- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംഘടനാ ശക്തി നോക്കിയാൽ ചുരുങ്ങിയത് പന്ത്രണ്ട് സീറ്റ് ഇനിയും അധികം കിട്ടേണ്ടതുണ്ടെന്ന് മുസ്ലിംലീഗിലെ ഒരുവിഭാഗം; കോഴിക്കോട് സ്ഥാനാർത്ഥിയാകാൻ കുപ്പയമിട്ട് നിരവധിപേർ; മുനീർ കൊടുവള്ളിയിലേക്ക് മാറിയാൽ ഉമ്മർ പാണ്ടികശാലയോ പി.കെ ഫിറോസോ കോഴിക്കോട് സൗത്തിൽ മത്സരിക്കും
കോഴിക്കോട്: സംഘടനാ ശക്തി നോക്കിയാൽ സംസ്ഥാന തലത്തിൽ ചുരുങ്ങിയത് പന്ത്രണ്ട് സീറ്റ് ഇനിയും മുസ്ലിംലീഗിന് അധികം ലഭിക്കേണ്ടതുണ്ടെന്ന് ഒരു വിഭാഗം മുസ്ലിംലീഗ് നേതാക്കൾ. മലപ്പുറം കഴിഞ്ഞാൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്ന ജില്ലയാണ് കോഴിക്കോട്. സംഘടനാ ഘടന കൊണ്ടും അണികളെ കൊണ്ടും ജില്ലയിൽ കോൺഗ്രസ്സിനേക്കാൾ മികച്ചു നിൽക്കുന്നത് മുസ്ലിം ലീഗാണെന്നും ഇവിടുത്തെ മുസ്ലിംലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ലീഗിന്റെ പ്രവർത്തന മികവിലാണ് ജില്ലയുമായി ബന്ധപെട്ട വടകര, കോഴിക്കോട്, വയനാട് പാർലമെന്റ് സീറ്റുകളിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ മികച്ച വിജയം നേടിയതെന്നും ലീഗ് അവകാശപ്പെടുന്നുണ്ട്. നിയമസഭയിലേക്ക് നിലവിൽ ആറു സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. സംഘടനാ ശക്തി നോക്കിയാൽ സംസ്ഥാന തലത്തിൽ ചുരുങ്ങിയത് പന്ത്രണ്ട് സീറ്റ് ഇനിയും അധികം ലഭിക്കേണ്ടതായിട്ടുണ്ടെന്നാണ് ലീഗിന്റെ വാദം.
ലോക്‌സഭ പോലെ നിയമസഭയിലും സീറ്റ് ഓഹരി ചർച്ചയിൽ ലീഗ് പിന്തുടരുന്ന മിതവാദ നിലപാട് കോൺഗ്രസ്സ് മുതലാക്കുന്നതിനാൽ എത്രയോ പേർക്ക് ലീഗിൽ അവസരം നഷ്ട്ടപെടുന്നതിൽ ലീഗിൽ അമർഷം പുകഞ്ഞു തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ പുതുതായി പേരാമ്പ്രയും നാദാപുരവും ബേപ്പൂരും കണ്ണുവെക്കുന്ന ലീഗിൽ പാർട്ടി ആസ്ഥാന കേന്ദ്രമായ കോഴിക്കോട് നിരവധിപേർ സ്ഥാനാർത്ഥിയാവാൻ രംഗത്തുണ്ട്.
സിറ്റിങ് എംഎൽഎ മാരായ ഡോ.എം.കെ മുനീറും പാറക്കൽ അബ്ദുള്ളയും വീണ്ടും മത്സര രംഗത്തുണ്ടാവും. പാറക്കൽ അബ്ദുള്ള കുറ്റ്യാടിയിൽ തന്നെ തുടരും. മുനീർ കൊടുവള്ളിയിലേക്ക് മാറിയാൽ ഉമ്മർ പാണ്ടികശാലയോ പി.കെ ഫിറോസോ കോഴിക്കോട് സൗത്തിൽ മത്സരിക്കും. ബേപ്പൂർ കിട്ടിയാൽ പാണ്ടികശാല അങ്ങോട്ടേക്ക് മാറും. അവിടെ എം.സി.മായീൻ ഹാജിക്കും സാധ്യതയുണ്ട്. ബാലുശ്ശേരിക്ക് പകരം നേരത്തെ വിട്ടുകൊടുത്ത കുന്ദമംഗലം തിരികെ ലഭിച്ചാൽ നജീബ് കാന്തപുരത്തിന് സാധ്യതയുണ്ട്.
മുൻ എംഎൽഎ യു.സി രാമനും ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്ററും കുന്ദമംഗലത്ത് പരിഗണന പട്ടികയിൽ ഉണ്ട്. കൊടുവള്ളിയിൽ മുനീർ അല്ലങ്കിൽ ഒരിക്കൽ കൂടി കഴിഞ്ഞ തവണ നേരിയ വോട്ടിന് പരാജയപ്പെട്ട എം.എ റസാഖ് മാസ്റ്റർ വന്നേക്കും. മുൻ എംഎൽഎ വി. എം. ഉമ്മർ മാസ്റ്ററും രംഗത്തുണ്ട്.
തിരുവമ്പാടിയിൽ ഇറക്കുമതി സ്ഥാനാർത്ഥിയെ ഇനി ലീഗ് പരീക്ഷിക്കില്ല. ഇവിടേക്ക് പുറമെ നിന്ന് സാധ്യത പറഞ്ഞിരുന്ന കെ.എം ഷാജി മത്സരിക്കുകയാണെങ്കിൽ കണ്ണൂരോ കാസർകോടോ വന്നേക്കും. തിരുവമ്പാടിയിൽ മൂന്ന് തവണ മാറിനിൽക്കേണ്ടി വന്ന മണ്ഡലക്കാരനായ സംസ്ഥാന ലീഗ് സെക്രട്ടറി സി. പി.ചെറിയ മുഹമ്മദ് ഈ തവണ വന്നേക്കും. അദ്ദേഹം മറ്റു മണ്ഡലത്തിലേക്ക് മാറുകയാണെകിൽ ജില്ലാ ലീഗ് സെക്രട്ടറി വി.കെ ഹുസൈൻകുട്ടിക്കും സാധ്യതയുണ്ട്.
പേരാമ്പ്ര ലീഗിന് കിട്ടിയാൽ ടി.ടി ഇസ്മായിൽ, നൂർബിന റഷീദ്, പി. കുൽസു, മിസ്ഹബ് കീഴരിയൂര് എന്നിവരുടെ പേരുകൾ പരിഗണിക്കുന്നുണ്ട് . നാദാപുരം കിട്ടിയാൽ സൂപ്പി നരിക്കാട്ടേരി വന്നേക്കും. കോഴിക്കോട് ജില്ലയിൽ പാകപ്പെട്ട സീറ്റ് ഇല്ലങ്കിൽ പി.കെ ഫിറോസ്, ഉമ്മർ പാണ്ടികശാല എന്നിവരെ മലപ്പുറം ജില്ലയിൽ പരിഗണിച്ചേ ക്കും.ഫിറോസിന്റെ പേര് കളമരശ്ശേരിയിലും അഴീക്കോടും സജീവമായി പറഞ്ഞു കേൾക്കുന്നുണ്ട്.