ന്യൂഡൽഹി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ ബിജെപി എംപിമാരും ഇടത് എംപിമാരും തമ്മിൽ ലോക്സഭയിൽ വാക്കേറ്റം. കൊലപാതകങ്ങൾ കൂടുതലും പിണറായി വിജയന്റെ നാട്ടിലാണെന്ന ബിജെപി എംപിമാരായ മീനാക്ഷി ലേഖി, പ്രഹ്ലാദ് ജോഷി എന്നിവരുടെ പ്രസ്താവനയാണ് ബഹളത്തിനിടയാക്കിയത്.

സി.പി.എം എംപിയായ പി. കരുണാകരനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് സഭയിൽ ഉന്നയിച്ചതിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചത്. ബിജെപി എംപിമാർ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉടൻതന്നെ ഇതിനെ എതിർത്ത് ബിജെപി അംഗങ്ങളും രംഗത്തെത്തി. എം.ബി രാജേഷും പികെ ശ്രീമതിയും അടക്കമുള്ള ഇടതുപക്ഷ അംഗങ്ങൾ രംഗത്തെത്തിയതോടെ സഭയിൽ ബഹളമായി.

ഇതോടെ ഇടത് എംപിമാർ ലോക്സഭയുടെ നടത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികൾ തടസ്സപ്പെട്ടു. 12.30ഓടെ സഭ പിരിയുമ്പോഴും ഇവർ പ്രതിഷേധം തുടർന്നു. സഭാ നടപടികൾ 20 മിനിറ്റോളം തടസപ്പെട്ടു.

പി.കരുണാകരൻ എംപിയെ പ്രസംഗം തുടരാൻ അനുവദിക്കാതിരുന്ന സ്പീക്കർ പിന്നീട് അനുമതി നൽകി. കേരളത്തിൽ സി.പി.എം പ്രവർത്തകരും വലിയ തോതിൽ കൊല്ലപ്പെടുന്നുണ്ടെന്ന് കരുണാകരൻ ചൂണ്ടിക്കാട്ടി.

കൊലപാതകങ്ങൾ കുടുതലുള്ളത് പിണറായിയുടെ നാട്ടിലാണെന്ന് ഇന്നലെ ബിജെപി എംപിമാരായ മീനാക്ഷി ലേഖിയും പ്രഹ്ലാദ് ജോഷിയും പ്രസ്താവിച്ചിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തെ ദൈവം കയ്യൊഴിഞ്ഞ നാടാക്കി മാറ്റിയിരിക്കുകയാണെന്ന് ഇവർ പറഞ്ഞു. താലിബാൻ ശൈലിയാണ് കേരളത്തിൽ സി.പി.എം സ്വീകരിക്കുന്നതെന്നും അവർ ആരോപിച്ചിരുന്നു.