കൊച്ചി: സുരേഷ് ഗോപിയുടെ സൂപ്പർഹിറ്റ് ആക്ഷൻ ചിത്രങ്ങളിലൊന്നായ ലേലത്തിലെ ആനക്കാട്ടിൽ ചാക്കോച്ചി എന്ന കഥാപാത്രം പുനർജനിക്കുന്നു. 1997 ൽ രൺജി പണിക്കർ തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ലേലം എന്ന ചിത്രത്തിന് മലയാളികൾക്കിടയിലുണ്ടാക്കിയ ഓളം തിരിച്ചുപിടിക്കാനൊരുങ്ങിയാണ് രണ്ടാംഭാഗം വരുന്നത്. രൺജി പണിക്കരുടെ മകൻ നിതിൻ രൺജി പണിക്കരാണ് ലേലത്തിന്റെ രണ്ടാംഭാഗം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ ആനക്കാട്ടിൽ ചാക്കോച്ചിയും അപ്പൻ ആനക്കാട്ടിൽ ഈപ്പച്ചനുമായി സുരേഷ് ഗോപിയും സോമനും ജീവിക്കുക തന്നെയായിരുന്നു. ഇരുവരുടെയും തീപ്പൊരി ഡയലോഗുകൾ മുഴുവൻ പ്രേക്ഷകർക്ക് ഇന്നും കാണാപ്പാഠമാണ്. 'ശരിയാ തീരുമേനി, ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല' എന്നുള്ള എവർഗ്രീൻ ഹിറ്റ് ഡയലോഗും ഇർറവറൻസ് പ്രയോഗവും എല്ലാം ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. ഈപ്പച്ചനായി ഒരു വേള നായകനേക്കാളും മുമ്പിൽ നിന്ന് മികച്ച അഭിനയം കാഴ്ചവച്ച സോമന്റെ സാന്നിധ്യം ലേലത്തിന്റെ വിജയത്തിൽ നിർണായകമായിരുന്നു. അതിനെ മറികടക്കുന്നൊരു കാരക്ടർ വേഷം ലേലം രണ്ടാംഭാഗത്തിലും ഉണ്ടോയെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.

സുരേഷ് ഗോപി എന്ന താരത്തിന്റെ പ്രേക്ഷക പ്രീതി വർധിപ്പിച്ച ലേലത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ആനക്കാട്ടിൽ ചാക്കോച്ചിയെ തിരികെ കൊണ്ടു വരാനൊരുങ്ങുകയാണ് നിതിൻ രൺജി പണിക്കർ. രൺജി പണിക്കരുടേത് തന്നെയാണ് തിരക്കഥ. എംപി സ്ഥാനമേറ്റെടുത്ത ശേഷം സിനിമകളിൽ സജീവമല്ലാത്ത സുരേഷ്ഗോപി ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് ലേലം 2വിലൂടെ.

ആനകാട്ടിൽ ചാക്കോച്ചിയായി ലേലം രണ്ടാം ഭാഗം 2018ൽ തന്നെ തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയുടെ തിരക്കഥ പൂർത്തിയായിട്ടില്ലെന്നും അതിനു ശേഷം മാത്രമേ മറ്റു അഭിനേതാക്കൾ ആരൊക്കെയാണെന്ന് തീരുമാനിക്കൂവെന്നും നിതിൻ വ്യക്തമാക്കി. മമ്മുട്ടിയുടെ കസബയാണ് നിതിൻ രഞ്ജിപണിക്കരുടെ ആദ്യ സിനിമ.

ഇടക്കാലത്ത് സിനിമയിൽ മങ്ങി നിന്ന സുരേഷ് ഗോപിക്ക് തിരിച്ചു വരവിന് വഴിയൊരുക്കിയ സിനിമയാണ് 2005 ൽ പുറത്തിറങ്ങിയ ഭഗത് ചന്ദ്രൻ ഐപിഎസ് എന്ന രഞ്ജി പണിക്കർ ചിത്രം. 1994 ൽ രഞ്ജിപണിക്കർ തന്നെ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗം അന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്തതും, നിർമ്മിച്ചതും രഞ്ജിപണിക്കർ തന്നെയാണ്. ഭഗത് ചന്ദ്രൻ അന്ന് സൂപ്പർഹിറ്റായിരുന്നു.