കൊച്ചി: ലേലം 2 വിൽ ആനക്കാട്ടിൽ ചാക്കോച്ചിയായി മോഹൻലാൽ എത്തുന്നു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സംവിധായകൻ അറിയിച്ചു. 21 വർഷം മുമ്പ് ആനക്കാട്ടിൽ ചാക്കോച്ചിയായി എത്തിയ സുരേഷ് ഗോപി തന്നെയാണ് ലേലം 2വിലും പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മാധ്യമങ്ങൾവഴി പുറത്തു വന്ന വാർത്തകൾ മൊബൈൽ വഴി പലരും അയച്ചു തന്നപ്പോഴാണ് തന്റെ ചിത്രത്തിലെ നായകൻ മാറിയ വിവരം സംവിധായകനും അറിയുന്നത്. ചാക്കോച്ചിയെ മാറ്റുക എന്നത് താൻ ചിന്തിച്ചിട്ടുപോലുമില്ല എന്ന് നിതിൻ ഒരു മാധ്യമത്തോട് പറഞ്ഞു.

ആരാണ് ഇത്തരം വാർത്തകൾ പടച്ചു വിടുന്നതെന്ന് അറിയില്ലഎന്നും, ചാക്കോച്ചി എന്ന കഥാപാത്രമായി സുരേഷ് ഗോപി എന്ന നടനെയല്ലാതെ വേറെ ഒരാളെ പോലും ഇതുവരെ താനോ തിരക്കഥാകൃത്തായ തന്റെ അച്ഛൻ രൺജി പണിക്കരോ ആലോചിച്ചുപോലും നോക്കിയിട്ടില്ല എന്നും നിതിൻ പറയുന്നു.

ഏപ്രിൽ മാസത്തോടെ ഔദ്യോഗികമായ തിരക്കുകൾ മാറ്റി വച്ച് സുരേഷ് ഗോപി ലേലം രണ്ട് ആരംഭിക്കുമെന്നാണ് നിതിന്റെ വാക്കുകൾ.'കസബ'യ്ക്ക് ശേഷം നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് ലേലം 2. രഞ്ജി പണിക്കർ എന്റർടൈന്മെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം രഞ്ജി പണിക്കർ തന്നെയാണ് എഴുതുന്നത്. അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത് നിൽക്കുന്ന സുരേഷ് ഗോപിയുടെ വൻ തിരിച്ച് വരവാണ് ലേലം 2 വിലൂടെ പ്രതീക്ഷിക്കുന്നത്.