കോട്ടയം: ഓരോ സിനിമാ ലൊക്കേഷനിലും സിറ്റിങ് ജഡ്ജ് ഉൾപ്പെടുന്ന സ്ത്രീപീഡനവിരുദ്ധ സെൽ നടപ്പിലാക്കുന്നതിനോട് വിയോജിപ്പുണ്ടെന്ന് നടി ലക്ഷ്മിപ്രിയ. കലാനിലയത്തിന്റെ 'ഹിഡിംബി' നാടകം അവതരിപ്പിക്കുന്നതിന് മുന്നോടിയായി കോട്ടയത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

സിനിമയിലെന്നല്ല ഏതു മേഖലയിലും സ്ത്രീകൾക്ക് ഇത്തരം സെൽ മാനസിക ബുദ്ധിമുട്ടുണ്ടാക്കും. സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ 'വിമെൻ ഇൻ സിനിമാ കളക്ടീവി'നെക്കുറിച്ച് നടിമാരിൽ പലർക്കും അറിയില്ലെന്നും അവർ പറഞ്ഞു.

ഇതേക്കുറിച്ച് ടി.വിയിലും ഫെയ്സ് ബുക്കിലും വന്നതിൽ കൂടുതലൊന്നും അറിയില്ല. ഇപ്പോൾ ടി.വിയിലും മറ്റും കാണുന്ന പത്തോ ഇരുപതോ പേർ മാത്രമാണ് സംഘടനയിലുള്ളത്. അതിന്റെ ഉദ്ദേശ്യശുദ്ധിയെന്തെന്ന് അറിയില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

അമ്മയുടെ ജനറൽബോഡി യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ ഉണ്ടായ ബഹളം ബോധപൂർവമായിരുന്നില്ല. സമ്മേളനത്തിന്റെ ആദ്യ ഒരുമണിക്കൂർ നടി ആക്രമിക്കപ്പെട്ട സംഭവം ചർച്ചെചയ്തിരുന്നു. ശേഷമായിരുന്നു പത്രസമ്മേളനം. ജയിലിലായ പ്രതിക്കൊപ്പമാണോ നിങ്ങൾ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് മുകേഷേട്ടൻ രോഷാകുലനായത്. ജയിലാണെങ്കിൽ പിന്നെങ്ങനെ അയാൾ ഇവിടെയിരിക്കുമെന്ന് ചോദിച്ചു. അല്ലാതെ മോശമായി പെരുമാറിയിട്ടില്ല.

സിനിമയിൽനിന്ന് തനിക്ക് മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. അർഹിക്കുന്ന വേതനം കിട്ടുന്നുണ്ടെങ്കിലും പ്രതിഫലം കിട്ടുന്ന കാര്യത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. തൊടുപുഴയിൽ ഒരു സിനിമയുടെ ഷൂട്ടിങ് വെളുപ്പിന് ഒരുമണിവരെ നീണ്ടു. ബാക്കി പ്രതിഫലം തരാതെ സിനിമാസംഘം മുങ്ങി.

പിറ്റേദിവസം ഒരുപാട് കഷ്ടപ്പെട്ടാണ് മറ്റൊരു സിനിമയുടെ ലൊക്കേഷനിലെത്തിയത്. സിനിമയുടെ കുറച്ചു ഭാഗംകൂടി ചിത്രീകരിക്കാനുണ്ടായിരുന്നു. അതിനാൽ അവർ വീണ്ടും വന്നുകണ്ട് പ്രതിഫലം തന്നു. ബാക്കി ഭാഗം ചിത്രീകരിക്കാനില്ലായിരുന്നെങ്കിൽ പണം തരാതെ പറ്റിക്കുമായിരുന്നു- ലക്ഷ്മിപ്രിയ പറഞ്ഞു.