കൊൽകത്ത : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഫുട്‌ബോൾ ഇതിഹാസം പെലെ കൊൽക്കത്തയിലെത്തി. കാൽപന്തു കളിയിലെ മാന്ത്രികന് ആരാധകർ ഊഷ്മള വരവേൽപ്പ് നൽകി. ചൊവ്വാഴ്‌ച്ച സാൾട്ട് ലെയ്ക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന അത്‌ലറ്റികോ ദി കൊൽക്കത്തയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള മത്സരത്തിൽ പെലെ മുഖ്യാതിഥിയാകും. കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം ഉടമ സച്ചിൻ ടെണ്ടുൽക്കറും കളി കാണാൻ കൊൽക്കത്തയിലെത്തുമെന്നാണു സൂചന. അങ്ങനെയെങ്കിൽ ക്രിക്കറ്റ് ഇതിഹാസവും ഫുട്‌ബോൾ ഇതിഹാസവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും സാൾട്ട് ലെയ്ക്ക് വേദിയാവും.

ഇന്ന് അദ്ദേഹം താജ് ബംഗാൾ ഹോട്ടലിൽ വിശ്രമിക്കും. തിങ്കളാഴ്ച രാവിലെ മാദ്ധ്യമങ്ങളെ കാണും. തുർന്ന് വിദ്യാർത്ഥികളുമായി മുഖാമുഖം. വൈകീട്ട് അദ്ദേഹം 1977 ൽ മോഹൻ ബഗാനെതിരെ ന്യൂയോർക് കോസ്‌മോസിനുവേണ്ടി പ്രദർശന മത്സരം കളിച്ച ഈഡൻ ഗാർഡൻസ് സ്റ്റേഡിയം സന്ദർശിക്കും.

ഒക്ടോബർ 23ന് 75ാം ജന്മദിനം ആഘോഷിക്കുന്ന പെലെയ്ക്ക് ഇന്ത്യൻ ഫുട്‌ബോളിന്റെ പ്രത്യേക സമ്മാനമൊരുക്കിയിട്ടുണ്ട്. തിങ്കളാഴ്‌ച്ച നേതാജി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന പിരപാടിയിൽ പെലെയ്ക്കായി എആർ റഹ്മാൻ ജന്മദിന ആശംസാഗാനം ആലപിക്കും. കൊൽക്കത്തയുടെ സ്വന്തം സൗരവ് ഗാംഗുലി നയിക്കുന്ന ടോക്ക് ഷോയിൽ മുഖ്യമന്ത്രി മമതാ ബാനർജിയും പെലെയ്ക്ക് ആശംസ നേരാനെത്തും.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിന് ശേഷം ബംഗാൾ ദുരിതാശ്വാസ നിധിക്കു പണം സമാഹരിക്കാൻ സംഘടിപ്പിക്കുന്ന അത്താഴവിരുന്നിലും പങ്കെടുത്ത ശേഷം പെലെ ന്യൂഡൽഹിയിലേക്കു പോകും.