- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം; കിരീട പ്രതീക്ഷയുമായി അവസാന റൗണ്ട് മത്സരത്തിന് ലിലിയും പിഎസ്ജിയും; പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യന്മാരാകാൻ ലിലിക്ക് വേണ്ടത് ആൻഗേഴ്സിനെതിരെ ജയം; മത്സരം ഇന്ത്യൻ സമയം രാത്രി 12.30ന്
പാരിസ്: ഫ്രഞ്ച് ലീഗ് വൺ ചാമ്പ്യന്മാരെ ഇന്നറിയാം. ലിലിയും പിഎസ്ജിയും കിരീടപ്രതീക്ഷയുമായി അവസാന റൗണ്ട് മത്സരത്തിനിറങ്ങും. ഇന്ന് ലീഗിലെ 20 ടീമുകളും മൽസരത്തിനിറങ്ങുന്നുണ്ട്. എല്ലാ മൽസരങ്ങളും ഇന്ത്യൻ സമയം രാത്രി 12.30നാണ്.
ഫ്രഞ്ച് ലീഗിൽ കിരീടപ്പോരാട്ടത്തിൽ പ്രവചനം അസാധ്യമാണ്. ലിലി 37 കളിയിൽ 80 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി 79 പോയിന്റുമായി രണ്ടാമതും. പന്ത്രണ്ടാം സ്ഥാനത്തുള്ള ആൻഗേഴ്‌സിനെ തോൽപിച്ചാൽ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിലി ഫ്രഞ്ച് ചാമ്പ്യന്മാരാകും.
നെയ്മറുടെ പിഎസ്ജിക്ക് കിരീടം നേടണമെങ്കിൽ ബ്രെസ്റ്റിനെ തോൽപിക്കുന്നതിനൊപ്പം, ഒന്നാം സ്ഥാനത്തുള്ള ലിലി പോയിന്റ് നഷ്ടപ്പെടുത്തുകയും വേണം. ലിലി സമനില വഴങ്ങുകയും പിഎസ്ജി ജയിക്കുകയും ചെയ്താൽ 82 പോയിന്റുമായി പിഎസ്ജി കിരീടം നിലനിർത്തും.
അവസാന ഏഴ് സീസണുകളിലും പിഎസ്ജിയാണ് കിരീടം നേടിയത്. 2010-11 സീസണിലാണ് ലില്ലെ അവസാനമായി കിരീടം നേടിയത്. ഇക്കുറി സമഗ്രാധിപത്യത്തോടെയാണ് ലിലി ഒന്നിൽ നിൽക്കുന്നത്. സീസണിന്റെ തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് ഉഗ്രൻ തിരിച്ചുവരവ് നടത്തിയാണ് പോച്ചീടീനോയുടെ പിഎസ്ജി കിരീട പോരിലേക്ക് വന്നത്.
പിഎസ്ജിയുടെ ഇന്നത്തെ മൽസരത്തിലേ എതിരാളി പുറത്താവൽ ഭീഷണിയുള്ള ബ്രീസ്റ്റാണ്. ബ്രീസ്റ്റിനെതിരേ എളുപ്പം ജയം നേടാമെന്ന വിശ്വാസത്തിലാണ് പിഎസ്ജി. അതേ സമയം ആങ്കേഴ്സിനെതിരേയുള്ള ലില്ലെയുടെ പോരാട്ടം കടുത്തതാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. .
ഇരു ടീമിനും തുല്യ പോയിന്റ് വന്നാൽ ഗോൾ ഡിഫറൻസ് മികവിൽ പിഎസ്ജിക്ക് ചാംപ്യന്മാരാവാം. നെയ്മർ, എംബാപ്പെ, കിംബാപ്പെ, മാർക്വിനോസ്, ഡി മരിയ, ഇക്കാർഡി എന്നിവരെല്ലാം ഇന്ന് ലീഗിലെ അവസാന മൽസരത്തിനിറങ്ങും
റെയിംസിനെതിരെ കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ പിഎസ്ജി വമ്പൻ വിജയം നേടിയതോടെയാണ് ഫ്രഞ്ച് ലീഗ് കിരീട പോരാട്ടം ഫോട്ടോഫിനിഷിലേക്ക് മുന്നേറിയത്. സ്വന്തം മൈതാനത്ത് എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. പത്താം മിനുട്ടിൽ തന്നെ റെയിംസ് താരം യൂനിസ് ചുവപ്പുകാർഡ് വാങ്ങി പുറത്തായ മത്സരത്തിൽ നെയ്മർ, എംബാപ്പെ, മാർക്വിന്യോസ്, കീൻ എന്നിവരാണ് പിഎസ്ജിയുടെ ഗോളുകൾ നേടിയത്.
കഴിഞ്ഞ മത്സരത്തിൽ ലിലി ലീഗിൽ പതിനൊന്നാം സ്ഥാനത്തുള്ള സെയിന്റ് എറ്റിയെന്നുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞതാണ് ടീമിന് തിരിച്ചടിയായത്.
ഇരുടീമുകളും അവസാന മത്സരത്തിൽ തോൽക്കുകയും 77 പോയിന്റുമായി മൂന്നാം സ്ഥാനത്തു നിൽക്കുന്ന മൊണാക്കോ ഏഴു ഗോൾ വ്യത്യാസത്തിൽ വിജയിക്കുകയും ചെയ്താൽ അവർക്കും കിരീടം നേടാൻ കഴിയുമെന്നതും വസ്തുതയാണ്.
സ്പോർട്സ് ഡെസ്ക്