കൊച്ചി: നടി ലിനാ മരിയാ പോളിന്റെ ബ്യൂട്ടി പാർലർ വെടിവയ്‌പ്പ് കേസിലെ ബുദ്ധി കേന്ദ്രങ്ങൾ ബംഗ്ളുരൂ, മാംഗ്‌ളുരൂ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധോലോകസംഘങ്ങളാണെന്ന് അന്വേഷണസംഘം കണ്ടെത്തി. പാർലർ ഉടമ ലീന മരിയ പോൾ, ഇവരുടെ സുഹൃത്തും വ്യാപാര പങ്കാളിയുമായ സുകേഷ് ചന്ദ്രശേഖർ എന്നിവരുടെ ഇടപാടുകൾ അടുത്തകാലത്ത് ഈ നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. ഇതിനിടെയാണ് രവി പൂജാരിയുടെ സംഘവുമായി ഇവർ ഇടപാട് നടത്തുന്നത്. ഇതാണ് വെടിവയ്‌പ്പിന് പിന്നിലേക്ക് കാര്യങ്ങളെത്തിച്ചത്. കൊച്ചിയിലെ അധോലോക സിൻഡിക്കേറ്റിനെ നിയന്ത്രിക്കുന്നത് മാംഗ്‌ളുരൂവിലെ രവി പൂജാരിയുടെ സംഘങ്ങളാണെന്നും വ്യക്തമായത്. വെടിവച്ചവർ പ്രാദേശിക ക്വട്ടേഷൻ സംഘങ്ങളാണെന്നാണ് സൂചന. കഴിഞ്ഞ 15 ന് വൈകിട്ട് മൂന്നരയ്ക്കാണ് കടവന്ത്രയിലുള്ള പാർലറിൽ വെടിവയ്‌പ്പ് നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ അക്രമികൾ സ്ഥാപനത്തിൽ കടക്കാതെ പുറത്തു നിന്ന് ചുവരിലേക്ക് വെടിയുതിർത്ത് മടങ്ങുകയായിരുന്നു.

ലീന സാമ്പത്തിക ഇടപാടുകൾ തുറന്നു പറയാൻ വിസമ്മതിച്ചതോടെ അന്വേഷണം വഴിമുട്ടിയിരുന്നു. ഇതോടെ ഇവർക്കെതിരെ തട്ടിപ്പു കേസുകളുള്ള സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി.ര വി പൂജാരി, സുകേഷ് ചന്ദ്രശേഖർ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾക്ക് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അടുത്തകാലത്ത് നടി ലീനയുടെ കൈകളിലേക്ക് കോടികൾ എത്തിയതായാണ് വിവരം. ഇതിനിടയിൽ തട്ടിപ്പ് കേസിൽ സുകേഷ് തീഹാർ ജയിലിലായി. ഇവരുടെ സാമ്പത്തിക ഇടപാടുകൾ അറിയാവുന്ന രവി പൂജാരി ഓസ്ട്രേലിയയിലാണ് ഉള്ളത്. അടുത്തകാലത്ത് സുകേഷുമായി നടി അകന്നിരുന്നായി പ്രചരണമുണ്ടായി. ഇത് രവി പൂജാരിയെ തെറ്റിധരിപ്പിക്കാനായിരുന്നു. ഇത് മനസ്സിലാക്കിയാണ് ലീനയുടെ സ്ഥാപനത്തെ രവി പൂജാരി ലക്ഷ്യമിട്ടത്.

കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ജെ. ഹിമേന്ദ്രനാഥ്, തൃക്കാക്കര അസി. കമ്മിഷണർ പി.പി.ഷംസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. വെടിവയ്‌പ്പിന് ശേഷം അക്രമികൾ രവി പൂജാരി എന്ന് ഹിന്ദിയിലെഴുതിയ പേപ്പർ സ്ഥാപനത്തിൽ ഉപേക്ഷിച്ചിരുന്നു. മൊഴി നൽകാനെത്തിയപ്പോൾ നടി രവി പൂജാരിയുടെ പേരിൽ പണം ആവശ്യപ്പെട്ട് നാലു തവണ മൊബൈൽ ഫോണിൽ വിളിയുണ്ടായെന്നും വെളിപ്പെടുത്തി. തിഹാർ ജയിലിലുള്ള സുകേഷ് കൊച്ചിയിലെത്തിയപ്പോൾ ഇരുവരും ഒരുമിച്ചാണ് ദിവസങ്ങളോളം റിസോർട്ടിൽ താമസിച്ചത്. ചികിത്സയ്ക്കെന്ന പേരിലായിരുന്നു സന്ദർശനം. അന്ന് ഇവരെ സന്ദർശിക്കാനെത്തിയവരെക്കുറിച്ചും അന്വേഷണം തുടങ്ങി. റിസോർട്ടിൽ മുറി ബുക്ക് ചെയ്തയാളെ ഇതുവരെ കണ്ടെത്താനായില്ല.

