കോഴിക്കോട്:കാലം മാറുന്നത് മുസ്ലിം ലീഗ് അറിയുന്നില്ലെന്ന വിമർശനമൊക്കെ ഇനി ചുരുട്ടി വയ്ക്കാം.ലീഗിലും മാറ്റത്തിന്റെ കാറ്റ് വീശുകയാണ്.പുരുഷന്മാരുടെ കുത്തകപാർട്ടിയാണ് ലീഗെന്ന വിമർശനം ഇനി വിലപ്പോവില്ല. കാരണം സ്ത്രീകളെ പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിലേക്ക് ഉയർത്തിക്കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം പാർട്ടി തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകുന്നു.

കഴിഞ്ഞ ദിവസം ലീഗ് പ്രഖ്യാപിച്ച 63 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ മൂന്ന് പേർ വനിതകളാണ്. ഖമറുന്നിസ അൻവർ, അഡ്വ.നൂർബിന റഷീദ്, അഡ്വ.കെ.പി.മറിയുമ്മ എന്നിവരാണ് സെക്രട്ടേറിയറ്റിൽ എത്തിയത്.ഇതുമാത്രമല്ല ചരിത്രപരമായ തീരുമാനം. സ്ത്രീകൾക്ക് പുറമേ ദളിത് പ്രതിനിധികളും സെക്രട്ടേറിയറ്റിൽ എത്തി. യു.സി.രാമൻ, എ.പി.ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് സെക്രട്ടേറിയറ്റിലെത്തിയത്.

കഴിഞ്ഞ വട്ടം ഇടം കാണാതിരുന്ന ചില എംഎൽഎമാരും സെക്രട്ടേറിയറ്റിൽ എത്തി എന്ന സവിശേഷതയുമുണ്ട്. തൊഴിലാളി സംഘടനയെ പ്രതിനിധീകരിച്ച് എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികളവും കമ്മിററിയിൽ എത്തി.എന്നാൽ, ചില പതിവുകൾ തെറ്റിച്ചിട്ടില്ല. സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും, ജനറൽ സെക്രട്ടറിയായി കെ.പി.എ.മജീദും തുടരും. തങ്ങൾ മൂന്നാം തവണയും, മജീദ് രണ്ടാം തവണയുമാണ് മുഖ്യപദവികളിൽ എത്തുന്നത്.

ചെർക്കളം അബ്ദുള്ളയാണ് ട്രഷറർ. പി.കെ.കെ.ബാവയെ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം മാററിയെങ്കിലും, വൈസ് പ്രസിഡന്റായി കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എം.സി.മായിൻ ഹാജി, സി.ടി.അഹമ്മദലി, വി.കെ.അബ്ദുൾ ഖാദർ മൗലവി, എം.ഐ.തങ്ങൾ,പി.എച്ച്.അബ്ദുസ്സലാം ഹാജി, സി.മോയിൻ കുട്ടി, കെ.കുട്ടി അഹമ്മദ്് കുട്ടി, ടി.പി.എം.സാഹിർ, സി.പി.ബാവ ഹാജി, സി.എ.എം.എ.കരീം,കെ.ഇ.അബ്ദുറഹിമാൻ എന്നിവരാണ മററു വൈസ് പ്രസിഡന്റുമാർ. പി.എം.എ.സലാം, അബ്ദുറഹിമാൻ കല്ലായി, കെ.എസ്.ഹംസ, ടി.എം.സലീം, ആബിദ് ഹുസൈൻ തങ്ങൽ എംഎൽഎ, കെ.എം.ഷാജി എംഎൽഎ, അഡ്വ.എൻ.ഷംസുദ്ദീൻ എംഎൽഎ, അബ്ദുറഹിമാൻ രണ്ടത്താണി, സി.എച്ച്.റഷീദ്, ബീമാപ്പള്ളി റഷീദ്, സി.പി.ചെറിയ മുഹമ്മദ്, പി.എം.സാദിഖലി എന്നിവരെ സെക്രട്ടരിമാരായും തിരഞ്ഞെടുത്തു.