യുകെ മലയാളി കുടിയേറ്റ ചരിത്രത്തിൽ ഏറെ പ്രാധാന്യം വഹിക്കുന്ന, ദേശീയ തലത്തിൽ പിറന്നുവീണ പല മലയാളി സംഘടയുടെയും ഈറ്റില്ലമായ ലെസ്റ്ററിലെ മലയാളികളുടെ ഏക കൂട്ടായ്മയായ കേരളാ കമ്മ്യുണിറ്റിയുടെ 2018 - 2019 വർഷത്തെ ഭരണ സമിതിയെ വാർഷിക പൊതുസമ്മേളനത്തിൽ വച്ച് തീരഞ്ഞെടുത്തു. വനിതകൾക്കും യുവാക്കൾക്കും പുതുമുഖങ്ങൾക്കും ഒപ്പം പരിചയ സമ്പന്നതക്കും മുഗണന നൽകിയാണ് ലെസ്റ്റർ കേരളാ കമ്മ്യുണിറ്റിയുടെ പതിമൂന്നാം വർഷത്തെ ഇരുപത് അംഗ പ്രവർത്തകസമിതി നിലവിൽ വന്നിരിക്കുന്നത്.

പ്രസിഡന്റ്: ബിൻസി ജെയിംസ്, സെക്രട്ടറി: ടെൽസ്‌മോൻ തോമസ്, ട്രഷറാർ: ബിനു ശ്രീധരൻ, വൈസ് പ്രസിഡന്റ്മാർ: അനീഷ് ജോൺ, അശോക് കൃഷ്ണൻ, ജോയിന്റ് സെക്രട്ടറിമാർ: എബി പള്ളിക്കര, റോസ്‌മേരി സഞ്ജു, ആർട്ട്‌സ് കോഡിനേറ്റേഴ്‌സ്: ദിലീപ് ചാക്കോ, ബാലു പിള്ള, സ്പോർട്സ് കോഡിനേറ്റേഴ്‌സ്: കിരൺ നായർ, ജ്യോതിസ് ഷെറിൻ, ചാരിറ്റി: ബെന്നി പോൾ, മായ ഉണ്ണി, ഇൻവെന്റ്ററി ടീം: ബിനു ശ്രീധരൻ, ലൂയിസ് കെന്നഡി, വർഗീസ് വർക്കി. ഇവരെ കൂടാതെ അജയ് പെരുമ്പലത്ത്, ധനിക് പ്രകാശ്, ജോസ് തോമസ്, ജോർജ് എടത്വ തുടങ്ങിയവർ എക്‌സിക്യുട്ടിവ് കമ്മറ്റിയിൽ അംഗങ്ങൾ ആയിരിക്കും.

ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂയർ കുടുംബ സംഗമം ശിശിരോത്സവം എന്ന പേരിൽ ബ്രോൺസ്റ്റൻ വെസ്റ്റ് സോഷ്യൽ സെന്ററിൽ വച്ച് നടന്നു. ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് കരോളിൽ സമാഹരിച്ച തുക കോട്ടയം മെഡിക്കൽ കോളജിൽ അന്നദാനം നടത്തുന്ന നവജീവൻ ട്രസ്റ്റിനു കൈമാറി. ലെസ്റ്ററിലെ സ്വന്തം കലാകാരന്മാരുടെ ഓർക്കസ്ട്രയായ ലെസ്റ്റർ ലൈവ് കലാസമിതിയുടെ ലൈവ് ഗാനമേളയും ലെസ്റ്ററിലെ മലയാളി വീട്ടമ്മമാരുടെ ചാരിറ്റി സംഘടനയായ ഏഞ്ചൽ ചാരിറ്റിയുടെ വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കൾ നിറഞ്ഞ ഫുഡ് കൗണ്ടറുകളും ശിശിരോത്സവം - 2018നെ വേറിട്ടതാക്കി.