- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിഹാർ ജയിൽ തട്ടിപ്പിനുള്ള ഓഫീസാക്കി സുകാഷ് ചന്ദ്രശേഖർ; തട്ടിപ്പിന്റെ മാസ്റ്റർ ബ്രെയിൻ ഭാര്യയും മലയാളി നടിയുമായ ലീന മരിയ പോളും; ജയിലിലെ ചിക്കൻ പാർട്ടികളിൽ ലീനയെ കൂടാതെ ജാക്വിലിൻ അടക്കമുള്ള ബോളിവുഡ് സുന്ദരിമാർ; 200 കോടിയുടെ തട്ടിപ്പിൽ ഒരു പങ്ക് ലീന മുടക്കിയത് മലയാളം വെബ് സീരീസിനും
ന്യൂഡൽഹി: ആരെയും മയക്കുന്ന സംസാരം. ഉന്നതങ്ങളിൽ തനിക്ക് പിടിപാടുണ്ടെന്ന് ഇടപെടുന്നവരെ ബോധ്യപ്പെടുത്താനുള്ള മിടുക്ക്. അതെ നാക്കുകൊണ്ടാണ് സുകാഷ് ചന്ദ്രശേഖർ എന്ന് തട്ടിപ്പുകാരൻ 200 കോടിയുടെ പണം അടിച്ചുമാറ്റിയത്. തിഹാർ ജയിലിൽ കിടന്നു കൊണ്ടായിരുന്നു ഏറ്റവും ഒടുവിൽ പൂണ്ടുവിളയാടിയത്. ജയിലിൽ തനിക്ക് ആഡംബര സൗകര്യങ്ങൾ കിട്ടാനും തന്റെ വനിതാ അതിഥികളെ സത്കരിക്കാനും വേണ്ടി മാസം തോറും ഒരുകോടി വീതമാണ് അയാൾ തിഹാർ ജയിൽ അധികൃതർക്ക് നൽകിയത്. ജാക്വിലിൻ ഫെർണാണ്ടസും, നോറ ഫത്തേഹിയും മാത്രമല്ല, സൂപ്പർ മോഡലുകളും മറ്റ് ബോളിവുഡ് നടിമാരും ജയിലിൽ സുകാഷിനെ കാണാൻ എത്തിയിരുന്നു.
എന്നാൽ, താൻ ജയിലിൽ കടുത്ത പീഡനവും വിവേചനവും നേരിടുന്നു എന്നായിരുന്നു ഇയാൾ പതിവായി ജയിൽ അധികൃതർക്ക് പരാതി കത്തയച്ചിരുന്നത്. തന്റെ ഭാര്യയും കൂട്ടുപ്രതിയുമായ ലീന മരിയ പോളിനെ കാണാൻ അനുവദിക്കുന്നില്ല എന്ന പരാതിയും ഉണ്ടായിരുന്നു. ഇരുവരും ജയിലിൽ കിടന്നു കൊണ്ട് നടത്തിയ പണം തട്ടിപ്പു റാക്കറ്റിന്റെ വിശദാംശങ്ങളെല്ലാം ഇഡി നൽകിയ കുറ്റപത്രത്തിൽ ഉണ്ട്.
റാൻബാക്സി പ്രമോട്ടർമാരായ ശിവിന്ദർ സിങ്, മൽവിന്ദർ സിങ് എന്നിവരുടെ ഭാര്യമാർ നൽകിയ പരാതിയിലാണ് ഡൽഹി പൊലീസ് ദമ്പതിമാരെ അകത്താക്കിയത്. സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് തന്റെ പക്കൽ നിന്ന് 200 കോടി തട്ടിയെടുത്തു എന്നാണ് ശിവിന്ദർ സിങ്ങിന്റെ ഭാര്യ അദിതി സിങ് പരാതി നൽകിയത്. റെലിഗെയർ ഫിൻവെസ്റ്റ് ലിമിറ്റഡ് പ്രമോട്ടർമാരായിരിക്കെ സ്ഥാപനത്തിൽനിന്നു വായ്പയെടുത്ത് അവരുടെ മറ്റു കമ്പനികളിൽ നിക്ഷേപിച്ച് കമ്പനിക്കു 2397 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം 2019 ൽ മൽവിന്ദറിനെയും ശിവിന്ദറിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജാമ്യത്തിൽ ഇറക്കാം എന്ന പേരിലായിരുന്നു സുകാഷിന്റെ തട്ടിപ്പ്. പണം തട്ടിക്കുക മാത്രമല്ല, കിട്ടിയ തുക ഹവാല ഇടപാടുകൾ വഴിയും ഷെൽ കമ്പനികൾ വഴിയും വിദേശത്തേക്ക് കടത്തുകയും ചെയ്തു.