മുംബൈ അധോലോക നായകനായ രവി പൂജാരി ഇപ്പോൾ ഓസ്ട്രേലിയയിൽ ആണെന്നു പറയുന്നു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കലും എളുപ്പമല്ല. മുംബൈ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. രവി പൂജാരിയെന്ന് കരുതുന്നയാളെ സഹായിക്കുന്ന ആരോ കൊച്ചിയിലുണ്ടെന്നു വ്യക്തമായതിനാൽ അതിലേക്ക് എത്താനാണ് പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത്. അക്രമികളെ കണ്ടെത്താനായാൽ യഥാർഥ ഉദ്ദേശ്യം മനസ്സിലാകും. ഇതിനാണ് പൊലീസിന്റെ ശ്രമം. മൊഴികളിൽ വ്യക്തത വരുത്താനും മുൻകാല കേസുകളെക്കുറിച്ചു കൂടുതൽ അറിയാനും ഇവരെ വീണ്ടും വിളിച്ചുവരുത്തും. അജ്ഞാത കേന്ദ്രത്തിൽ ചികിത്സയിലാണ് നടിയെന്നാണ് സൂചന. പൊലീസ് നടപടിയെ ഭയന്നാണ് നടി ചികിൽസയിൽ പോയതെന്നും പൊലീസ് വിലയിരുത്തുന്നുണ്ട്. നെയിൽ ആർട്ടിസ്ട്രിയെന്ന ബ്യൂട്ടി പാർലറിനെ കുറിച്ച് പൊലീസിന് ഇപ്പോൾ വലിയ സംശയങ്ങളുണ്ട്. കള്ളപ്പണം വെളുപ്പിക്കാൻ ഇത് ഉപയോഗിച്ചിരുന്നുവെന്നാണ് പ്രധാന നിഗമനം.

മൂന്നുമാസം മുൻപു നഗരത്തിലെത്തി മൂന്നാഴ്ചയോളം സുകാഷ് താമസിച്ചെന്ന വിവരം പൊലീസിനേയും ഞെട്ടിച്ചിട്ടുണ്ട്. ബ്യൂട്ടി പാർലർ ഉടമയായ ലീനാ മരിയ പോളിനൊപ്പം സ്വകാര്യ റിസോർട്ടിലായിരുന്നു ഈ ദിവസങ്ങളിൽ സുകാഷ് താമസിച്ചത്. ഡൽഹി പൊലീസിന്റെ സംരക്ഷണത്തിലായിരുന്നു കൊച്ചിയിലെ ഇവരുടെ താമസം. ചികിൽസ ആവശ്യങ്ങൾക്കായാണു സുകാഷ് ഇവിടെ മുറിയെടുത്തതെന്ന് റിസോർട്ട് മാനേജർ ഫൈസൽ പറഞ്ഞു. ദിവസവും ഒന്നരമണിക്കൂറിലേറെ ചികിൽസയ്ക്കായി റിസോർട്ടിൽനിന്ന് ഇരുവരും പുറത്തുപോകാറുണ്ടായിരുന്നു. ഇവർക്ക് സന്ദർശകർ ഒട്ടേറെയുണ്ടായിരുന്നുവെന്നും മാനേജർ പറഞ്ഞു. കൊച്ചി സ്വദേശികളായ മൂന്നുപേർ ബോസിനെന്നു പറഞ്ഞാണ് റിസോർട്ടിൽ മുറിയെടുത്തത്. കേസിലെ പ്രതിയാണെന്നോ പൊലീസ് ഒപ്പമുണ്ടെന്നോ പറഞ്ഞിട്ടില്ലെന്നും മാനേജർ വ്യക്തമാക്കി.

ഈ റിസോർട്ട് കൂടാതെ കൊച്ചിയിലെ മറ്റ് രണ്ട് റിസോർട്ടുകളിലും ഇവർ താമസിച്ചതായാണു പൊലീസിനു ലഭിക്കുന്ന വിവരം. ഈ വരവിൽ നടത്തിയ ഇടപാടുകളാണോ ഇപ്പോഴത്തെ വെടിവയ്പിൽ കലാശിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സുകേഷിന് തിഹാർ ജയിലിൽ പഞ്ചനക്ഷത്ര സൗകര്യങ്ങളുണ്ടെന്നാണ് സൂചന. ജയിൽ അധികൃതരെ സ്വാധീനിച്ചാണ് എല്ലാം ഒരുക്കുന്നത്. രവി പൂജാരിയെന്ന് അവകാശപ്പെട്ടയാൾ ഏഷ്യാനെറ്റ് ന്യൂസിലേക്ക് വിളിച്ച് തന്റെ ആളുകളാണ് വെടിവച്ചതെന്ന് അവകാശപ്പെട്ടിരുന്നു. ഇപ്പോൾ ഓസ്ട്രേലിയയിലാണെന്ന് കരുതുന്നയാൾ ഒരു മലയാളം സ്ഥാപനത്തിലേക്ക് വിളിക്കണമെങ്കിൽ പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ അനുമാനം. കേസുമായി ബന്ധപ്പെട്ടവർ ഇപ്പോഴും ഇവിടെയുണ്ടാകാം. മറ്റെവിടെ നിന്നെങ്കിലുമുള്ളവർ പ്രാദേശികമായി നൽകിയ ക്വട്ടേഷനാണോയെന്ന് ആദ്യം മുതൽ പൊലീസ് സംശയിക്കുന്നുണ്ട്. അല്ലെങ്കിൽ അക്രമിസംഘത്തെ സഹായിക്കാൻ മറ്റാരെങ്കിലും ഇവിടെയുണ്ടാകാം.

നടി കടുത്ത ശ്വാസംമുട്ടലിന് ചികിത്സയിലാണിവർ. എവിടെയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് മാത്രമെ വെളിപ്പെടുത്തിയിട്ടുള്ളൂ. സുരക്ഷാപ്രശ്‌നങ്ങൾ ഉള്ളതിനാലാണിത്. തനിക്കെതിരേ ചെന്നൈയിലുള്ള സിബിഐ. കേസിൽ കുറ്റവിമുക്തയായതാണെന്ന് നടി പറയുന്നു. തന്റെ മുൻകാല കേസുകളും ഇതുമായി ബന്ധമില്ലെന്നും ഈ കേസിൽ താൻ ഇരയാണെന്നും അവർ പറയുന്നു. കടവന്ത്രയിലെ 'ദി നെയ്ൽ ആർട്ടിസ്ട്രി' എന്ന സ്ഥാപനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാണ്.