കോട്ടയം: എവിടെപ്പോയാലും മകൾ ഒപ്പമുണ്ടാവും. സ്‌കൂട്ടറിൽ മകളുമൊത്തു യാത്രകളും പതിവ്. ബന്ധുക്കളെയും സ്വന്തക്കാരെയും വീടിന്റെ പരിസരത്തുപോലും അടുപ്പിക്കാറില്ല. അയൽവാസികളുമായുള്ള കൂടിക്കാഴ്ചകളും സംസാരവും നാമമാത്രം. വീട്ടിലെ വിവരങ്ങൾ കുടംബക്കാർ അറിഞ്ഞിരുന്നത് വിദേശത്തുള്ള ഭർത്താവുമായുള്ള ഫോൺ വിളികളിലൂടെ.

മുണ്ടക്കയം കൂട്ടിക്കലിൽ മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ ആത്മഹത്യക്കു ശ്രമിച്ച പായിപ്പാട് സ്വദേശിനി ലൈജീനയുടെ സ്വഭാവസവിശേതകളെക്കുറിച്ച് അയൽവാസികൾ പൊലീസിന് നൽകിയ വിവരം ഇങ്ങിനെ. കൂട്ടിക്കൽ കണ്ടത്തിൽ ഷമീറാണ് ലൈജീനയുടെ ഭർത്താവ്. ഇയാൾ വിദേശത്ത് ജോലി ചെയ്തുവരികയാണ്.

തറവാട്ടുവീട്ടിൽ നിന്നും കഷ്ടി 100 മീറ്റർ മാറിയാണ് ഷെമീർ സ്വന്തമായി വീടുവച്ചിരുന്നത്. ഈ വീടിനോട് ചേർന്നുള്ള കിണറ്റിൽ അകപ്പെട്ട നിലയിൽ ഇന്ന് പുലർച്ചെ 4 മണിയോടെ ലൈജീനയെ കണ്ടെത്തിയത്.
കിണറ്റിൽ നിന്നും നിലവിളികേട്ട് സംശയം തോന്നിയ അയൽവീട്ടുകാർ ഷെമീറിന്റെ വീട്ടിലെത്തി വിവരം അറിയിക്കുകയിരുന്നു.

ഉടൻ ഷെമീറിന്റെ ഉമ്മയും അടുത്തബന്ധുക്കളുമുൾപ്പെടെ ഏതാനും പേരെത്തി കിണറിൽ പരിശോധിച്ചപ്പോൾ തലയ്ക്കുതാഴെ വെള്ളത്തിൽ നിൽക്കുന്ന നിലയിൽ ലൈജീനയെ കണ്ടെത്തി. മകളെ അന്വേഷിച്ചപ്പോൾ അവളെ ഞാൻ കൊന്നു എന്നായിരുന്നു ഇവരുടെ മറുപടി. അന്തിച്ചുപോയ ഷെമീറിന്റെ ഉറ്റവർ നിലവിളിയോടെ വീട്ടിലെത്തി പരിശോധിച്ചപ്പോൾ കിടപ്പുമുറിയിൽ നിലത്ത് ഷാൾ കഴുത്തിൽ ചുറ്റിയ നിലയിൽ 12 കാരിയായ ഷംനയെ കണ്ടെത്തുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മുണ്ടക്കയം എസ് ഐ മുരളീധരനോടും മകളെകൊലപ്പെടുത്തിയ വിവരം ലൈജീന സമ്മതിച്ചിരുന്നു. ഏകദേശം 7 മീറ്റർ ആഴമുണ്ടായിരുന്ന കിണറ്റിൽ ഇവരുടെ കഴുത്തറ്റം വെള്ളമെയുണ്ടായിരുന്നുള്ളു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം നെറ്റ് ഉപയോഗിച്ച് ഇവരെ കരയ്ക്കെത്തിക്കുകയായിരുന്നു.

തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ ഇവർ അമിതമായ അളവിൽ ഗുളിക കഴിച്ചിട്ടുള്ളതായി രക്ഷാപ്രവർത്തനത്തിനെത്തിയവർക്ക് ബോദ്ധ്യമായി. തുടർന്ന് ലൈജീനയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധചികത്സയ്ക്കായി വിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. അപകടനില തരണം ചെയ്തതായിട്ടാണ് പൊലീസിന് ലഭിച്ചിട്ടുള്ള പ്രാഥമീക വിവരം.

ഭർത്താവുമായി നല്ലബന്ധമാണ് ഉണ്ടായിരുന്നതെന്നും ഇന്നലെ രാത്രിയും തങ്ങൾ തമ്മിൽ സംസാരിച്ചിരുന്നതായും ലൈജീന പൊലീസിൽ വെളിപ്പെടുത്തിയിട്ടുണ്ട്. മകളെ കൊല്ലാനും ആത്മഹത്യചെയ്യാനും തീരുമാനിച്ചതിന് പിന്നിലെ കാരണം ലൈജീനയിൽ നിന്നും അറിയുന്നതിന് ശ്രമിച്ചുവരികയാണെന്നും വീട്ടിൽ നിന്നും കണ്ടെത്തിയ ആത്മഹത്യകുറുപ്പിലെ വിവരങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പൊതുവെ ലൈജീന ആരുമായും കാര്യമായ അടുപ്പം സൂക്ഷിച്ചിരുന്നില്ലന്നാണ് ബന്ധുക്കളിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. മകളുമായി സ്‌കൂട്ടറിൽ പുറത്തുപോകുന്നതിന് മാത്രമാണ് ഇവർ വീട്ടിൽ നിന്നും പുറത്തിറങ്ങാറുള്ളതെന്നാണ് അയൽവാസികൾ പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്. ലൈജീന കുറച്ചുകാലമായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നുള്ള സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.