ലയാളത്തിലെ രാഷ്ട്രീയസിനിമകളുടെ ചരിത്രം നോക്കിയാൽ അവയിൽ ബഹുഭൂരിപക്ഷവും ഇടതുപക്ഷത്തോടുള്ള വിമർശനാത്മക സംവാദങ്ങളാണെന്നു കാണാം. കൊളോണിയൽ കാലത്തെ ദേശീയസ്വാതന്ത്ര്യസമരമുൾപ്പെടെയുള്ളവ ചില വീരനായകരുടെയോ സംഭവങ്ങളുടെയോ കഥയായി ചലച്ചിത്രരൂപം നേടിയിട്ടുണ്ടെങ്കിലും കമ്യൂണിസ്റ്റ് പാർട്ടികളുടെ സാമൂഹ്യപ്രസക്തിയെക്കുറിച്ചും ചരിത്രജീവിതത്തെക്കുറിച്ചുമുള്ളവയാണ് മലയാളത്തിലെ മിക്ക രാഷ്ട്രീയസിനിമകളും.

'സിനിമയിലെ രാഷ്ട്രീയം' എന്നതല്ല 'രാഷ്ട്രീയസിനിമ' എന്നതുകൊണ്ടർഥമാക്കുന്നത്. രാഷ്ട്രീയമില്ലാത്ത സിനിമയില്ല എന്നു നമുക്കറിയാം. പ്രത്യക്ഷത്തിൽതന്നെ രാഷ്ട്രീയപ്രമേയങ്ങളോ സന്ദർഭങ്ങളോ ആവിഷ്‌ക്കരിക്കുന്നതിലൂടെ ഒരു സവിശേഷഗണമായി മാറുന്ന സിനിമകളെ മാത്രമാണ് ഇവിടെ 'രാഷ്ട്രീയസിനിമ' എന്നതുകൊണ്ടർഥമാക്കുന്നത്. കലാസിനിമയിലെന്നപോലെ കച്ചവടസിനിമയിലും ഈ പ്രവണതക്കു മാറ്റമില്ല.

ഇടതുപക്ഷരാഷ്ട്രീയസിനിമതന്നെ പലതരമുണ്ട്. 'പുന്നപ്രവയലാർ' പോലെ കമ്യൂണിസ്റ്റ് പാർട്ടിയോടും അതിന്റെ സമരരാഷ്ട്രീയത്തോടും അനുകൂലനിലപാടെടുക്കുന്നവ, രവീന്ദ്രന്റെയും ബക്കറിന്റെയും മറ്റും ചിത്രങ്ങൾപോലെ തീവ്ര ഇടതുരാഷ്ട്രീയത്തോട് സംവദിക്കുന്നവ, 'സന്ദേശം' പോലെ നർമഭരിതവും പരിഹാസനിർഭരവുമായി ഇടതുപക്ഷത്തിന്റെ അവസരവാദരാഷ്ട്രീയം ആവിഷ്‌ക്കരിക്കുന്നവ, 'മുഖാമുഖം' പോലെ ഇടതുപാർട്ടികളുടെ പ്രത്യയശാസ്ത്രഘടനയെത്തന്നെ വിമർശനാത്മകമായി അപലപിക്കുന്നവ എന്നിങ്ങനെ. പരോക്ഷവും ഭാഗികവുമായി രാഷ്ട്രീയ പരാമർശങ്ങളോ സൂചനകളോ കടന്നുവരുന്ന എത്രയെങ്കിലും ചിത്രങ്ങൾ ഇവയ്‌ക്കൊക്കെ പുറമെയുണ്ട്.

