- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകൻ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു; അന്ത്യം വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് കൊൽക്കത്തയിൽ; വിടപറഞ്ഞത് അഞ്ച് തവണ ദേശിയപുരസ്കാര നിറവിലെത്തിയ സംവിധായകൻ

കൊൽക്കത്ത: വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും കവിയുമായ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു.77 വയസ്സായിരുന്നു. കൊൽക്കത്തയിലെ വസതിയിൽ ഇന്നു പുലർച്ചെ ആറിനായിരുന്നു അന്ത്യം. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.കുറച്ചു നാളായി ദക്ഷിണ കൊൽക്കത്തയിലെ വസതിയിലായിരുന്നു താമസം.
1980- 1990 കാലഘട്ടത്തിൽ ഗൗതം ഗോഷ്, അപർണ സെൻ എന്നിവർക്കൊപ്പം ബംഗാളിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ പതാകവാഹകനായിരുന്നു ബുദ്ധദേബ് ദാസ്ഗുപ്ത. അദ്ദേഹത്തിന്റെ പ്രതിഭയ്ക്കുള്ള അംഗീകാരമായി അഞ്ചുതവണയാണ് ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്.ബാഗ് ബഹാദൂർ (1989), ചരച്ചാർ (1993), ലാൽ ദർജ (1997), മോണ്ടോ മേയർ ഉപാഖ്യാൻ (2002), കൽപുരുഷ് (2008) എന്നിവയ്ക്കാണ് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ഉത്തര(2000), സ്വപ്‌നെർ ദിൻ(2005) എന്നീ ചലച്ചിത്രങ്ങളിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും ബുദ്ധദേബിനെ തേടിയെത്തി.
ഇന്ത്യക്ക് പുറത്തും ബുദ്ധദേവ് ഇന്ത്യൻ സിനിമയുടെ പേര് പതിപ്പിച്ചു.2008 ൽ സ്‌പെയ്ൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആജീവനാന്ത സംഭാവനകൾക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ1988ലും 1994ലും ബെർലിൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ബെർലിൻ ബെയർ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
സംവിധായകന് പുറമെ മികച്ചൊരു എഴുത്തുകാരൻ കൂടിയായിരുന്നു ബുദ്ധദേവ്.മികച്ച ഒരു കവി കൂടിയായ ബുദ്ധദേബ് നിരവധി കവിതാസമാഹാകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.സ്യൂട്ട്‌കേസ്, ഹിംജോഗ്, കോഫിൻ കിംബ, ചാത്ത കഹിനി, റോബോട്ടർ ഗാൻ, ശ്രെഷ്ഠ കബിത, ഭോമ്പോലെർ ആശ്ചര്യ കാഹിനി ഒ അനന്യ കബിത തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കവിതകൾ.ഏറെ നാളായി അദ്ദേഹത്തിന് വൃക്കസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും ഡയാലിസിസിന് വിധേയനായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു.


