ ഭർത്താവ്. മന്ത്രി മണിയുടെ ഇളയമകൾ സുമാ സുരേന്ദ്രൻ രാജാക്കാടിന് തൊട്ടടുത്തുള്ള രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.