മുരളി ഗോപി കഥയും തിരക്കഥയും തയ്യാറാക്കി അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' ഇതിൽ ഏതുവിഭാഗത്തിൽപ്പെടുന്നു എന്ന് എടുത്തുപറയേണ്ടതില്ല. കേരളത്തിലെ ഏറ്റവും പ്രമുഖമായ ഇടതുപക്ഷപാർട്ടിയുടെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലെ രാഷ്ട്രീയവ്യതിയാനങ്ങളുടെ നേർക്ക് തുറന്നുപിടിച്ച ഒരു ഭൂതക്കണ്ണാടിയാണ് ഈ സിനിമ. അസാധാരണമാംവിധമുള്ള എതിർപ്പുകളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഈ സിനിമയുടെ തിരക്കഥാകൃത്തെന്ന നിലയിൽ മുരളി ഗോപിക്ക് ഏറ്റുവാങ്ങേണ്ടിവന്നു. ശ്യാമപ്രസാദിനെയെന്നപോലെ മുരളി ഗോപിയെയും അവരുടെ പിതാക്കന്മാർ പുലർത്തിയ രാഷ്ട്രീയ വിശ്വാസത്തിന്റെ പേരിൽ വിചാരണ ചെയ്യുന്ന തലത്തോളം അതു തരംതാഴ്ന്നു. രാഷ്ട്രീയവിമർശനത്തിന്റെ അങ്ങേയറ്റം മൂർച്ചയുള്ള ഒരു രചനയെന്ന നിലയിൽ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് വ്യാപകമായി അംഗീകരിക്കപ്പെട്ടപ്പോൾതന്നെയാണ് ഈവിധം അതിന്റെ രചയിതാവ് അധിക്ഷേപിക്കപ്പെട്ടതും.[BLURB#1-H] ഇരുവഴികളിൽ മുന്നേറുന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്ന്റെ കഥ പ്രത്യക്ഷവും ഹ്രസ്വവുമാണ്. വിപ്ലവപാർട്ടിയിൽ നിന്നു പുറത്തുപോകേണ്ടിവരുന്ന സുരേഷ്, അലിയാർ എന്ന രണ്ടു ചെറുപ്പക്കാർ 'ദ കമ്യൂണിസ്റ്റ്' എന്ന തങ്ങളുടെ ചെറുപത്രത്തിൽ, പാർട്ടിനേതാവ് കൈതേരി സഹദേവൻ കോടികളുടെ അഴിമതി നടത്തിയെന്ന വാർത്ത റിപ്പോർട്ടുചെയ്യുന്നു. പാർട്ടിയിൽ കൈതേരിയുടെ എതിരാളിയായ എസ്.ആർ. അതേറ്റുപിടിക്കുന്നതോടെ മാദ്ധ്യമങ്ങൾ കൈതേരിയെ വിചാരണ ചെയ്തുതുടങ്ങുന്നു. തുടർന്നുള്ള ദിവസങ്ങളിൽ സുരേഷും അലിയാരും കൊല്ലപ്പെടുന്നു. ഇതാണ് കഥയുടെ ഒരു വഴി. മറ്റൊരുവഴി കൈതേരി, ചെഗുവേര റോയി, വട്ട് ജയൻ എന്നിവരുടെ ഭൂത-വർത്തമാനങ്ങളുടേതാണ്.

ചെറിയച്ഛന്റെ ചോരയിൽനിന്നു കിളിർത്ത രാഷ്ട്രീയവെറിയുടെ ആൾരൂപമാണ് കൈതേരി. 'സ്വന്തം ചോര മണ്ണിൽ ഉണങ്ങിക്കെടക്കണത് കണ്ടോന്റെ കണ്ണിലല്ല... കയ്യിലാണ് പിന്നെ ചോര' എന്ന് സഹദേവൻ. ഒളിവിൽ മരിച്ച വിപ്ലവകാരിയുടെ അനാഥനായ മകനാണ് റോയി. കൈക്കൂലി കൊടുക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ട് സ്വന്തം പെങ്ങൾ ധർമ്മാശുപത്രിയിൽ കിടന്നുമരിച്ചതിന്റെ പക വളർത്തിയവനാണ് ജയൻ. കൈതേരി പാർട്ടിനേതാവായി. റോയി, കൈതേരിയുടെ ചതിയിൽ ശരീരം തളർന്നവനായി. ജയൻ നിഷ്ഠൂരനായ പൊലീസ് ഓഫീസറായി.

