കൊച്ചി: എവർഗ്രീൻ ആക്ഷൻ ത്രില്ലർ ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗം ലേലം 2 അടുത്ത വർഷം ഫെബ്രുവരി അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കും. സംവിധായകൻ നിതിൻ രൺജി പണിക്കരാണ് ഇക്കാര്യം അറിയിച്ചത്. നിതിന്റെ അച്ഛൻ രൺജി പണിക്കരാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

രണ്ട് അബ്കാരി കുടുംബങ്ങൾ തമ്മിലുള്ള പകയായിരുന്നു ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ഇതിവൃത്തം. ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന മദ്യരാജാവിന്റെ വേഷം എം.ജി. സോമൻ അവതരിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൻ ഇരട്ടച്ചങ്കൻ ആനക്കാട്ടിൽ ചാക്കോച്ചി എന്ന കഥാപാത്രത്തെയായിരുന്നു സുരേഷ് ഗോപി അവതരിപ്പിച്ചത്.

എൻ.എഫ്. വർഗീസ്, സ്ഫടികം ജോർജ്, കൊച്ചിൻ ഹനീഫ തുടങ്ങിയവരായിരുന്നു പ്രതിനായകവേഷങ്ങളിലെത്തിയത്. നന്ദിനിയായിരുന്നു ചിത്രത്തിലെ നായിക. ജോഷി സംവിധാനം ചെയ്ത ലേലത്തിന് തിരക്കഥ ഒരുക്കിയതും രൺജി പണിക്കരായിരുന്നു.