തിഹാർ ജയിൽ തട്ടിപ്പിനുള്ള ഓഫീസാക്കി
തിഹാർ ജയിൽ ഒരു ഓഫീസാക്കി മാറ്റി അവിടെ നിന്ന് മൊബൈൽ സ്പൂഫ് കോളുകൾ വഴിയായിരുന്നു സുകാഷിന്റെ ഓപ്പറേഷൻ. ചില സമയത്ത് ജയിലിൽ കഴിഞ്ഞിരുന്ന യുണിടെക് ഗ്രൂപ്പ് ഉടമ സഞ്ജയ് ചന്ദ്രയുടെ മുറിയായിരുന്നു ഓപ്പറേഷന് ഉപയോഗിച്ചത്. സഞ്ജയുമായും, സഹോദരൻ അജയുമായും സുകാഷ് വളരെ അടുപ്പത്തിലായിരുന്നു. പിന്നീട് ഇവരെ ഇഡിയുടെ റിപ്പോർട്ടിനെ തുടർന്ന് സുപ്രീം കോടതി നിർദ്ദേശപ്രകാരം മുംബൈയിലെ ജയിലുകളിലേക്ക് മാറ്റി.
ഭാര്യ ലീന മരിയ പോളിന് ഭർത്താവിന്റെ ജയിലിലെ ഓഫീസിൽ സദാ വരാമായിരുന്നു. രജിസ്റ്ററിൽ പേരൊന്നും രേഖപ്പെടുത്താതെ തന്നെ പതിവായി ഇവർ സുകാഷിനെ സന്ദർശിച്ചിരുന്നു. ജയിലിലെ ഓഫീസിൽ, ടിവി, ഫ്രിഡ്ജ്, സോഫ, മിനറൽ വാട്ടർ എന്നിവ ഉണ്ടായിരുന്നുവെന്ന് ലീന പിന്നീട് മൊഴി നൽകി. ജയിലിൽ ചിക്കൻ പാർട്ടികളും സുകാഷ് നടത്തിയിരുന്നു. ഈ പാർട്ടികളിൽ സ്ത്രീകളെയും ക്ഷണിച്ചിരുന്നു. സൂപ്പർ മോഡലുകളും, നടിമാരുമായിരുന്നു സന്ദർശകർ ജാക്വിലിൻ ഫെർണാണ്ടസിനും, നോറ ഫത്തേഹിക്കും പുറമേ പത്തിലേറെ ബോളിവുഡ് നടിമാർ ജയിലിൽ എത്തിയിരുന്നു. ഇതിനെല്ലാമാണ് മാസം ഒരു കോടി വീതം തിഹാർ ജയിൽ അധികൃതർക്ക് നൽകിയത്.
മലയാളി നടി ലീന മരിയ പോൾ മാസ്റ്റർബ്രെയിൻ
ഇഡിയുടെ കുറ്റപത്ര പ്രകാരം, മലയാളി നടി ലീന മരിയ പോളാണ് തട്ടിപ്പ് പദ്ധതികളുടെ മാസ്റ്റർ ബ്രെയിൻ. സുകാഷിനെയാണ് ആദ്യം 200 കോടി തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തത്. വാർത്ത എത്തിയതോടെ, ലീന തെളിവെല്ലാം നശിപ്പിച്ചു. തനിക്ക് ഈ തട്ടിപ്പിൽ ഒന്നും ഒരു പങ്കുമില്ലെന്നാണ് ലീന ഭാവിക്കുന്നത്. കൂട്ടുപ്രതികളുടെ മൊഴികൾ അവർക്ക് എതിരാണ് താനും.
