ന്യൂഡൽഹി: നോട്ട് നിരോധനം അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ പ്രതിപക്ഷനിരയിൽ കടുത്ത അഭിപ്രായഭിന്നത. കേന്ദ്രസർക്കാരിനെതിരെ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് ചൊവ്വാഴ്ച വിളിച്ച യോഗത്തിൽ നിന്നു വിട്ടുനിൽക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. സിപിഐ(എം), സിപിഐ, ജെഡിയു, സമാജ്‌വാദി പാർട്ടി, ബിഎസ്‌പി, എൻസിപി തുടങ്ങി പതിനാറ് പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ പങ്കെടുക്കില്ല.

നേരത്തേ പാർലമെന്റ് സമ്മേളനം അവസാനിക്കുന്ന ദിവസം രാഷ്ട്രപതിഭവനിലേക്കു കോൺഗ്രസ് നടത്തിയ മാർച്ചിൽനിന്നും പ്രധാന പ്രതിപക്ഷ പാർട്ടികൾ വിട്ടുനിന്നിരുന്നു. മാർച്ചിനു മുമ്പ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കർഷകരുടെ പ്രശ്‌നങ്ങൾക്കു പരിഹാരം തേടാനായി കോൺഗ്രസ് നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പോയതാണ് ഇവരെ ചൊടിപ്പിച്ചത്. പ്രതിപക്ഷത്തെ മറ്റു പാർട്ടികളുമായി കൂടിയാലോചിക്കാതെയായിരുന്നു രാഹുലിന്റെ നടപടി. നോട്ടു നിരോധന വിഷയത്തിൽ പാർലമെന്റിലടക്കം ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷനിരയിൽ വിള്ളൽ വീഴ്‌ത്തുന്ന നടപടിയായിരുന്നു രാഹുലിന്റേത്.

ചൊവ്വാഴ്ചത്തെ യോഗത്തിൽ പ്രധാനമന്ത്രി മോദിക്കെതിരെ ഉയർത്തിയ ആരോപണവും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. എന്നാൽ, യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചിക്കാതെയാണ് യോഗം വിളിച്ചതെന്ന് യച്ചൂരി വ്യക്തമാക്കി.

എന്താണ് പരിപാടിയുടെ പൊതു അജണ്ടയെന്ന് അറിയില്ല. കാര്യങ്ങൾ ഞങ്ങളുമായി ചർച്ച ചെയ്തിട്ടില്ല. പിന്നെങ്ങനെയാണ് പരിപാടിയിൽ പങ്കെടുക്കുകയെന്ന് ജെഡിയു നേതാവ് കെ.സി. ത്യാഗി ചോദിച്ചു. യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കിയ നടപടി തെറ്റാണെന്ന കാര്യത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണ്. എന്നാൽ, മിക്ക പ്രതിപക്ഷ പാർട്ടിയും ചൊവ്വാഴ്ച കോൺഗ്രസ് വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നാണ് അറിയുന്നത്. അതിനാൽ തന്റെ പാർട്ടിയും പങ്കെടുക്കില്ലെന്ന് മുതിർന്ന എൻസിപി നേതാവ് ഡി.പി. ത്രിപാതി പറഞ്ഞു.

യോഗത്തിൽ താൻ പങ്കെടുക്കില്ലെന്ന് എസ്‌പി നേതാവ് നരേഷ് അഗർവാൾ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ മുലായം സിങ് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പങ്കെടുക്കില്ലെന്ന കാര്യം ബിഎസ്‌പി നേതാവ് മായാവതിയും വ്യക്തമാക്കി.

അതിനിടെ, കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാൻ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ഡൽഹിയിൽ എത്തി. തൃണമൂലിനെ കൂടാതെ ഡിഎംകെ, ആർജെഡി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. കോൺഗ്രസ് ആണ് തന്നെ ചർച്ചയ്ക്ക് ക്ഷണിച്ചതെന്നും എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കണ്ടറിയാമെന്നും മമത മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ചൊവ്വാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.