മാനന്തവാടി: കാടിനെ സ്‌നേഹിച്ചിരുന്ന തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലെ ലക്ഷ്മി അവ്വ (80) ഇനി ഓർമ. കാടിനെയും വന്യമൃഗങ്ങളെയും സ്നേഹിച്ച് കാട്ടിനുള്ളിലായിരുന്നു ലക്ഷ്മി അവ്വയുടെ താമസം. കാട്ടാനകളും മാനും കാട്ടുപോത്തും വിഹരിക്കുന്ന വനത്തിൽ താമസിച്ച ലക്ഷ്മി അവ്വയെ ഒരു വന്യമൃഗം പോലും ആക്രമിച്ചിരുന്നില്ല. അത്രയും പ്രകൃതിയുമായി അടുത്ത് നിന്ന വ്യക്തിത്വമായിരുന്നു അവർ.

40-വർഷത്തോളം പനവല്ലി കോട്ടപ്പടിയിൽ വനത്തിനുള്ളിലായിരുന്നു താമസിച്ചിരുന്നത്. ഭർത്താവ് മരിച്ചതിനുശേഷം 20 വർഷത്തോളം വനത്തിനുള്ളിലെ വീട്ടിൽ ലക്ഷ്മി അവ്വ ഒറ്റയ്ക്കായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് ലക്ഷ്മി അവ്വ മരിച്ചത്. വനത്തോടും വന്യജീവികളോടും സംവദിച്ചായിരുന്നു ഏറെക്കാലമായി അവർ കാടിനുള്ളിൽ കഴിഞ്ഞത്. ഇവരെ കാട്ടിനുള്ളിൽ നിന്ന് മാറ്റി പാർപ്പിക്കാൻ വനംവകുപ്പ് ഏറെ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

2010-ൽ ആനത്താര പദ്ധതിയുടെ ഭാഗമായി പനവല്ലി ഗവ. എൽ.പി. സ്‌കൂളിന് സമീപം അര ഏക്കർ കൃഷിഭൂമി വാങ്ങി വീട് നിർമ്മിച്ച് നൽകുകയും ചെയ്തു. ചെലവിനായി ഒരു ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏഴു വർഷമായി ഇവർ ഈ വീട്ടിലാണ് താമസിച്ചിരുന്നത്. ലക്ഷ്മി അവ്വയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.