റിയോ: റിയോയിൽ രാജ്യത്തിന്റെ വമ്പൻ പ്രതീക്ഷകളോടെ ടെന്നിസിലെ സൂപ്പർ താരങ്ങളായ ലിയാണ്ടർ പേസും സാനിയ മിർസയും ഇന്നിറങ്ങും. ഡേവിസ് കപ്പിൽ ബൊപ്പണ്ണക്കൊപ്പം മത്സരിച്ച് ഗ്രൗണ്ടും കളവും പരിചയിച്ച ശേഷം പേസ്-രോഹൻ ബൊപ്പണ്ണ സഖ്യം ഇന്ന് റിയോയിൽ പോളണ്ടിന്റെ മറ്റ്‌കോവ്‌സ്‌കി-കുബോട്ട് കൂട്ടിനെ ആദ്യ റൗണ്ട് അങ്കത്തിൽ നേരിടും. വനിതാ വിഭാഗം ഡബ്ൾസിലാണ് സാനിയ മിർസ ഇറങ്ങുന്നത്. സാനിയ-പ്രാർത്ഥന തൊംബാരെക്കൊപ്പം ചൈനയുടെ പെങ് ഷുവായ്-ഷുവായ് ഴാങ് സഖ്യത്തെ നേരിടും.

ഒളിമ്പിക്‌സിന് പുറപ്പെടും മുമ്പേ തുടങ്ങിയ വിവാദങ്ങൾക്കൊടുവിലാണ് ഇന്ത്യയുടെ പടയൊരുക്കം. കരിയറിലെ ഏഴാം ഒളിമ്പിക്‌സിനൊരുങ്ങുന്ന ലിയാണ്ടർ പേസിനെ ചുറ്റിപ്പറ്റിയായിരുന്നു തുടക്കം. 1996 അറ്റ്‌ലാന്റ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവായ പേസിന്റെ പങ്കാളിത്തം സംബന്ധിച്ചായിരുന്നു വിവാദം. പേസിനൊപ്പം ചേരാനില്ലെന്ന് രോഹൻ ബൊപ്പണ്ണയും സാനിയ മിർസയും പ്രഖ്യാപിച്ചതോടെ സീനിയർ താരത്തിന്റെ ഒളിമ്പിക്‌സ് പങ്കാളിത്തം തന്നെ വിവാദത്തിലായി.ജൂനിയർ താരം സാകേത് മെയ്‌നേനിക്കൊപ്പം കളിക്കാമെന്നായിരുന്നു ബൊപ്പണ്ണയുടെ തീരുമാനം. എന്നാൽ, ടെന്നിസ് ഫെഡറേഷൻ അന്തിമ നിലപാടെടുത്തതോടെയാണ് പ്രശ്‌നം പരിഹരിച്ച് പേസിന്റെ റിയോ പങ്കാളിത്തം ഉറപ്പായത്.