സുരേഷിന്റെയും അലിയാരുടെയും മരണം റോയിയെ തളർത്തി. അയാൾ ഹൃദയാഘാതം വന്നു മരിച്ചു. ജയൻ അയാളുടെ കാമുകിയുടെ ഭർത്താവിനെ കൊന്ന് ജയിലിലായി. മുഴുവൻ മരണങ്ങൾക്കും തന്റെ ജയിൽവാസത്തിനും പിന്നിൽ കൈതേരിയാണെന്നറിയുന്ന ജയൻ പൊതുവേദിയിൽ വച്ചുതന്നെ കൈതേരിയെ കുത്തിക്കൊന്നു.

ഈ കഥവഴിയെക്കാൾ, ഈ ജീവിതങ്ങൾക്കുപിന്നിൽ തെളിയുന്ന സാമൂഹികതയും മാനവികതയുമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്ന്റെ രാഷ്ട്രീയം. മനുഷ്യരുടെ ജീവിതം എങ്ങനെ ജൈവികവും സത്താപരവും ബൗദ്ധികവുമായി ഓരോ വഴികളിലേക്കു തിരിഞ്ഞൊഴുകുന്നു? അവരെങ്ങനെ പരസ്പരം ശത്രുക്കളും ഒറ്റുകാരുമായിത്തീരുന്നു? സ്വന്തം വിശ്വാസപ്രമാണങ്ങൾ അവരെ എങ്ങനെ പാപികളാക്കുന്നു? പ്രസ്ഥാനങ്ങൾ ഹിംസയും പകയും വെറിയും എന്തിന് പ്രത്യയശാസ്ത്രത്തിന്റെ തന്നെ ഭാഗമാക്കുന്നു? നെറിയും സുതാര്യതയും മാനവികതയും എന്തുകൊണ്ട് രാഷ്ട്രീയപാർട്ടികൾ കൈവിടുന്നു? ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഉന്നയിക്കുന്ന ഇത്തരം ചോദ്യങ്ങൾ ആ സിനിമക്കുമേൽ ആരോപിക്കപ്പെടുന്ന പ്രത്യക്ഷ രാഷ്ട്രീയസ്വഭാവത്തിനിടയിൽ മുങ്ങിപ്പോയി എന്നതാണ് വസ്തുത.

കൈതേരി സഹദേവന്മാരും ചെഗുവേര റോയിമാരും വട്ട് ജയന്മാരും ഉണ്ടാകുന്നതെങ്ങനെ എന്ന ചോദ്യമാണ് യഥാർഥത്തിൽ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. അവരുടെ ജീവിതം മുരളി എഴുതുന്നതുപോലെ, 'ജനിതകവിത്തുകളാലും അജ്ഞാതമായ എന്തോ ഒന്നിന്റെ ഇടപെടൽകൊണ്ടും കുട്ടിക്കാലത്തെ കാഴ്ചകളാലും ഉണ്ടാക്കപ്പെടുന്നവനെ മനുഷ്യൻ എന്നു വിളിക്കുന്നുവെന്നാണ്' ഈ ചിത്രം തെളിയിക്കുന്നത്.

റോയിയുടെ സഖാവും സഹജീവിയുമായ അനിതയിലൂടെയാണ് സിനിമ ആഖ്യാനം ചെയ്യപ്പെടുന്നത്. അനിത കാണുന്ന ജീവിതങ്ങളാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്ന്റെ കഥ. സ്ത്രീയുടെ കണ്ണിലൂടെ കാണുന്ന ജീവിതവും കഥയും മലയാളസിനിമയിൽ അത്രമേൽ സാധാരണമല്ല. അസാധാരണമാംവിധം പ്രജ്ഞയും ഊർജ്ജവും സമാഹരിക്കപ്പെടുന്നുണ്ട് അനിതയുടെ വ്യക്തിത്വത്തിൽ.