2009 ലാണ് ലീന തന്റെ മോഡലിങ് കരിയർ ആരംഭിക്കുന്നത്. ഹസ്ബൻഡ്സ് ഇൻ ഗോവ,കോബ്ര, ബിരിയാണി എന്നീ ചിത്രങ്ങളിൽ വേഷമിട്ടു.ഷൂജിത് സിർകാറിന്റെ മദ്രാസ് കഫേയിൽ തമിഴ് വിമത നേതാവിന്റെ റോളിലായിരുന്നു. 2010 ലാണ് സുകാഷിനെ പരിയപ്പെടുന്നത്. താൻ ഒരു രാഷ്ട്രീയ കുടുംബാംഗമാണ് എന്നാണ് സുകാഷ് ലീനയോട് പറഞ്ഞത്. ഇതാദ്യമായല്ല ദമ്പതികൾ അറസ്റ്റിലാകുന്നത്. 2013 ൽ ഒരു ചെന്നൈ ബാങ്കിനെ 19 കോടി തട്ടിച്ച കേസിൽ അറസ്റ്റിലായിരുന്നു. അതിന് ശേഷം ഇവർ ഗോറിഗോണിലേക്ക് താമസം മാറ്റി. അവിടെ 10 കോടിയുടെ വഞ്ചനാ കേസിൽ കുടുങ്ങി. 2018 ലാണ് അധോലോക ഡോൺ രവി പൂജാരിയുടെ ഗൂണ്ടകൾ ലീനയുടെ കൊച്ചി പനമ്പള്ളി നഗറിലെ ലക്ഷ്വറി നെയിൽ സലൂണിൽ വെടിവെപ്പ് നടത്തിയത്.
പണം തിരിച്ച് പിടിക്കണമെങ്കിൽ ലീനയാണ് മുഖ്യകണ്ണി എന്നും ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നുണ്ട്. ലീന മരിയ പോൾ ഒരു മലയാളം വെബ് സീരിസിനു ഫണ്ട് ചെയ്തതിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫെബ്രുവരിയിൽ യുട്യൂബിൽ റിലീസ് ചെയ്ത, പ്രമുഖ താരങ്ങൾ പലരും അഭിനയിച്ച വെബ്സീരിസിന്റെ നിർമ്മാണത്തിനു പിന്നിൽ നിന്നതു ലീനയുടെയും സുകാഷിന്റെയും കമ്പനിയാണെന്നാണു പൊലീസ് കണ്ടെത്തൽ. ആഡംബര കാറുകൾ വാങ്ങാൻ സുകാഷിനെയും ഭാര്യ ലീന മരിയ പോളിനെയും സഹായിച്ച, സ്വകാര്യ കമ്പനി ഡയറക്ടർ അരുൺ മുത്തുവാണു ലീനയെയും സുകാഷിനെയും ഫിലിം കമ്പനി ആരംഭിക്കാൻ സഹായിച്ചതെന്നു പറയുന്നു.
2018 ലാണു കമ്പനി ആരംഭിക്കുന്നത്. വെബ്സീരിസ് നിർമ്മാണത്തിൽ ലീന പ്രധാന പങ്കാളിയായി. യുട്യൂബിൽ ഏറെ ശ്രദ്ധ നേടിയ സീരിസ് ഒരു മലയാളം ഒടിടി പ്ലാറ്റ്ഫോമിനു 3 കോടി രൂപയ്ക്കാണു വിറ്റത്.
ജയിൽ ഓഫീസാക്കി സുകാഷിന്റെ തട്ടിപ്പുകൾ
2017 മുതൽ ജയിയിൽ കഴിയുന്ന സുകാഷ് ചന്ദ്രശേഖർ ജയിയിൽ നിന്നു നടത്തിയ 84 ഫോൺ കോളുകളുടെ വിശദാംശങ്ങളാണ് ഇഡി കാടതിയിൽ സമർപ്പിച്ചിരിക്കുന്നത്. പരിശോധനയിൽ സുകാഷിന്റെ ജയിൽ മുറിയിൽ നിന്നു രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു. പെയ്ഡ് മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചു നമ്പരുകൾ വ്യാജമാക്കിയാണു കേന്ദ്ര മന്ത്രാലയ ജീവനക്കാർ അടക്കമുള്ള ഉന്നതർ എന്ന വ്യാജേന സുകാഷ് എല്ലാവരെയും ഫോണിൽ ബന്ധപ്പെട്ടിരുന്നത്.
2020 ജൂണിൽ ആദ്യം ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ലയെന്ന പേരിൽ സുകാഷ് അദിതി സിങ്ങിനെ ബന്ധപ്പെട്ടു. നിയമ സെക്രട്ടറി അനൂപ് കുമാറെന്ന പേരിലാണ് വിളിച്ചത്. പിന്നീട് നിയമമന്ത്രാലയത്തിലെ ജൂനിയർ ഉദ്യോഗസ്ഥൻ അഭിനവായും വിളിച്ചു. പണമിടപാടുകൾ ഉന്നത ഉദ്യോഗസ്ഥർ സംസാരിക്കുന്നത് ഉചിതമല്ലാത്തതിനാൽ തന്നെ നിയോഗിച്ചുവെന്നാണ് അഭിനവ് അദിതിയോടു പറഞ്ഞിരുന്നത്.
