മുംബൈ: ഇന്ത്യൻ സിനിമയിൽ കാസ്റ്റിങ് കൗച്ചിനെതിരെ പ്രതികരിച്ചാലും സഹകരിച്ചാലും നടിമാർക്ക് ഭാവിയുണ്ടാകാൻ ബുദ്ധിമുട്ടാെന്ന് ഇല്യാന ഡിക്രൂസ്. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നുപറച്ചിലുമായി ആരെങ്കിലും രംഗത്തെത്തിയാൽ അവർക്ക് പിന്നെ കരിയർ ഉണ്ടാവില്ലെന്നാണഅ ഇല്യാന പറയുന്നത്. തനിക്കടക്കം ഉണ്ടായ ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു കൊണ്ടാണ് നടി രംഗത്തെത്തിയത്.

വർഷങ്ങൾക്ക് മുൻപ് സൗത്തിൽ നിന്നുള്ള ഒരു ജൂനിയർ ആർടിസ്റ്റിനോട് ഒരു വലിയ നിർമ്മാതാവ് മോശമായി പെരുമാറി. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർ എന്നോടു ചോദിച്ചു. എന്നാൽ ഇതിൽ എനിക്ക് ഒന്നും പറയാനില്ലെന്നും ഇതിൽ നിന്റെ അഭിപ്രായമാണ് വലുതെന്നും ആർക്കും നിന്നെ നിർബന്ധിക്കാനാവില്ലെന്നുമായിരുന്നു ഞാൻ മറുപടി നൽകിയതെന്നം ഇല്യാന വ്യക്തമാക്കി.

ചൂഷണം ചെയ്യലും പീഡനവും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇല്യാന വ്യക്തമാക്കി. ഇത്തരം കാസ്റ്റിങ് കൗച്ച് പരിപാടികൾക്കെതിരെ വലിയൊരു താരനിര തന്നെ രംഗത്തെത്തിയാൽ അതിന് വലിയ രീതിയിൽ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. അതുകൊണ്ട് തന്നെ അവർക്കൊന്നും ഒരു മോശം വശമുണ്ടെന്ന് അംഗീകരിക്കാൻ പലർക്കും കഴിയില്ല. അവരുടെ ശബ്ദം ഉയരും. അതുകൊണ്ട് തന്നെ പലരും പലതും തുറന്നുപറയാൻ ആഗ്രഹിക്കില്ല.

സിനിമയിൽ അവസരം തേടി പോകുന്നവരെ ചിലർ കിടക്കപങ്കിടാൻ ക്ഷണിക്കും. ഒരുപക്ഷേ ചിലർ അതിന് തയ്യാറാകും. എന്നാൽ അഞ്ച് ദിവസം കഴിഞ്ഞ് അതേ നിർമ്മാതാവിനടുത്ത് അവസരത്തിനായി അവൾ പോയാൽ അയാൾ അവളെ കണ്ടതായി പോലും നടിക്കില്ല. സിനിമ വേറെ സ്വകാര്യ ജീവിതം വേറെ എന്ന നിലപാടാണ് അപ്പോൾ സ്വീകരിക്കുക. അവൾക്ക് ജോലി കൊടുക്കില്ല. ഇവിടെ ആരാണ് ഇര? സിനിമയിലെ വലിയവർ ചെറിയവർക്ക് അവസരങ്ങൾ നൽകുമെന്നാണ് പലരും കരുതുന്നത്. എന്നാൽ അങ്ങനെയൊന്നുമല്ല കാര്യങ്ങൾ- ഇല്യാന പറയുന്നു.

തന്റെ സുരക്ഷ ഉറപ്പുനൽകിയാൽ ഇത്തരത്തിൽ കാസ്റ്റിങ് കൗച്ച് നടത്തുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവിടാമെനന് നടി റിച്ച ചന്ദ അടുത്തിടെ പറഞ്ഞിരുന്നു. താൻ മാത്രമല്ല സുരക്ഷയും അവസരങ്ങളും ഇനിയും ഉണ്ടാകുമെന്ന് ആരെങ്കിലും ഉറപ്പ് നൽകിയാൽ തന്നെപ്പോലെ ആയിരക്കണക്കിന് ആളുകൾ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരെ കുറിച്ച് തുറന്നുപറയാൻ തയ്യാറാകുമെന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ ആര് സംരക്ഷണം നൽകും? ആരും നൽകില്ല. അത് തന്നെയാണ് ഇത്തരക്കാരുടെ ബലവും- ഇല്യാന പറയുന്നു.