[BLURB#2-VL]ദൃശ്യകലയായ സിനിമയുടെ തിരക്കഥ അടുത്തകാലത്താണ് മലയാളത്തിൽ പുസ്തകരൂപത്തിൽ പ്രചാരം നേടുന്നത്. സിനിമയ്‌ക്കൊപ്പംതന്നെ തിരക്കഥകളും പുറത്തിറങ്ങുന്ന ഘട്ടത്തോളം അതെത്തി. സാഹിത്യകൃതിയെന്ന നിലയിൽ കണ്ടാലും ഇല്ലെങ്കിലും സിനിമയുടെ കാഴ്ചയെ പൂരിപ്പിക്കാൻ ഇവയ്ക്കു കഴിയും. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്ന്റെ തിരക്കഥയും ഭിന്നമല്ല. മലയാളിയുടെ ദാമ്പത്യജീവിതത്തിലെ കാപട്യങ്ങളെ അന്യാദൃശമാംവിധം ചലച്ചിത്രവൽക്കരിച്ച 'ഈ അടുത്ത കാലത്ത്' എന്ന രചനയും മുരളി ഗോപിയുടേതായിരുന്നു. ചെറുകഥ, തിരക്കഥാ രചനകളിൽ മുരളി മലയാളത്തിൽ തികച്ചും മൗലികതയുള്ള ഒരു പ്രതിഭയാണെന്നു തെളിയിക്കുന്നു ഈ രചനകൾ. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്ന്റെ തിരക്കഥയും ഭിന്നമല്ല. തിരക്കഥയുടെ സാങ്കേതികതകളിലും സംഭാഷണങ്ങളിലെ നാടകീയതയിലും സാഹിതീയതയിലും (സിനിമസാഹിതീയമാണോ എന്ന ചോദ്യം വേറെ) ദൃശ്യവൽക്കരണത്തിന്റെ സാധ്യതകളിലും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് മികച്ച ഒരു രചനതന്നെയാണ്.

കൈതേരി സഹദേവനെന്ന കഥാപാത്രത്തെ അയാളുടെ ശരീരഭാഷയിലും വാക്ഭാഷയിലും രൂപ്പെടുത്തുന്ന രീതിതന്നെയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്ന്റെ രാഷ്ട്രീയസ്വഭാവം ഉറപ്പിച്ചെടുക്കുന്നത്. ഈ സംഭാഷണം നോക്കുക : 

'സഹദേവൻ: നിനക്കിപ്പൂം പഴയ കടി മാറീറ്റില്ല, അല്ലേ...? ഈ വാർത്തയൊക്കെ വരും... പോവും.... അതു കൊടുത്തോൻ ഇനി വരില്ല... കേട്ടാ...? 11.30 തൊട്ട് 1.30 വരെ കൈതേരി സഹദേ വനെ താറടിക്കയാർന്ന് മ്മടെ ചാനൽകള്... ദാ..ഇപ്പം അത് മാറി...ഒരു പൊലീസുകാ രൻ ആരെയോ ബസ്സീന്നെറിഞ്ഞ് കൊന്നത്രേ... മലയാളരമ ചാനൽ ഒഴികെ ബാക്കി യെല്ലാം അതിന്റെ പൊറകെയാ... അത്രേ ഒള്ള് എല്ലാം... ഉറുമ്പ് ചത്താ വാർത്ത തവള ചാവും വരെ... തവള ചത്താ വാർത്ത പാമ്പ് ചാവും വരെ... പാമ്പ് ചത്താ വാർത്ത പരുന്ത് ചാവും വരെ... അത്രേയൊള്ള്... പിന്നെ, സഹദേവനെ പഠിപ്പാക്കാൻ നീ പണ്ടും നോക്കീറ്റ്ണ്ട്... സഖാവ് ജോസഫ് വർഗീസിനോട് എനക്ക് വല്യ ബഹുമാനാ.. അതു കൊണ്ട്... നിന്നെ തൊടൂല... ബാക്കിയാരെപ്പറ്റിയും ഒരൊറപ്പും തരൂല'.