ജാക്വിലിനെ വീഴ്ത്തിയത് ഇങ്ങനെ
കേന്ദ്ര മന്ത്രി അമിത് ഷായുടെ ഓഫീസിൽ നിന്നെന്ന വ്യാജേന ജാക്വിലിനെ വിളിച്ച സുകേഷ് ചന്ദ്രശേഖർ അവകാശപ്പെട്ടത് താൻ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ രാഷ്ട്രീയ കുടുംബത്തിൽ പെട്ടയാളെന്നായിരുന്നു. കേസുമായി ബന്ധപ്പെട്ട 36 കാരിയായ ജാക്വിലിന്റെ മൊഴി ഇഡി രണ്ടു വട്ടം എടുത്തിരുന്നു. ശേഖർരത്ന വാല എന്നാണ് സുകേഷ് സ്വയം പരിചയപ്പെടുത്തിയതെന്ന് ജാക്വിലിൻ പറഞ്ഞു. ഡൽഹിയിലെ കോടതിയിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡി കുറ്റപത്രം ഫയൽ ചെയ്തത്. സുകേഷിന്റെ ഭാര്യ ലീന മരിയ പോളും മറ്റ് ആറ് പേരും കേസിലെ പ്രതികളാണ്.
വീഴ്ത്താൻ പഠിച്ച പണി പതിനെട്ടും പയറ്റി
2020 ഡിസംബർ മുതൽ 2021 ജനുവരി വരെ പല ആഴ്ചകളായി സുകേഷ് ജാക്വിലിനെ പരിചയപ്പെടാനും, അടുക്കാനും ശ്രമിച്ച് വരികയായിരുന്നു. നിരവധി കോളുകൾ വന്നങ്കിലും ആളെ പരിചയം ഇല്ലാത്തതുകൊണ്ട് ജാക്വിലിൻ കോളുകൾ എടുത്തില്ല. ഇതോടെ സുകേഷ് അടുത്ത തന്ത്രം പ്രയോഗിച്ചു. ഒരുസർക്കാർ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് ജാക്വിലിന്റെ മെയ്ക്ക് അപ്പ് ആർട്ടിസ്റ്റ് ഷാൻ മുത്തത്തിലിനെ വിളിച്ചു. ശേഖർരത്ന വാല വളരെ പ്രധാനപ്പെട്ട വ്യക്തിയാണെന്നും ജാക്വിലിൻ അദ്ദേഹത്തെ പരിചയപ്പെടണമെന്നും, അദ്ദേഹം അവരുമായി സംസാരിക്കാൻ താൽപര്യപ്പെടുന്നു എന്നുമായിരുന്നു കോൾ.
ജാക്വിലിൻ പിന്നീട് സുകേഷിനെ പരിചയപ്പെട്ടപ്പോൾ, അയാൾ താൻ സൺ ടിവിയുടെ ഉടമയാണ് എന്നാണ് പരിചയപ്പെടുത്തിയത്. ജെ.ജയലളിതയുടെ രാഷ്ട്രീയ കുടുംബത്തിലെ അംഗമാണെന്നും തങ്ങൾ ചെന്നൈ സ്വദേശികൾ ആണെന്നും നുണ പറഞ്ഞു. മാത്രമല്ല, താൻ ജാക്വിലിന്റെ കടുത്ത ആരാധികയാണെന്നും ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ അവർ അഭിനയിക്കണമെന്നും സൺ ടിവിക്ക് നിരവധി പ്രോജക്റ്റുകൾ ഉണ്ടെന്നും സുകേഷ് ധരിപ്പിച്ചു.
ഇത് കൂടാതെയാണ് മെയ്ക്ക് അപ്പ് ആർട്ടിസ്റ്റിന് അമിത് ഷായുടെ ഓഫീസിൽ നിന്നാണെന്നും സുകേഷ് വിഐപി ആണെന്നും പറഞ്ഞ് കോൾ വന്നത്. അതൊരു തട്ടിപ്പ് കോളായിരുന്നു എന്ന് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.
