ചെന്നൈ: ജനരോഷം ഭയന്ന് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികല നേതൃസ്ഥാനത്തേക്ക് മറ്റൊരാളെ നിയോഗിച്ചേക്കുമെന്ന റിപ്പോർട്ടുകൾ കള്ളി പാർട്ടി നേതൃത്വം. അത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണ്. ശശികലയെ മുഖ്യമന്ത്രിയാക്കാൻ അവസാനശ്വാസം വരെ പോരാടുമെന്ന് അണ്ണാഡിഎംകെ പ്രസീഡിയം ചെയർമാൻ കെഎ സെങ്കോട്ടയ്യൻ വ്യക്തമാക്കി. പകരം മുഖ്യമന്ത്രിയെ ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

എടപ്പാടി പളനിസ്വാമി, സെങ്കോട്ടയ്യൻ എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. എംഎൽഎ മാരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് മുഖ്യമന്ത്രിയാകണമോ എന്ന് ശശികല പുനരാലോചിച്ചതെന്നും റിപ്പോർട്ടുകൾ വന്നു. 128 എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയ ശശികല ഒപ്പം നിൽക്കണമെന്ന് എംഎൽഎമാരോട് അഭ്യർത്ഥിച്ചു. പിന്തുണ അറിയിച്ചുകൊണ്ടുള്ള പുതിയ കത്ത് നൽകണമെന്ന് വികെ ശശികല എംഎൽഎമാരോട് ആവശ്യപെട്ടതായും റിപ്പോർട്ടുകളുണ്ട്.

എംഎൽഎമാരോടൊപ്പം ഗവർണറെ കാണാനുള്ള ശശികല നീക്കം നടത്തിയിരുന്നു. എന്നാൽ രാജ്ഭവൻ കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചു. നിയമ വിദ്ഗ്ദരുമായി ശശികല കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ശശികല പക്ഷത്തിന് തിരിച്ചടിയായി എഐഡിഎംകെയുടെ സ്ഥാപക നേതാവും, പാർട്ടി വക്താവുമായ സി പൊന്നയ്യൻ പനിർശെൽവം പക്ഷത്തേക്ക് കൂറുമാറി. നേരത്തെ ശശികലക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ നേതാക്കളിൽ പ്രമുഖനായിരുന്നു പൊന്നയ്യൻ. ജയലളിതയുടെ ആത്മാവ് ശശികലയിലുടെ പാർട്ടിയെ നയിക്കുമെന്നായിരുന്നു പൊന്നയ്യൻ പറഞ്ഞിരുന്നത്.

ശശികല എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയ മഹാബലിപുരത്തെ റിസോർട്ടിനുമുന്നിൽ പനീർശെൽവം അനുകൂലികൾ പ്രതിഷേധിച്ചു. എംഎൽഎമാരെ കാണണമെന്നാവശ്യപെട്ട പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.

മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള നീക്കങ്ങളിലേക്ക് ഗവർണർ വിദ്യാസാഗർ റാവു കടക്കാത്തതിൽ ശശികല പക്ഷം ശക്തമായ പ്രതിഷേധത്തിലാണ്. സർക്കാർ രൂപീകരിണത്തിന് ഉടൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ശശികല ഗവർണർക്ക് കത്ത് നൽകിയിരുന്നു. സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കാനായി എത്രയും വേഗം നടപടി സ്വീകരിക്കണണെന്നാണ് ശശികല ഗവർണറോട് ആവശ്യപ്പെട്ടത്.

പനീർശെൽവം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ച് ഏഴ് ദിവസം പിന്നിട്ടെന്നും രാഷ്ട്രീയ അനിശ്ചിതത്വം ഒഴിവാക്കാൻ ഉടൻ തീരുമാനമെടുക്കണമെന്നും ശശികല ആവശ്യപ്പെട്ടു.