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ ജനിതകവിത്തുകൾ വിതച്ച കർഷകസമരങ്ങളുടെയും തൊഴിൽസമരങ്ങളുടെയും കാമ്പസ് രാഷ്ട്രീയത്തിന്റെയുമൊക്കെ ചരിത്രഭൂതങ്ങളിൽനിന്ന് മുരളി സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയവിചാരണക്ക് അസാധാരണമായ കെട്ടുറപ്പുണ്ട്, ദൃശ്യചാരുതയുണ്ട്, കാലികപ്രസക്തിയുമുണ്ട്. കൈതേരി സഹദേവൻ മാത്രമല്ല, എസ്.ആറും റോയിയും സുരേഷും അലിയാരും അനിതയുമൊക്കെ സമീപകാല കേരളരാഷ്ട്രീയത്തിലെ ചില വ്യക്തിത്വങ്ങളെ ഓർമ്മയിലെത്തിക്കുന്നുവെന്നത് ഈ ചലച്ചിത്രത്തിന്റെ പരാജയമല്ല, ഒരാഖ്യാനകല മാത്രമാണ്. പ്രസ്ഥാനങ്ങളും വ്യക്തികളും എത്തിപ്പെടുന്ന നെറികേടുകളുടെ കെട്ടകാലത്തെയാണ് ഘഞഘ ചലച്ചിത്രവൽക്കരിക്കുന്നത്. കഥാകൃത്ത് കെ.എ. സെബാസ്റ്റ്യൻ പറഞ്ഞതുപോലെ അസാമാന്യമായ ഒരു ധൈര്യമാണ് ഘഞഘ. അത് കമ്യൂണിസത്തിന്റെ ഭൂതകാലങ്ങളിൽ ഊറ്റംകൊള്ളാതിരിക്കുന്നില്ല; നിണസാക്ഷ്യങ്ങളിൽ വിജ്യംഭിതമാകാതിരിക്കുന്നില്ല. അതേസമയം വിപര്യയങ്ങളിൽ നിശ്ശബ്ദമാകുന്നുമില്ല. അതുതന്നെയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്ന്റെ പ്രസക്തിയും.

Left Right Left
തിരക്കഥ
മുരളി ഗോപി
മാതൃഭൂമി ബുക്‌സ്, 2014
വില : 120 രൂപ

തിരക്കഥയിൽനിന്ന്

സഹദേവൻ : (കൂസലില്ലാതെ) ടാ... നീ... എന്റെ അച്ഛൻ ചാത്തൂനെപ്പറ്റി കേട്ടിറ്റ്ണ്ടാ..?
റോയി : ഉവ്വ്...
സഹദേവൻ : എനിക്കൊരു ഇളയപ്പൻ ഉണ്ടായിരുന്നു... അമ്പു... കേട്ടിറ്റ്ണ്ടാ...?
റോയി : (അക്ഷമനായി) ഉവ്വ്...കേട്ടിട്ടുണ്ട്....
സഹദേവൻ : ന്നാ... നീ കേക്കാത്തതും കുറേ ഇണ്ട്... ചാത്തൂന്റെ അച്ഛൻ രാമൻ... നായമ്മാരെ പറമ്പിലേം കണ്ടത്തിലേം എല്ലാ വെയിലും മഴീം കൊണ്ടോൻ.... രാമൻ പണിക്ക് പോകുമ്പം ചാത്തൂം അമ്പൂം കൂടെ ചെല്ലും... എന്തിന്...? ഉച്ചക്ക് കൊറച്ച് കുളുത്ത് കിട്ടും... എന്നാല് തെങ്ങിന് തടം വെട്ടുമ്പം ഒരു വേര് മുറിഞ്ഞാലോ, അല്ലെങ്കില് വരമ്പം കൊറച്ച് വളഞ്ഞാലോ നല്ല പുളിങ്കൊമ്പ് കൊണ്ട്‌ള്ള അടിയാ... അന്ന് ഉച്ചക്ക് കുളുത്തൂല്ല....അതാണെങ്കിലോ കണ്ടത്തിലോ പറമ്പിലോ ഏട്‌യാ പണീന്ന് വച്ചാ അതിനടത്തന്നെ മണ്ണില് ഒര് കുണ്ട് മാന്തണം... അതില് എലയിട്ട് ഇരുപത് അടി ദൂരെ മാറി നിക്കണം... മണ്ണില് കുത്തിയ കുണ്ടില് കോമ്പാള കൂട്ടിയ എലീല് തമ്പ്‌രാട്ടി കുളുത്ത് പാരും... വസൂരി വന്ന് രാമൻ ചത്തേരം ചാത്തൂന്റീം അമ്പൂന്റീം കണ്ണീന്ന് ഒര്റ്റ് കണ്ണീര് പോലും വന്നിറ്റില്ല... കാരണം, അന്ന് അവര്ക്ക് ചാരി പിടിച്ച് നിക്കാൻ ഓരന്നെ വരമ്പത്ത് കുയ്ച്ചിട്ട ഒര് ചെങ്കൊടിന്റെ കാല് ഇണ്ടായിര്ന്ന്...അന്ന് അയിനി അവരെ... അവരേളേ ഒയരം ഇണ്ടായ്റ്റൂ... ആ ചെങ്കൊടീന്റെ ബലത്തിലാ ചാത്തു റോഡിലിറങ്ങി നടുനീർത്തി നടന്നത്... ആ ചാത്തൂന്റേം അമ്പൂന്റേം ചോര കണ്ട് വളർന്നോനാടാ സഹദേവനും... സഹദേവന്റെ കാലായപ്പൊ ചെങ്കൊടീന്റെ കാല് വെല്തായി... രാമൻ കുണ്ട് മാന്തി, ചാത്തൂം അമ്പൂം ആട കൊടി നാട്ടി... സഹദേവൻ ആ കൊടി ഒയരത്തിലൊയരത്തില് പാറി കളിപ്പിക്കും....

