പ്രേക്ഷകർക്ക് വിസ്മയം ഒരുക്കി പുറത്തിറങ്ങാനൊരുങ്ങുന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. അതീവരഹസ്യമായി ചിത്രീകരിക്കുന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളോ വിശേഷങ്ങളോ ഇതുവരെ പുറത്ത് വന്നിരുന്നില്ല. എന്നാൽ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ എന്ന പേരിൽ ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്.

ചിത്രത്തിലെ ഏറ്റവും നിർണായകമായ ക്ലൈമാക്സ് രംഗങ്ങളുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് ലീക്കായി പുറത്തു വന്നിരിത്തുന്നത്. വലിയൊരു ഗ്രാനൈറ്റ് ക്വാറിയിലായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്തത്.

ബാഹുബലിയുടെ ആദ്യഭാഗം റിലീസ് ചെയ്ത സമയത്തും അവസാനരംഗങ്ങളിലെ യുദ്ധരംഗങ്ങൾ ലീക്കായി പുറത്തു വന്നിരുന്നു. ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായിട്ടുണ്ട്. അഭിനേതാക്കൾ അടക്കമുള്ള യൂണിറ്റ് അംഗങ്ങൾ പോലും ലൊക്കേഷനിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന കർശന നിബന്ധനയോടെയാണ് സംവിധായകൻ സിനിമ ചിത്രീകരിച്ചിരിക്കുന്നതിനിടെ ചിത്രങ്ങൾ എങ്ങനെ ലീക്കായെന്ന ആശങ്കയിലാണ് അണിയറപ്രവർത്തകർ.