ന്യൂഡൽഹി: സിപിഎമ്മിന്റെ തലമുതിർന്ന നേതാവായിരുന്ന ജോത്യ ബസുവിന് നേർക്ക് ഒരിക്കൽ വച്ചുനീട്ടിയ പ്രധാനമന്ത്രി പദം വേണ്ടെന്ന് വച്ചത് സംബന്ധിച്ചിടത്തോളം ചരിത്രപരമായ വിഡ്ഢിത്തമായിരുന്നു എന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. ഇക്കാര്യം തുറന്നു പിന്നീട് തുറന്നുപറഞ്ഞത് ജ്യോതി ബസു തന്നെയാണ്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോകാൻ കാരണമായത് ഈ തീരുമാനമാണെന്ന വിമർശനങ്ങളും പിന്നീട് ഉയർന്നിരുന്നു. ഇപ്പോൾ വീണ്ടുമിതാ വൈകിയ വേളയിൽ പാർട്ടി മറ്റൊരു കുമ്പസാരം കൂടി നടത്തിയിരിക്കുന്നു. ഇന്ത്യ-അമേരിക്ക ആണവകരാറിന്റെ പേരിൽ ഇടതുപാർട്ടികൾ യുപിഎ സർക്കാറിനുള്ള പിന്തുണ പിൻവലിക്കാൻ പാടില്ലായിരുന്നു എന്നാണ് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടത്. യുപിഎ സർക്കാറിനെ നിയന്ത്രിച്ച കടിഞ്ഞാണായിരുന്ന പാർട്ടിയെ പിന്നീട് വൻ തകർച്ചയിലേക്ക് നീക്കിവിട്ടതിൽ ഈ തീരുമാനത്തിനുള്ള പങ്കു കുറവല്ലെന്ന വിലയിരുത്തലിലാണ് സിപിഐ(എം) തങ്ങൾക്ക് പറ്റിയ തെറ്റിനെ കുറിച്ച് തുറന്നുപറഞ്ഞത്.

ആണവക്കരാറിനെ എതിർത്ത പാർട്ടി തീരുമാനം ശരിയായിരുന്നു. എന്നാൽ പിന്തുണ പിൻവലിക്കാൻ അത് ഒരു കാരണമാക്കരുതായിരുന്നുവെന്ന് പാർട്ടി തന്നെ വിലയിരുത്തിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പിന്തുണ പിൻവലിച്ച നടപടി തെറ്റിപ്പോയി എന്ന് പരോക്ഷമായി പറഞ്ഞത്. ആണവക്കരാർ വിഷയമാക്കി പിന്തുണ പിൻവലിച്ച ശേഷം അത് ജനത്തിന്റെ പ്രശ്‌നമാക്കി അവതരിപ്പിച്ച് വോട്ടാക്കി മാറ്റാൻ 2009 ലെ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കഴിഞ്ഞില്ല. ആണവക്കരാറിന് പകരം വിലക്കറ്റം പോലുള്ള പ്രശ്‌നങ്ങളുടെ പേരിലായിരുന്നു പിന്തുണ പിൻവലിക്കേണ്ടിയിരുന്നത്. ആണവക്കരാറിന്റെ പേരിൽ യു.പി.എയുമായുള്ള ബന്ധം വിച്ഛേദിച്ചതല്ലേ സിപിഐ(എം) ഉൾപ്പടെയുള്ള ഇടതുപക്ഷത്തിന്റെ തകർച്ചയ്ക്ക് കാരണമായതെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. നേരത്തെ എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിലും യെച്ചൂരി സമാനമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