സഹദേവന്റെ മക്കള് ഇംഗ്ലണ്ടില് പോയി പഠിക്കും, വളരും..ബൂർഷ്വേന തോപ്പിക്കാൻ ബൂർഷ്വ ആയിറ്റ് കാര്യൂല്ല... ബൂർഷ്വേന്റെ അച്ഛനാവണം..അല്ലാണ്ട് പറ്റൂല്ല....ഇത് എന്റെ തത്ത്വശാസ്ത്രം...ഇതനുസരിച്ചേ ഞാൻ നീങ്ങൂ... എന്റെ വയ്‌ക്കെങ്ങാനും ദാ ഇത് പോലെ വന്ന് നിന്നാല്...! പറത്തിക്കളയും ഞാൻ...
സഹദേവൻ പൈസക്കാരനാന്നും, പൈസക്കാര്‌ടെ കമ്യൂണിസ്റ്റാണെന്നും നീയും അന്റെ കൂടെള്ള നായിന്റെ മക്ക്‌ള്ണ്ടല്ലാ, ഓരും പറയും (തുപ്പി തുടച്ച്) ഒറ്റത്തവണ...പിന്നെ ഒരക്ഷരം മിണ്ടൂല...കണ്ണിക്കടുമാങ്ങേന്റെ വായ കെട്ടുംപോലെ കെട്ടും ഞാൻ ഓന്റെയൊക്കെ വായ...
പാർട്ടീന്റെ കൂടെ നിക്ക്ന്ന പാവങ്ങള മാത്രേ ഈ സഹദേവൻ എന്നും പാവായി കണക്ക്കൂട്ടീറ്റുള്ളൂ... ആ പാവങ്ങക്ക് വേണ്ടിയാ രാമന്റെ മോന്റെ മോൻ.... സഹദേവൻ....എന്നും നടക്ക്ന്നത്...
സോഡകുടിച്ച്, അതുകൊണ്ടുതന്നെ മുഖം കഴുകി തിരിച്ച് കടയിലേക്ക് നടക്കുന്ന സഹദേവൻ, തിരിഞ്ഞ്
: ..ടാ... നീയടക്കമുള്ള ആളുകൾക്ക് അന്നത്തീകുത്താൻ വെളമ്പിത്തര്ന്നത് ഞാനാണടാ... നീ ആതുരസേവനം നടത്താൻ പോവുന്ന അനാഥാലയും നിന്റെ ഡല്ലിക്കാരി ഭാര്യ പത്രമെഴുത്ത് ക്ലാസ്സെടുക്കുന്ന ആ കോളേജും ഒക്കെ നടത്താനുള്ള പൈസ എവ്ട്ന്നാടാ...? ചെമ്പാട ഡാം....ടർബൈൻ... ചുറ്റുമതിൽ...സംശയത്തിന്റെ ചൂണ്ടുവിരൽ...