ജാക്വിലിനും നോറ ഫത്തേഹിക്കും സമ്മാന പെരുമഴ
ജാക്വിലിൻ ഫെർണാണ്ടസിനും നോറ ഫത്തേഹിക്കും അത്യാഡംബര വസ്തുക്കൾ സമ്മാനിച്ചതായി സുകേഷ് ചന്ദ്രശേഖർ ഇഡിയോട് വെളിപ്പെടുത്തി. മിനി കൂപ്പർ കാർ മുതൽ ഗുച്ചി , ചാനൽ തുടങ്ങിയ ബ്രാൻഡ് ബാഗുകൾ, ഗുച്ചിയുടെ ജിം വെയർ, ലൂയിസ് വൂട്ടന്റെ ഷൂസ്, രണ്ട് ജോഡി വജ്ര മോതിരങ്ങൾ, ബ്രെയിസ്ലെറ്റ് എന്നിവ ജാക്വിലിന് സമ്മാനമായി നൽകി. വിവിധ ഹോട്ടലുകളിലെ താമസവും യാത്രയ്ക്കുള്ള ജെറ്റ് വിമാനസർവീസും ജാക്വിലിന് തരപ്പെടുത്തി നൽകി. മിനി കൂപ്പർ പിന്നീട് താൻ സുകേഷിന് തിരിച്ചുനൽകിയെന്ന് ജാക്വിലിൻ ചോദ്യം ചെയ്യലിൽ പറഞ്ഞു.
.നോറ ഫത്തേഹിക്ക് ബിഎംഡബ്യു കാറാണ് സമ്മാനിച്ചത്. കൂടാതെ ഗൂച്ചിയുടെ ബാഗ്, ഐ ഫോൺ എന്നിവയും സമ്മാനിച്ചു. ഭാര്യയും നടിയുമായ മരി ലിനാ പോൾ വഴിയാണ് ഇവ എത്തിച്ചതെന്ന് സുകേശ് ഇഡിയുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. നോറ ഫത്തേഹിയും ഇക്കാര്യം ഇഡിക്ക് മുന്നിൽ സമ്മതിച്ചിട്ടുണ്ട്.
തട്ടിപ്പിന്റെ സൂത്രധാരൻ
ഓഗസ്റ്റ് ഏഴിന് ഡൽഹി പൊലീസിന്റെ പിടിയിലാകും വരെ ജാക്വിലിനുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു സുകേഷ്. ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടർ ശിവിന്ദർ മോഹൻ സിങ്ങിന്റെ ഭാര്യ അദിതി സിങ് അടക്കം നിരവധി സമ്പന്ന വ്യക്തികളെ സുകേഷും ഭാര്യ ലീന മരിയ പോളും ചേർന്ന് തട്ടിച്ച്തായി ഡൽഹി പൊലീസും ഇഡിയും കണ്ടെത്തിയിട്ടുണ്ട്
ജയിലിൽ വച്ച് ഫോൺ സ്പൂഫ് ചെയ്ത് തട്ടിപ്പ്
രോഹിണി ജയിലിൽ കഴിയുമ്പോൾ ഫോൺ സ്പൂഫിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സുകേഷും ഗ്യാങ്ങും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. സുകേഷിനും ഭാര്യക്കും ഒപ്പം കൂട്ടുപ്രതികളായ പ്രദീപ് രംണനി, ദീപക് രംണനി, സുകേഷിന്റെ കൂട്ടാളി പിങ്കി ഇറാനി എന്നിവരെയും പിടികൂടിയിരുന്നു. ഓഗസ്റ്റിൽ സുകേഷിന്റെ ചെന്നൈയിലെ കടലിന് അഭിമുഖമായ ബംഗ്ലാവ് ഇഡി റെയ്ത് ചെയ്തിരുന്നു. അവിടെ നിന്ന് 82.5 ലക്ഷവും 12 ലധികം ആഡംബര കാറുകളും പിടിച്ചെടുക്കുകയും ചെയ്തു.
സുകേഷ ചന്ദ്രശേഖറാണ് ഈ തട്ടിപ്പിന്റെ സൂത്രധാരൻ. 17 ാം വയസിലേ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്നു. നിരവധി കേസുകൾ ഇയാൾക്കെതിരെ ഉണ്ട്, ഇഡി പറഞ്ഞു. ജയിലിലായിരിക്കുമ്പോഴും ആളുകളെ തട്ടിച്ചു. ജയിലിൽ അനധികൃതമായി സമ്പാദിച്ച സെൽപോൺ വഴി സ്പൂഫിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ നമ്പറുകളിൽ നിന്ന് തട്ടിപ്പ് നടത്താനായി വിളിക്കുക പതിവായിരുന്നു. ജയിലിൽ നിന്ന് ആളുകളെ വിളിക്കുമ്പോൾ, താൻ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻ ആണെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. തുക വാങ്ങി ആളുകളെ സഹായിക്കുകയാണ് താൻ എന്നാണ് ഇയാൾ പറഞ്ഞിരുന്നതെന്നും ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