യരക്കൂടുതലിന്റെ പേരിൽ അധിക്ഷേപങ്ങളേറെ കേട്ടിട്ടുണണ്ട് എക്കാത്തറീന ലിസിന. അതിനെയൊക്കെ അതിജീവിച്ച് ലോകത്തേറ്റവും ഉയരമുള്ള മോഡലായി മാറുകയും റഷ്യൻ ബാസ്‌കറ്റ് ബോൾ ടീമിനൊപ്പം ഒളിമ്പിക് മെഡൽ നേടുകയും ചെയ്ത എക്കാത്തറീന മറ്റൊരു ചരിത്ര നേട്ടത്തിനരികിലാണ്. ലോകത്തേറ്റവും നീളമുള്ള കാലുകളുള്ള വനിത എന്ന ഗിന്നസ് റെക്കോഡാണ് അവർക്ക് സ്വന്തമായിരിക്കുന്നത്.

ആറടി ഒമ്പതിഞ്ച് ഉയരമുണ്ട് എക്കാത്തറീനയ്ക്ക്. ലോകത്തേറ്റവും ഉയരമുള്ള പ്രൊഫഷണൽ മോഡൽ എന്ന ഗിന്നസ് റെക്കോഡിന് പുറമെയാണ്, നീളമുള്ള കാലുകളുടെ റെക്കോഡും അവർക്ക് കിട്ടുന്നത്. എക്കാത്തറീനയുടെ ഇടത്തേക്കാലിന് 132.8 സെന്റീമീറ്ററും വലതുകാലിന് 132.2 സെന്റീമീറ്ററുമാണ് നീളം.

ഉയരക്കാരുടെ കുടുംബതത്തിൽനിന്നാണ് എക്കാത്തറീനയുടെ വരവ്. അച്ഛൻ ആറടി അഞ്ചിഞ്ചുകാരൻ. അമ്മയ്ക്ക് ആറടി ഒരിഞ്ച് പൊക്കം. സഹോദരൻ ആററി ആറിഞ്ച്. എല്ലാവരെക്കാളും തലപ്പൊക്കത്തിലാണ് എക്കാത്തറീനയുടെ നിൽപ്. 2008-ൽ ബെയ്ജിങ്ങിൽ നടന്ന ഒളിമ്പിക്‌സിലാണ് എക്കാത്തറീന ഉൾപ്പെട്ട റഷ്യൻ ബാസ്‌കറ്റ്‌ബോൾ ടീം വെങ്കലമെഡൽ നേടിയത്.

ചെറുപ്പത്തിൽ ഉയരക്കൂടുതലിന്റെ പേരിൽ ഒട്ടേറെ പരിഹാസങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ഉയരം എന്നും തന്റെ അഭിമാനം ഉയർത്തിയിട്ടേയുള്ളൂവെന്ന് എക്കാത്തറീന പറയുന്നു. രണ്ട് ഗിന്നസ് റെക്കോഡുകൾ സ്വന്തമായതിലും ഈ മോഡൽ ആഹ്ലാദവതിയാണ്. ഓരോ ദിവസവും തനിക്ക് കിട്ടുന്ന പിന്തുണയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും അവർ പറയുന്നു.