അതേസമയം അമേരിക്കൻ താൽപ്പര്യം മുൻനിർത്തിയുള്ള ആണവകരാറിനെ എതിർക്കാനുള്ള പാർട്ടി തീരുമാനത്തിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. ആണവകരാറിനെ എതിർത്തതിൽ പാർട്ടിക്ക് യാതൊരു പശ്ചാത്താപവുമില്ല, എന്നാൽ പിന്തുണ പിൻവലിച്ചതിൽ മാത്രമാണ് പിഴവ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആണവക്കരാറുമായി മുന്നോട്ട് പോകാനുള്ള തീരുമാനം കൈക്കൊണ്ടതോടെ യു.പി.എ ഇടതുപക്ഷത്തെ കൈയൊഴിയുകയായിരുന്നു. യു.പി.എയുടെ പൊതുമിനിമം പരിപാടിയുടെ ഭാഗമായിരുന്നില്ല ആണവക്കരാർ. അമേരിക്കൻ താത്പര്യത്തിന് ഒപ്പം നിൽക്കാൻ ഇന്ത്യക്ക് അത്രമേൽ ശക്തമായ സമ്മർദമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

2009 ലെ പൊതു തിരഞ്ഞെടുപ്പ് വിലയിരുത്തിയ കേന്ദ്രകമ്മിറ്റി ഒന്നാം യു.പി.എ സർക്കാരിന് നൽകിവന്ന പിന്തുണ പിൻവലിച്ച പാർട്ടി നടപടി ശരിയായിരുന്നുവെന്ന് പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അമേരിക്കൻ സാമ്രാജ്യത്വവുമായി തന്ത്രപ്രധാനമായ കരാറിൽ ഏർപ്പെടുന്ന സർക്കാരിനെ പിന്തുണക്കേണ്ടതില്ല എന്നത് ബോധ്യത്തിന്റെ അടിസ്ഥാനത്തിലെടുത്ത തീരുമാനമായിരുന്നു എന്നായിരുന്നു മറുപടി. എന്നാൽ അത് ജനത്തെ ബോധ്യപ്പെടുത്താനോ അവരുടെ പിന്തുണ നേടാനോ പാർട്ടിക്ക് കഴിഞ്ഞില്ലായെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം ഭാവിൽ സിപിഎമ്മിനെ ശക്തിപ്പെടുത്താമെന്ന പ്രതീക്ഷയും യെച്ചൂരി പ്രകടിപ്പിച്ചു. ഭാവിയുടെ പാർട്ടിയെന്ന നിലയിൽ സിപിഐ(എം) വളർന്നു വരുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാശക്തി വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ ചർച്ചചെയ്യാൻ ഈ വർഷം പ്രത്യേക പ്ലീനം വിളിച്ചുചേർക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവിധ മുന്നണികളിലായി ചിതറിക്കിടക്കുന്ന ഇടതുകക്ഷികളെ ഒന്നിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. ഭൂമി ഏറ്റെടുക്കൽ ബിൽ പോലുള്ള വിഷയങ്ങളിൽ പാർലമെന്റിൽ കോൺഗ്രസുമായി യോജിച്ച് പ്രവർത്തിക്കാൻ തയാറാണ്. എന്നാൽ ദേശീയതലത്തിൽ കോൺഗ്രസുമായി ഒരു മുന്നണിയുടെ ഭാഗമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ആണവകരാറിന്റെ പേരിൽ പിന്തുണ പിൻവലിക്കാനുള്ള തീരുമാനം അന്നത്തെ പാർട്ടി സെക്രട്ടറിയായ പ്രകാശ് കാരാട്ടാണ് കൈക്കൊണ്ടത്. ഈ തീരുമാനത്തെ എതിർത്ത് അന്ന് സ്പീക്കറായിരുന്ന സോമനാഥ് ചാറ്റർജി നിലപാട് കൈക്കൊണ്ടു. ഇതിന്റെ പേരിൽ അദ്ദേഹത്തെ പാർട്ടി പുറത്താക്കുകയും ഉണ്ടായിട്ടുണ്ട്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സംഭവിച്ച വൻ പിഴവെന്ന വിധത്തിലാണ് ഈ വിഷയത്തെ പാർട്ടിക്കുള്ളിൽ നിന്നും പിൽക്കാലത്ത് വിലയിരുത്തിയത്.