തിരുവനന്തപുരം: മികച്ച റേഡിയോ പരിപാടികൾക്കായുള്ള ആകാശവാണിയുടെ 2016-ലെ ദേശീയ മത്സരത്തിൽ, ബെസ്റ്റ് പബ്ലിക് സർവ്വീസ് അനൗൺസ്‌മെന്റ് വിഭാഗത്തിലെ പുരസ്‌ക്കാരം തിരുവനന്തപുരം ആകാശ വാണിക്ക്. ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ ലീലാമ്മ മാത്യു രചനയും സംവിധാനവും നിർവഹിച്ച, 'മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്' എന്ന പരിപാടിക്കാണ് ദേശീയ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്.

പുഴയും മഴയും കാടും എല്ലാം സമൃദ്ധമായുള്ള കേരളത്തിൽ പോലും ജലദൗർലഭ്യത്തിന്റെയും വരൾച്ചയുടെയും പിടിയിലാണിന്ന്. മഴവെള്ളസംഭരണവും ശരിയായ ജലസംരക്ഷണവും മാത്രമാണ് ഇതിനുള്ള പോംവഴി. ഈ സന്ദേശമാണ് 'മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്' എന്ന പബ്ലിക് സർവ്വീസ് അനൗൺസ്‌മെന്റ് ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുന്നത്. പ്രമേയത്തിന്റെ കാലികപ്രാധാന്യം, കെട്ടുറപ്പുള്ള രചന, അവതരണഭംഗി ഇവയെല്ലാം ഈ 'ജനസേവന അറിയിപ്പിനെ' മികവുറ്റതാക്കുന്നു.

ഈ പരിപാടിയിൽ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റുകളായ ശരത്, ദേവി എന്നിവരാണ് ശബ്ദം നൽകിയിരിക്കുന്നത്. ഡബ്ബിംഗിന് സംസ്ഥാനതലത്തിൽ നിരവധി ചലച്ചിത്ര, ടെലിവിഷൻ അവാർഡുകൾ നേടിയിട്ടുള്ളവരാണ് രണ്ടുപേരും. ഈ രംഗത്തെ ദേശീയ ചലച്ചിത്ര അവാർഡു ജേതാവുംകൂടിയാണ് ദേവി. പ്രക്ഷേപണവുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിലും ലീലാമ്മ മാത്യു നിരവധി ദേശീയസംസ്ഥാനതല അവാർഡുകളും അന്തർദേശീയ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

ഡൗൺ സിൻഡ്രോം പ്രമേയമാക്കി ലീലാമ്മ മാത്യു സംവിധാനം ചെയ്ത 'സുകൃതം', ബ്രിട്ടിൽ ബോൺ സിൻഡ്രോം പ്രമേയമാക്കി സംവിധാനം ചെയ്ത 'സ്വപ്നക്കൂട്' എന്നീ കുടുംബക്ഷേമ പരിപാടികൾ ഒന്നാം സ്ഥാനത്തോടെ ആകാശവാണിയുടെ 2008-ലെയും 2010-ലെയും ദേശീയ പുരസ്‌ക്കാരങ്ങൾ നേടി. സെറിബ്രൽ പാൾസിയെ ആധാരമാക്കി ലീലാമ്മ മാത്യു രചനയും സംവിധാനവും നിർവഹിച്ച 'ഒന്നു കൈയടിക്കൂ.... പ്ലീസ്' എന്ന കുടുംബക്ഷേമപരിപാടി രണ്ടാം സ്ഥാനത്തോടെ ആകാശവാണിയുടെ 2012-ലെ ദേശീയ പുരസ്‌ക്കാരത്തിന് അർഹമായി. 2010-ലെ ആകാശവാണിയുടെ ദേശീയമത്സരത്തിൽ, മറവിരോഗത്തെ ആധാരമാക്കി ലീലാമ്മ മാത്യു സംവിധാനം ചെയ്ത 'ഓർമ്മമേഘങ്ങൾ' എന്ന പരിപാടി പൊതുജനസേവന പ്രക്ഷേപണവിഭാഗത്തിലും, 2013-ലെ മത്സരത്തിൽ 'മുത്തപ്പൻകാവിലെ അപ്പൂപ്പൻതാടി' എന്ന പരിപാടി കുട്ടികൾക്കുള്ള പരിപാടികളുടെ വിഭാഗത്തിലും മെറിറ്റ് സർട്ടിഫിക്കറ്റുകളോടെ ദേശീയ പുരസ്‌ക്കാരങ്ങൾ നേടി.

മഴക്കാല രോഗങ്ങളെ ആധാരമാക്കി 2010-ൽ 'ഒരു കൂട ചൂടാം' എന്ന പേരിൽ ആകാശവാണി പ്രക്ഷേപണം ചെയ്ത ബോധവത്ക്കരണ പരമ്പരയുടെ സംവിധായിക എന്ന നിലയിൽ ഇന്ത്യൻ പബ്ലിക് ഹെൽത്ത് അസോസിയേഷന്റെ മീഡിയ അവാർഡും 2012-ൽ മികച്ച ആരോഗ്യ കുടുംബക്ഷേമപരിപാടിക്കുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 'നമ്മുടെ ആരോഗ്യം' മീഡിയ അവാർഡും ലീലാമ്മ മാത്യുവിന് ലഭിച്ചു. പ്രക്ഷേപണരംഗത്തെ മികവിന് കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ അവാർഡ് 2013-ൽ ലഭിച്ചു.

12-ാമത് അന്താരാഷ്ട്ര ഇറാൻ റേഡിയോ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന മത്സരത്തിൽ, ലഘു നാടകവിഭാഗത്തിൽ, ലീലാമ്മ മാത്യു സംവിധാനം ചെയ്ത 'ഫിയർ' എന്ന നാടകം തെരഞ്ഞെടുക്കപ്പെടുകയും ഇറാനിൽവച്ച് നടന്ന ഫൈനൽ മത്സരത്തിൽ സംവിധായിക ഫൈനലിസ്റ്റായി പങ്കെടുക്കുകയും ചെയ്തു. ലീലാമ്മ മാത്യു സംവിധാനം ചെയ്ത നിരവധി റേഡിയോ പരിപാടികൾ അന്താരാഷ്ട്ര മത്സരങ്ങളിൽ ആകാശവാണിയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

പ്രവർത്തനമേഖലയിലെ മികവും സംഭാവനകളും മാനദണ്ഡമാക്കി SB & Assumption Colleges Alumni Association of Chicago ഏർപ്പെടുത്തിയിട്ടുള്ള Distinguished Alumna Awardee of the Year പുരസ്‌ക്കാരത്തിന് 2013-2014 കാലയളവിൽ അർഹയായി. ആകാശവാണിയുടെ ടോപ് ഗ്രേഡ് ലളിത സംഗീത കലാകാരിയാണ് ലീലാമ്മ മാത്യു. 2013-ൽ നടന്ന ആകാശവാണിയുടെ നാഷണൽ പ്രോഗ്രാം ഓഫ് റീജിയണൽ ഫോക്ക് & ലൈറ്റ് മ്യൂസിക് ഫെസ്റ്റിവലിൽ 30 മിനിട്ട് ദൈർഘ്യമുള്ള ലളിത സംഗീത പരിപാടിയിൽ ഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ആകാശവാണിയിലും ദൂരദർശനിലും കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വേദികളിലും സംഗീതപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കന്റെ ഭാര്യ കൂടിയാണ് ലീലാമ്മ മാത്യു.