റോയിയുടെ റിയാക്ഷൻ
റോയിയുടെ അടുത്തേക്കു വന്ന്,
: ...കാൽപന്തുകളി എനിക്ക് വല്യ ഇഷ്ടാ... ഇടത്കാലുകൊണ്ട് ഗോളടിക്കണമെങ്കില് വലതു കാലീനിന്നാലെ പറ്റൂ.. അതുകഴിഞ്ഞ് രണ്ടുകാലില് നടന്ന് വീടെത്തണോങ്കി Left Left Left എന്നല്ല Left Right Left എന്ന് പറഞ്ഞോണ്ടേ പോവാൻ പറ്റൂ...തനിക്കറിയാലോ അതങ്ങനെയല്ലാതെ വന്നാലുള്ള ബുദ്ധിമുട്ട്...!

റോയി : സഖാവിന്റെ തത്ത്വം കേൾക്കാനല്ല ഞാൻ വന്നത്.. പ്രസ്ഥാനത്തിന് വേണ്ടി ഞാൻ കൊടുത്തതിന്റേയും വാങ്ങിയതിന്റേയും കണക്കുപുസ്തകം കാണിക്കാനുമല്ല...അത് ചെയ്താ പിന്നെ സഖാവും ഞാനും തമ്മില് വെത്യാസമില്ലല്ലോ...
സഹദേവൻ കടക്കാരന് പൈസ കൊടുത്തു. അയാൾ താണുവീണ് തൊഴുതു. സഹദേവൻ തിരിച്ചുവന്നു.

സഹദേവൻ : നീ പണ്ട് എന്നോടൊരിക്കൽ കൊരുത്തീട്ട്ണ്ട്... നിന്നെ അന്നേ തീർക്കാമായിരുന്നു... അത് ഞാൻ ചെയ്യില്ല... നിന്റെ അച്ഛനോട് എനിക്ക് ബഹുമാനാ... അയാളെന്റെ കാർന്നോ രെപ്പോലെയായിരുന്നു, മണ്ടൻ... പക്ഷേ, ആണത്തമുള്ളവൻ.. ഇനി മേലാൽ ഇതുപോലെ കേറി വട്ടൂട്ട് നിക്കരുത്... കേട്ടാ...!
സഹദേവൻ കാറിനടുത്തേക്കു നീങ്ങി. കാറിൽ കയറി ഡോർ അടച്ചു. കാറിന്റെ നേരേ നടന്നുവരുന്ന റോയി. ഡോറിന്റെ വശത്ത് പിടിച്ച് തലകുനിച്ചു. സഹദേവൻ അവനെ നോക്കി. കാറിന്റെ വിൻഡോയിൽ തട്ടുന്ന റോയ്.
സഹദേവൻ ചില്ല് താഴ്‌ത്തി.

റോയി : സഖാവേ...പാർട്ടിക്ക് തോക്ക് ഉപയോഗിക്കാം... പക്ഷേ, തോക്ക് പാർട്ടിയെ ഉപയോ ഗിക്കാതെ നോക്കണം...

സഹദേവൻ ചിരിച്ചു.

റോയി : ഞാൻ പറഞ്ഞതല്ല... മാവോയുടെ വാക്കുകളാണ്...

സഹദേവൻ : ങും....

റോയി : സമാധാനവാദികളുടെ ഒരു വിപ്ലവം ആദ്യമുണ്ടാവും...അതു കേട്ടില്ലെന്നും കണ്ടി ല്ലെന്നും നടിച്ചാൽ പിന്നെ വരുന്നത് ഭ്രാന്തന്മാർ നയിക്കുന്ന വിപ്ലവമായിരിക്കും.

സഹദേവൻ : വാ... കേറിക്കോ...അപ്പുറത്തെ കവലയിലിറക്കാം.

റോയി : വേണ്ട...ഇടതുകാലിന് ശേഷിക്കുറവുണ്ട്. പക്ഷേ, നടക്കുമ്പോൾ ഇപ്പോളും അതി നാണ് ഊന്നൽ.
സഹദേവന്റെ കാർ മുന്നോട്ടു നീങ്ങി. ഒരു ബോർഡ് കടന്ന് മുന്നോട്ടു നീങ്ങുന്ന കാർ.
Kairali Multi speciality Hospital site - 2 K.M.
മുകളിൽനിന്നുള്ള ദൃശ്യം.
കാറുകൾ നീങ്ങി. റോയി റോഡിൽ
ഒറ്റയ്ക്കായി... പുൽപ്പരപ്പ്... കാർമേഘം.... മഴ...